ന്യൂഡൽഹി: അഫിലിയേഷൻ ബൈ ലോ നിയമങ്ങൾ ലംഘിച്ചതിന് 29 സ്കൂളുകൾക്ക് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ (സി.ബി.എസ്.ഇ) കാരണം കാണിക്കൽ നോട്ടീസയച്ചു. ഡിസംബറിലാണ് ഈ സ്കൂളുകളിൽ സി.ബി.എസ്.ഇ അധികൃതർ മിന്നൽ പരിശോധനക്ക് എത്തിയത്. ഭൂരിഭാഗം സ്കൂളുകളും എൻറോൾമെന്റിൽ ക്രമക്കേടുകൾ കാണിച്ചതായി പരിശോധനയിൽ മനസിലാക്കാൻ സാധിച്ചു. അറ്റന്റൻസിലെ ക്രമക്കേടുകളും ശ്രദ്ധയിൽപെട്ടു. വിദ്യാർഥികളെ അവരുടെ യഥാർഥ ഹാജർ രേഖകൾക്കപ്പുറം ചേർക്കുന്നതും ഹാജരാകാത്ത എൻറോൾമെന്റുകൾ അംഗീകരിക്കുന്നതും പോലുള്ള സംഭവങ്ങളാണ് കണ്ടെത്തിയത്. മാത്രമല്ല,
ബോർഡ് നിഷ്‍കർഷിക്കുന്ന അക്കാദമികവും അടിസ്ഥാന സൗകര്യപരവുമായ മാനദണ്ഡങ്ങളും ഈ സ്കൂളുകൾ പാലിച്ചിട്ടുമില്ല. ഓരോ സ്‌കൂളിനും അതത് പരിശോധനാ റിപ്പോർട്ടിന്റെ പകർപ്പ് നൽകുകയും 30 ദിവസത്തിനകം മറുപടി നൽകാൻ നിർദേശിക്കുകയും ചെയ്തതായും സി.ബി.എസ്.ഇ അധികൃതർ വ്യക്തമാക്കി.
29 സ്കൂളുകളിൽ 18 എണ്ണവും ഡൽഹിയിലാണ്. മൂന്നെണ്ണം ഉത്തർ പ്രദേശിലെ സ്കൂളുകളാണ്. കർണാടക, ബിഹാർ, ഗുജറാത്ത്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ രണ്ടു വീതം സ്കൂളുകൾക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവും നിരവധി സ്കൂളുകൾക്ക് സി.ബി.എസ്.ഇ സമാന രീതിയിൽ നോട്ടീസയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.