എല്ലാ മേഖലകളിലും എ.ഐ ആധിപത്യം പിടിമുറുക്കിയതോടെ വലിയ ആശങ്കയിലാണ് ആളുകൾ. സുരക്ഷിതമാണെന്ന് കരുതിയിരുന്ന പല ജോലികളും എ.ഐ കൈയടക്കുമെന്നതാണ് ഈ ഭീതിയുടെ അടിസ്ഥാനം. പല കമ്പനികളിലും തൊഴിലവസരം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2030 ഒക്കെ ആകുമ്പോഴേക്കും എല്ലാ മേഖലകളിലും എ.ഐയുടെ സമഗ്ര ആധിപത്യമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. കാരണം 10 പേരുടെ ജോലി ചെയ്യാൻ എ.ഐക്ക് കഴിയുമെന്നാണ് പൊതുവെ പറയുന്നത്. അപ്പോൾ കൂടുതൽ ആളുകളെ ജോലിക്കെടുക്കാൻ തൊഴിലുടമകൾ മടിക്കുമല്ലോ.
എന്നാൽ എ.ഐക്ക് പോലും കടന്നു ചെല്ലാൻ സാധിക്കാത്ത ചില ജോലികളുണ്ട്. അതിലൊന്നിനെ കുറിച്ചാണ് ബ്രിട്ടീഷ്-കനേഡിയൻ കംപ്യൂട്ടർ ശാസ്ത്രജ്ഞനായ ജെഫ്രി ഹിന്റൺ പോഡ്കാസ്റ്റിലൂടെ പറയുന്നത്. എ.ഐയുടെ ഗോഡ്ഫാദർ എന്നാണ് ഇദ്ദേഹത്തെ പറയുന്നത് തന്നെ.
അടുത്ത 30 വർഷത്തിനുള്ളിൽ എ.ഐ മനുഷ്യ രാശിക്ക് വലിയ ഭീഷണിയായിരിക്കുമെന്ന കാര്യവും ഇതിനിടക്ക് അദ്ദേഹം ആവർത്തിക്കുന്നുണ്ട്.
പ്ലംബിങ് ജോലിയെ കുറിച്ചാണ് ജെഫ്രി ഹിന്റൺ സൂചിപ്പിച്ചത്. കാരണം എ.ഐക്കോ മറ്റ് യന്ത്രങ്ങൾക്കോ കഴിയാത്ത രീതിയിലുള്ള വൈദഗ്ധ്യവും നൈപുണ്യവും വേണ്ട ജോലിയാണിത്. അക്കൗണ്ടിങ്, നിയമം എന്നീ ജോലികളൊക്കെ വളരെ എളുപ്പത്തിൽ എ.ഐക്ക് വഴങ്ങും. കാരണം ഡാറ്റാ പ്രോസസിങ്ങിനെ ആശ്രയിച്ചാണിത് മുന്നോട്ട് പോകുന്നത്.
പ്ലംബിങ് അങ്ങനെയല്ല, നന്നായി ജോലി ചെയ്യണം. അതിനൊപ്പം തന്നെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവും വേണം. അതിനാൽ ഉടനെയൊന്നും എ.ഐക്ക് ഈ മേഖലയിലേക്ക് കടന്നു കയറാൻ സാധിക്കില്ലെന്നാണ് ജെഫ്രി ഹിന്റൺ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.