തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിൽ ബി.എസ്സി നഴ്സിങ്, എം.എൽ.ടി, പെർഫ്യൂഷൻ ടെക്നോളജി, മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി, ഒപ്റ്റോമെട്രി, ബി.പി.ടി, ബി.എ.എസ്.എൽ.പി, ബി.സി.വി.ടി, ഡയാലിസിസ് ടെക്നോളജി, ഒക്യുപേഷനൽ തെറപ്പി, മെഡിക്കൽ ഇമേജിങ് ടെക്നോളജി, മെഡിക്കൽ റേഡിയോതെറപ്പി ടെക്നോളജി, ന്യൂറോ ടെക്നോളജി എന്നീ ബിരുദ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ചൊവ്വാഴ്ച മുതൽ ആഗസ്റ്റ് 20 വരെ അപേക്ഷ സമർപ്പിക്കാം.
എൽ.ബി.എസ് സെൻറർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത ചലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ ജൂലൈ 19 മുതൽ ആഗസ്റ്റ് 17 വരെ അപേക്ഷ ഫീസ് അടയ്ക്കാം.
ജനറൽ, എസ്.ഇ.ബി.സി എന്നീ വിഭാഗത്തിന് 800 രൂപയും എസ്.സി, എസ്.ടി വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷ ഫീസ്. പ്രോസ്പെക്ടസ് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. ബി.എസ്സി നഴ്സിങ്, എം.എൽ.ടി, പെർഫ്യൂഷൻ ടെക്നോളജി, ബി.സി.വി.ടി, ബി.പി.ടി, ബി.എസ്സി ഒപ്റ്റോമെട്രി, മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി, ഡയാലിസിസ് ടെക്നോളജി, ഒക്യുപേഷനൽ തെറപ്പി എന്നീ കോഴ്സുകൾക്ക് കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ ബോർഡിന്റെ ഹയർ സെക്കൻഡറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ പാസായിരിക്കണം. ഇവർ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവക്ക് മൊത്തത്തിൽ 50 മാർക്കോടെ ജയിച്ചവരായിരിക്കണം.
ബി.എ.എസ്.എൽ.പി കോഴ്സിന് കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ ബോർഡിന്റെ ഹയർ സെക്കൻഡറി പരീക്ഷയോ തത്തുല്യമോ ആയ മറ്റേതെങ്കിലും പരീക്ഷയോ ബയോളജി/ മാത്തമാറ്റിക്സ്/ കമ്പ്യൂട്ടർ സയൻസ്/ സ്റ്റാറ്റിസ്റ്റിക്സ്/ ഇലക്ട്രോണിക്സ്/ സൈക്കോളജി എന്നിവ മൊത്തത്തിൽ 50 മാർക്കോടെ ജയിച്ചവരായിരിക്കണം. കേരള വി.എച്ച്.എസ്.ഇ പരീക്ഷ കേരള ഹയർ സെക്കൻഡറി പരീക്ഷക്ക് തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്.
എസ്.ഇ.ബി.സി വിഭാഗം അപേക്ഷകർക്ക് അഞ്ച് മാർക്ക് ഇളവ് അനുവദിക്കും. എസ്.സി, എസ്.ടി വിദ്യാർഥികൾ യോഗ്യത പരീക്ഷ ജയിച്ചാൽ മതി. ഒ.ഇ.സി അപേക്ഷകർക്ക് പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകൾ നൽകിയാലും മാർക്കിളവിന് യോഗ്യത പരീക്ഷയിൽ എസ്.ഇ.ബി.സി അപേക്ഷകർക്ക് അനുവദിക്കുന്ന സൗജന്യം മാത്രമേ ലഭ്യമാകുകയുള്ളൂ. അപേക്ഷകർക്ക് അടുത്ത ഡിസംബർ 31ന് 17 വയസ്സ് പൂർത്തിയാകണം. ബി.എസ്സി നഴ്സിങ് കോഴ്സിനുള്ള ഉയർന്ന പ്രായപരിധി 35 വയസ്സാണ്. പാരാമെഡിക്കൽ കോഴ്സുകൾക്ക് സർവിസ് ക്വോട്ടയിൽ അപേക്ഷിക്കുന്നവർ ഒഴികെയുള്ളവർക്ക് ഉയർന്ന പ്രായപരിധിയില്ല. ബി.എസ്സി (എം.എൽ.ടി), ബി.എസ്സി (ഒപ്റ്റോമെട്രി) എന്നീ കോഴ്സുകളിലെ സർവിസ് ക്വോട്ടയിലേക്കുള്ള അപേക്ഷാർഥികൾക്ക് ഡിസംബർ 31ന് പരമാവധി 46 വയസ്സ് ആയിരിക്കും. വിവരങ്ങൾക്ക് ഫോൺ: 04712560363, 364.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.