ബംഗളൂരു: സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളിലേക്ക് 2025-26 വർഷത്തെ പ്രവേശന ഫീസിൽ 7.5 ശതമാനം വർധനക്ക് സർക്കാർ അനുമതി നൽകി. ബിരുദ കോഴ്സുകളുടെ ഫീസ് 15 ശതമാനം വർധിപ്പിക്കണമെന്ന സ്വകാര്യ എൻജിനീയറിങ് കോളജുകളുടെ ആവശ്യം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. എം.സി. സുധാകർ നിരസിച്ചു. കർണാടക അൺഎയ്ഡഡ് പ്രൈവറ്റ് എൻജിനീയറിങ് കോളജ് അസോസിയേഷൻ (കുപെക) പ്രതിനിധികൾ ബംഗളൂരുവിൽ മന്ത്രിയെ കാണുകയും മന്ത്രി നിർദേശിച്ച 7.5 ശതമാനം വർധനവിന് സമ്മതിക്കുകയും ചെയ്തു.
അധ്യാപകരുടെ ശമ്പളം പരിഷ്കരിക്കുന്നതിലൂടെയും അധിക അടിസ്ഥാന സൗകര്യ ചെലവുകൾ ഉൾപ്പെടെയുള്ളവയിലൂടെയും ഉണ്ടാകുന്ന ചെലവുകൾ ചൂണ്ടിക്കാട്ടിയാണ് അസോസിയേഷൻ പ്രതിനിധികൾ 15 ശതമാനം ഫീസ് വർധന ആവശ്യപ്പെടുന്നത്. എന്നാൽ, മന്ത്രി തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. മുൻ ബി.ജെ.പി സർക്കാർ ഫീസ് 10 ശതമാനം വർധിപ്പിക്കാൻ സമ്മതിച്ചിരുന്നു. 2023ൽ അധികാരത്തിൽ വന്ന കോൺഗ്രസ് ഈ വർധന ഏഴ് ശതമാനമായി കുറച്ചു.
കോളജുകൾക്ക് സംസ്ഥാന സർക്കാർ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. കെ.സി.ഇ.ടി കൗൺസലിങ്ങിന്റെ ആദ്യ റൗണ്ടിനുശേഷം മാത്രമേ കോമെഡ്കെ കൗൺസലിങ് നടത്താവൂ. രണ്ട് റൗണ്ട് കെ.സി.ഇ.ടി കൗൺസലിങ്ങിനുശേഷം ശേഷിക്കുന്ന സീറ്റുകൾ കൗൺസലിങ്ങിന്റെ അവസാന ദിവസത്തിന് 10 ദിവസം മുമ്പ് കോളജ് മാനേജ്മെന്റിന് കൈമാറുമെന്ന് മന്ത്രി സുധാകർ പറഞ്ഞു. മെഡിക്കൽ സീറ്റ് മാട്രിക്സ് പ്രഖ്യാപിച്ചാൽ സർക്കാറിന് കെ.സി.ഇ.ടി കൗൺസലിങ് എത്രയും വേഗം നടത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.