ന്യൂഡൽഹി: ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ള ഗവേഷകർക്ക് ലഭിച്ചിരുന്ന മൗലാനാ ആസാദ് നാഷനൽ ഫെലോഷിപ് (എം.എ.എൻ.എഫ്) നിർത്തലാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ഡൽഹിയിൽ വിവിധ വിദ്യാർഥി സംഘടനകൾ പ്രതിഷേധിച്ചു. എസ്.എഫ്.ഐ, എം.എസ്.എഫ്, ഐസ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ഡൽഹി ശാസ്ത്രിഭവനിലേക്ക് മാർച്ച് നടത്തി.
പ്രതിഷേധത്തിൽ പങ്കെടുത്ത എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി. അഹ്മദ് സാജു ഉൾപ്പെടെ നൂറോളം വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് മന്ദിർമാർഗ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കസ്റ്റഡിയിലെടുത്തവരെ വൈകീട്ടും വിട്ടയക്കാത്തതിനെത്തുടർന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി സ്റ്റേഷനിലെത്തി. ന്യൂനപക്ഷ പദ്ധതികൾ കേന്ദ്രസർക്കാർ അട്ടിമറിക്കുകയാണെന്നും ഭാവിസംബന്ധിച്ച പ്രശ്നങ്ങൾക്കെതിരെ സമാധാനപരമായാണ് വിദ്യാർഥികൾ പ്രതിഷേധിച്ചതെന്നും ഇ.ടി പറഞ്ഞു. ലോക്സഭയിൽ ടി.എൻ. പ്രതാപൻ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ചുമതലയുള്ള സ്മൃതി ഇറാനിയാണ് എം.എ.എൻ.എഫ് 2022-23 അധ്യയനവർഷം മുതൽ തുടരേണ്ടതില്ലെന്ന് തീരുമാനിച്ചതായി വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.