സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. യു.പി.എസ്‌.സിയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചത്. സിവിൽ സർവീസസ് (മെയിൻ) പരീക്ഷക്കും ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (മെയിൻ) പരീക്ഷക്കും പ്രവേശനം നേടിയ ഉദ്യോഗാർഥികളുടെ ഫലമാണ് പുറത്തുവിട്ടത്.

ഈ വര്‍ഷം 979 ഒഴിവുകളിലേക്കാണ് യു.പി.എസ്‌.സി സിവില്‍ സര്‍വീസ് പരീക്ഷ നടത്തിയത്. പത്ത് ലക്ഷത്തിലേറെ പേരാണ് ഇത്തവണ പ്രിലിമിനറി പരീക്ഷ എഴുതിയത്. മേയ് 25 നാണ് പ്രിലിമിനറി പരീക്ഷ നടന്നത്. രണ്ട് മണിക്കൂർ നീണ്ടു നിന്ന പരീക്ഷ 200 മാർക്കിലായിരുന്നു. രണ്ട് ഒബ്ജക്റ്റീവ് - ടൈപ്പ് പേപ്പറുകൾ (MCQ) ഉണ്ടായിരുന്നു. ഓരോ തെറ്റ് ഉത്തരത്തിലും മൂന്നിലൊന്ന് മാർക്ക് നഷ്ടമാകുന്ന രീതിയിലാണ് ഇത്തവണ നെഗറ്റീവ് മാർക്ക് ഏർപ്പെടുത്തിയിരുന്നത്.

പ്രിലിമിനറി പരീക്ഷ പാസായ ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ് 22 മുതൽ ആരംഭിക്കുന്ന മെയിൻസ് പരീക്ഷയിൽ പങ്കെടുക്കാൻ അർഹതയുണ്ട്. സിവിൽ സർവീസസ് പരീക്ഷ പ്രിലിമിനറി പരീക്ഷ എഴുതിയ ഉദ്യോഗാർഥികൾക്ക് upsc.gov.in എന്ന ഔദ്യോഗിക സൈറ്റിൽ പ്രവേശിച്ച് ഫലം പരിശോധിക്കാൻ സാധിക്കും. upsconline.nic.in എന്ന സൈറ്റിലൂടെയും പരീക്ഷാ ഫലം പരിശോധിക്കാവുന്നതാണ്. വിശദമായ വിവരങ്ങൾ ഔദ്യോഗിക സൈറ്റിൽ നിന്ന് ലഭ്യമാണ്.

സിവിൽ, ഫോറസ്റ്റ് സർവീസസ് മെയിൻ പരീക്ഷക്കായി ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർഥികൾ 2025ലെ സിവിൽ സർവീസസ് മെയിൻ പരീക്ഷാ ഘട്ടത്തിലേക്ക് ഇനി കടക്കും. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ലക്ഷ്യമിടുന്നവരെ ഇതേ പ്രാഥമിക സ്ക്രീനിങ്ങിലൂടെ തെരഞ്ഞെടുക്കുകയും അതനുസരിച്ച് ഷോർട്ട്‌ലിസ്റ്റ് ചെയ്യുകയും ചെയ്യുന്നതാണ് രീതി. 2024 ലെ യു.പി.എസ്‌.സി പ്രിലിമിനറി ഫലത്തിൽ ജനറൽ വിഭാഗത്തിന്റെ മൊത്തത്തിലുള്ള കട്ട്-ഓഫ് 87.98 ആയിരുന്നു. അതേസമയം ഒ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളുടെ കട്ട്-ഓഫ് യഥാക്രമം 87.28 ഉം 85.92 ഉം ആയിരുന്നു.

Tags:    
News Summary - Civil Service Preliminary Examination Results Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.