മികച്ച മാർക്ക് നേടാം, സമ്മർദമകറ്റാം; അടുത്ത വർഷം മുതൽ സി.ബി.എസ്.ഇ 10ാം ക്ലാസ് ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടുതവണ

ന്യൂഡൽഹി: 2026 അധ്യയന വർഷം മുതൽ 10ാം ക്ലാസ് ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടുതവണയായി നടപ്പാക്കാൻ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ(സി.ബി.എസ്.ഇ). കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ആണ് ഇതുസംബന്ധിച്ച് സൂചന നൽകിയത്.

നേരത്തേ നടപ്പാക്കാൻ തീരുമാനിച്ച ഈ പദ്ധതി കോവിഡിനെ തുടർന്ന് നീണ്ടുപോവുകയായിരുന്നു. പരീക്ഷയുടെ ആദ്യ സെറ്റ് നവംബർ-ഡിസംബർ മാസങ്ങളിലും രണ്ടാം സെറ്റ് ഫെബ്രുവരി-മാർച്ച് മാസങ്ങളിലുമായിരിക്കും നടക്കുക.

പ്രകടനം മെച്ചപ്പെടുത്താൻ ഉദ്ദേശിക്കുന്ന വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് രണ്ടാമത്തെ പരീക്ഷയെന്നും റിപ്പോർട്ടുണ്ട്. ഇത് വിദ്യാർഥികൾക്കിടയിലെ സമ്മർദം കുറക്കാൻ സഹായിക്കും. രണ്ട് പരീക്ഷകളിലെ മാർക്കുകളിൽ ഏറ്റവും മികച്ചത് തെരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് സാധിക്കും. യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇതുപോലെ വർഷത്തിൽ രണ്ടുതവണ പരീക്ഷകൾ നടക്കുന്നുണ്ട്.

വിദ്യാർഥികളുടെ അക്കാദമിക ഭാരം ലഘൂകരിക്കാൻ ലക്ഷ്യമിട്ടാണ് പരിഷ്‍കാരമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായി എല്ലാവർഷവും 10 ദിവസം ബാഗില്ലാത്ത സ്കൂൾ ദിനങ്ങൾ നടപ്പാക്കാനും ആലോചിക്കുന്നുണ്ട്.

ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മ​ന്ത്രാലയം സി.ബി.എസ്.ഇ, എൻ.സി.ഇ.ആർ.ടി, കേന്ദ്രീയ വിദ്യാലയ സംഗാതൻ, ​നവോദയ വിദ്യാലയ സമിതി എന്നിവയുമായി ചർച്ച നടത്തിക്കഴിഞ്ഞു.

2026-2027 അധ്യയന വർഷം മുതൽ 260 വിദേശ സ്കൂളുകൾക്ക് ആഗോളതലത്തിലുള്ള പാഠ്യപദ്ധതി രൂപവത്കരിക്കാനും സി.ബി.എസ്.ഇ ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യൻ വിഷയങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും പാഠ്യപദ്ധതി സംയോജിപ്പിക്കുക. അതു കൂടാതെ 11,12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഒരു ഇന്ത്യൻ ഭാഷയുൾപ്പെടെ രണ്ടു ഭാഷകൾ പഠിക്കുന്നതും നിർബന്ധമാക്കാനും ആലോചനയുണ്ട്.

Tags:    
News Summary - CBSE Board Exams to be Conducted Twice A Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.