ന്യൂഡൽഹി: തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ് ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽ സർക്കാർ സ്കൂളുകളിൽ കൊഴിഞ്ഞുപോക്ക് കൂടുകയും സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയും ചെയ്യുന്നു. വൻ തുക ചെലവഴിച്ചിട്ടും വിദ്യാർഥികൾ സർക്കാർ സ്കൂളുകളിൽനിന്ന് അകന്നുപോകുന്നത് അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണതയാണെന്ന് അടുത്തിടെ നടന്ന യോഗങ്ങളിൽ കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ ചൂണ്ടിക്കാട്ടി.
2018-19 മുതൽ 2023-24 വരെയുള്ള വിദ്യാഭ്യാസ വർഷത്തിൽ (കോവിഡ് മഹാമാരിമൂലം അടഞ്ഞുകിടന്ന 2021-22 വർഷം ഒഴികെ) സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥി പ്രവേശനം ക്രമാതീതമായി വർധിച്ചുവെന്നാണ് മന്ത്രാലയം പറയുന്നത്. സമഗ്ര ശിക്ഷ അഭിയാൻ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാനായി വിദ്യാഭ്യാസ മന്ത്രാലയം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സംസ്ഥാനങ്ങളുമായി നടത്തിയ യോഗങ്ങളിലും ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് അടുത്തിടെ നടന്ന യോഗങ്ങളിലും സർക്കാർ സ്കൂളുകളിലെ പ്രവേശനം കുറയുന്നത് ചർച്ചയായിരുന്നു. സർക്കാർ സ്കൂളുകളിലേക്ക് വിദ്യാർഥികളെ ആകർഷിക്കാനുള്ള ആത്മാർഥമായ നടപടി ഉണ്ടാകണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.
ആന്ധ്രാപ്രദേശിൽ ആകെ 61,000ത്തിലധികം സ്കൂളുകളിൽ 73 ശതമാവും സർക്കാർ സ്കൂളുകളാണ്. എന്നാൽ, 46 ശതമാനം വിദ്യാർഥികൾ മാത്രമാണ് ഇവിടെ പഠിക്കുന്നത്. ബാക്കി 54 ശതമാനവും 27 ശതമാനം വരുന്ന സ്വകാര്യ സ്കൂളുകളെ ആശ്രയിക്കുന്നു. തെലങ്കാനയിൽ ആകെ സ്കൂളുകളിൽ 70 ശതമാനവും സർക്കാർ സ്കൂളുകളാണെങ്കിലും 38 ശതമാനം വിദ്യാർഥികളാണുള്ളത്. ഉത്തരാഖണ്ഡിൽ 72 ശതമാനം സർക്കാർ സ്കൂളുകളുണ്ട്. 36 ശതമാനം വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. തമിഴ്നാട്ടിൽ 64 ശതമാനമാണ് സർക്കാർ സ്കൂളുകൾ. എന്നാൽ, 60 ശതമാനത്തിലധികം വിദ്യാർഥികൾ 35 ശതമാനം മാത്രമുള്ള സ്വകാര്യ സ്കൂളുകളിലാണ് പഠനം.
ഡൽഹി, ലഡാക്ക്, പുതുച്ചേരി, ദാദ്ര-നാഗർ ഹവേലി, ദാമൻ-ദിയു എന്നിവിടങ്ങളിലും സർക്കാർ സ്കൂളുകളെ അപേക്ഷിച്ച് സ്വകാര്യ സ്കൂളുകളിലെ പ്രവേശനം കൂടുതലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കേരളം, മഹാരാഷ്ട്ര തുടങ്ങിയ വിദ്യാഭ്യാസപരമായി വളരെ മുന്നിലുള്ള സംസ്ഥാനങ്ങളിൽ പോലും സർക്കാർ സ്കൂൾ പ്രവേശനം മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. മിസോറം, നാഗാലൻഡ്, ത്രിപുര, അരുണാചൽപ്രദേശ്, മേഘാലയ തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സമാനമാണ് സ്ഥിതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.