രൂപകൽപനയുടെ ഉയരങ്ങളിലെത്താൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻ.ഐ.ഡി) അവസരമൊരുക്കുന്നു. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിനുകീഴിൽ ദേശീയ പ്രാധാന്യമുള്ള സ്വയംഭരണ സ്ഥാപനമാണിത്. അഹ്മദാബാദ്, ആന്ധ്രപ്രദേശ്, അസം, ഹരിയാന, മധ്യപ്രദേശ്, ഗാന്ധിനഗർ, ബംഗളൂരു എന്നിവിടങ്ങളിൽ എൻ.ഐ.ഡി കാമ്പസുകളുണ്ട്. നാലുവർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡെസ്), രണ്ടര വർഷത്തെ മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡെസ്) ഫുൾടൈം കോഴ്സുകളിൽ 2026-27 വർഷത്തെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.
സമഗ്ര വിവരങ്ങളടങ്ങിയ പ്രവേശന കൈപ്പുസ്തകം https://admissions.nid.edu, https://nid.edu എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. ഓൺലൈനിൽ ഡിസംബർ ഒന്നുവരെ അപേക്ഷിക്കാം. തിരഞ്ഞെടുപ്പിനായുള്ള ഡിസൈൻ ആപ്റ്റിറ്റ്യൂഡ് പ്രാഥമിക പരീക്ഷ ഡിസംബർ 21 ഞായറാഴ്ച ദേശീയ തലത്തിൽ നടത്തും. കേരളത്തിൽ കൊച്ചിയാണ് പരീക്ഷാ കേന്ദ്രം.
ബി.ഡെസ് പ്രോഗ്രാമും സ്പെഷലൈസേഷനുകളും
എൻ.ഐ.ഡി അഹ്മദാബാദിൽ കമ്യൂണിക്കേഷൻ ഫാക്കൽറ്റിയുടെ കീഴിൽ ലഭ്യമായ വിഷയങ്ങളും സീറ്റുകളും: അനിമേഷൻ ഫിലിം ഡിസൈൻ (19), എക്സിബിഷൻ ഡിസൈൻ (13), ഫിലിം ആൻഡ് വിഡിയോ കമ്യൂണിക്കേഷൻ (13), ഗ്രാഫിക് ഡിസൈൻ (19), ഇൻഡസ്ട്രിയൽ ഡിസൈൻ ഫാക്കൽറ്റിയുടെ കീഴിൽ -സിറാമിക് ആൻഡ് ഗ്ലാസ് ഡിസൈൻ (13), ഫർണിച്ചർ ആൻഡ് ഇന്റീരിയർ ഡിസൈൻ (13), പ്രൊഡക്ട് ഡിസൈൻ (19); ടെക്സ്റ്റൈൽ ഫാക്കൽറ്റിയുടെ കീഴിൽ ടെക്സ്റ്റൈൽ ഡിസൈൻ (19).
എൻ.ഐ.ഡി ആന്ധ്രപ്രദേശ്: കമ്യൂണിക്കേഷൻ ഡിസൈൻ (25), ഇൻഡസ്ട്രിയൽ ഡിസൈൻ (25), ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ (25). ഹരിയാന, മധ്യപ്രദേശ്, അസം എൻ.ഐ.ഡി കാമ്പസുകളിലും കമ്യൂണിക്കേഷൻ, ഇൻഡസ്ട്രിയൽ, ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈനുകളിലായി 25 സീറ്റുകൾ വീതമുണ്ട്. (എൻ.ഐ.ഡി മധ്യപ്രദേശ്,ഹരിയാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ വിദേശ വിദ്യാർഥികൾക്കായി 11 വീതം സൂപ്പർ ന്യൂമറി സീറ്റുകൾ കൂടിയുണ്ടാവും. അഹ്മദാബാദിൽ 19 സീറ്റുകളും).
പ്രവേശന യോഗ്യത: ബി.ഡെസ് കോഴ്സിലേക്ക് സയൻസ്, ആർട്സ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് മുതലായ ഏതെങ്കിലും സ്ട്രീമിൽ ഹയർ സെക്കൻഡറി/ പ്ലസ്ടു/ തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം (2025-26 വർഷം പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. ആദ്യതവണ പരീക്ഷ പാസായ മാർക്ക് ഷീറ്റ് 2026 ജൂലൈ 15നകം സമർപ്പിക്കണം). ജനറൽ, ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽപെടുന്നവർ 2005 ജൂലൈ ഒന്നിന് ശേഷവും ഒ.ബി.സി നോൺ ക്രീമിലെയർ, എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെടുന്നവർ 2002 ജൂലൈ ഒന്നിന് ശേഷവും ഭിന്നശേഷി സംവരണ വിഭാഗത്തിൽപെടുന്നവർ 2000 ജൂലൈ ഒന്നിന് ശേഷവും ജനിച്ചവരാകണം.
അഭിരുചി പരീക്ഷ: പേപ്പറും പെൻസിലും പേനയും ഉപയോഗിച്ചുള്ള ‘ഡാട്ട്’ പ്രാഥമിക പരീക്ഷയിൽ യോഗ്യത നേടുന്നവരെ മെയിൻ പരീക്ഷക്ക് ക്ഷണിക്കും. സ്റ്റുഡിയോ സെൻസിറ്റിവിറ്റി ടെസ്റ്റ്, ഇൻപേഴ്സൻ സെൻസിറ്റിവിറ്റി ടെസ്റ്റ് അടങ്ങിയ മെയിൻ പരീക്ഷയുടെ വിശദ വിവരങ്ങൾ പിന്നീട് അറിയിക്കും. ‘ഡാട്ട്’ മെയിൻ പരീക്ഷയുടെ സ്കോർ പരിഗണിച്ചാവും പ്രവേശനം. പരീക്ഷാ ഘടനയും സെലക്ഷൻ നടപടികളും വെബ്സൈറ്റിൽ ലഭ്യമാകും.
എം.ഡെസ് പ്രോഗ്രാമും സ്പെഷലൈസേഷനുകളും
എൻ.ഐ.ഡി അഹ്മദാബാദ്, ബംഗളൂരു, ഗാന്ധിനഗർ കാമ്പസുകളിലാണ് എം.ഡെസ് നടത്തുന്നത്. ഓരോ കാമ്പസിലും ലഭ്യമായ ഡിസിപ്ലിനുകളും സീറ്റുകളും ചുവടെ: ഒരാൾക്ക് പരമാവധി രണ്ട് വിഷയങ്ങളിൽ അപേക്ഷിക്കാം. അഹ്മദാബാദ്: അനിമേഷൻ ഫിലിം ഡിസൈൻ (19),ഫിലിം ആൻഡ് വിഡിയോ കമ്യൂണിക്കേഷൻ (19), ഗ്രാഫിക് ഡിസൈൻ (19), സിറാമിക് ആൻഡ് ഗ്ലാസ് ഡിസൈൻ (12), ഫർണിച്ചർ ആൻഡ് ഇന്റീരിയർ ഡിസൈൻ (19), പ്രോഡക്ട് ഡിസൈൻ (19), ടെക്സ്റ്റൈൽ ഡിസൈൻ (19).
ഗാന്ധിനഗർ: ഫോട്ടോഗ്രഫി ഡിസൈൻ (19), ടോയി ആൻഡ് ഗെയിം ഡിസൈൻ (12), ട്രാൻസ്പോർട്ടേഷൻ ആൻഡ് ഓട്ടോമൊബൈൽ ഡിസൈൻ (19), ന്യൂമീഡിയ ഡിസൈൻ (19), സ്ട്രാറ്റജിക് ഡിസൈൻ മാനേജ്മെന്റ് (19), അപ്പാരൽ ഡിസൈൻ (19), ലൈഫ് സ്റ്റൈൽ അക്സസറി ഡിസൈൻ (19).
ബംഗളൂരു: യൂനിവേഴ്സൽ ഡിസൈൻ (19), ഡിജിറ്റൽ ഗെയിം ഡിസൈൻ (19), ഇൻഫർമേഷൻ ഡിസൈൻ (19), ഇന്ററാക്ഷൻ ഡിസൈൻ (19), ഡിസൈൻ ഫോർ റീട്ടെയിൽ എക്സ്പീരിയൻസ് (19). പ്രവേശന യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദം. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാം.
ജനറൽ, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിൽ പെടുന്നവർ 1994 ജൂലൈ ഒന്നിനുശേഷവും ഒ.ബി.സി, എൻ.സി.എൽ, എസ്.സി/എസ്.ടി വിഭാഗങ്ങളിൽപെടുന്നവർ 1991 ജൂലൈ ഒന്നിനുശേഷവും ഭിന്നശേഷി സംവരണ വിഭാഗങ്ങളിൽപെടുന്നവർ 1989 ജൂലൈ ഒന്നിന് ശേഷവും ജനിച്ചവരാകണം. ഡിസൈൻ അഭിരുചി പരീക്ഷ അടക്കമുള്ള സെലക്ഷൻ, പ്രവേശന നടപടികൾ, സംവരണം മുതലായ വിവരങ്ങൾ കൈപ്പുസ്തകത്തിലുണ്ട്. ‘ഡാട്ട്’ പ്രിലിമിനറി പരീക്ഷ ഡിസംബർ 21ന് നടക്കും.
അപേക്ഷാഫീസ്: ജനറൽ, ഇ.ഡബ്ല്യു.എസ്, ഒ.ബി.സി-എൻ.സി.എൽ വിഭാഗങ്ങൾക്ക് 3000 രൂപ, വനിതകൾക്ക് 2000 രൂപ, എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 1500 രൂപ, ഭിന്നശേഷിക്കാർ, തേർഡ് ജൻഡർ വിഭാഗക്കാർക്ക് 500 രൂപ. ബി.ഡെസ്, എം.ഡെസ് പ്രോഗ്രാമുകൾക്ക് ഒരേ അപേക്ഷാഫീസ് നിരക്കാണ്. എന്നാൽ, എം.ഡെസ് പ്രോഗ്രാമിൽ രണ്ട് വിഷയത്തിന് അപേക്ഷിക്കുന്നതിന് ഇരട്ടി ഫീസ് നൽകേണ്ടതുണ്ട്. https://admissions.nid.eduൽ ഓൺലൈനായി ഡിസംബർ ഒന്ന് രാത്രി 11.59 മണി വരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.