അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഐ.ഐ.ടികളിൽ 6,500 ബിടെക് സീറ്റുകൾ; ബജറ്റിൽ സാങ്കേതികവിദ്യക്ക് കൂടുതലും ശാസ്ത്രത്തിന് കുറവും

ന്യൂഡൽഹി: ​അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 6,500 ബിടെക് സീറ്റുകൾ കൂടി സൃഷ്ടിക്കാൻ ഐ.ഐ.ടികൾക്ക് ഫണ്ട് വർധിപ്പിച്ചതായി കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചു. എന്നാൽ, ബജറ്റ് ഐ.ഐ.ടികൾക്ക് ഫണ്ട് വകയിരുത്തിയപ്പോൾ ഐ.ഐ.എസ്.ഇ.ആർ, ഐ.ഐ.എ.സ്‌.സി എന്നിവ വെട്ടിക്കുറച്ചതായി വിമർശനവും ഉയർന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (ഐ.ഐ.എസ്.ഇ.ആർ), ഐ.ഐ.എസ്‌.സി ബംഗളുരു തുടങ്ങിയ നിരവധി പ്രധാന സ്ഥാപനങ്ങൾക്കുള്ള വിഹിതം വെട്ടിക്കുറച്ചു.

വിദ്യാഭ്യാസത്തിനായുള്ള മൊത്തം വിഹിതത്തിലുള്ള വർധന നിരക്ക് കുറയുന്ന പ്രവണത രണ്ട് വർഷമായി തുടരുകയായിരുന്നു. 2023-24ൽ 112,900 കോടി രൂപയും 2022-23ൽ 104,278 കോടി രൂപയും ആയിരുന്നത് 2024-25ൽ 120,628 രൂപയായി നേരിയ തോതിൽ വർധിപ്പിച്ചു.

‘കഴിഞ്ഞ 10 വർഷത്തിനിടെ 23 ഐഐടികളിലെ മൊത്തം വിദ്യാർഥികളുടെ എണ്ണം 65,000 ൽ നിന്ന് 1.35 ലക്ഷമായി 100 ശതമാനം വർധിച്ചു. 2014നു ശേഷം ആരംഭിച്ച അഞ്ച് ഐ.ഐ.ടികളിൽ 6,500 വിദ്യാർഥികൾക്ക് കൂടി വിദ്യാഭ്യാസം നൽകുന്നതിന് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കും’-സീതാരാമൻ പറഞ്ഞു.

നിലവിൽ, 23 ഐ.ഐ.ടികൾ പ്രതിവർഷം 17,000 ബിടെക് സീറ്റുകൾ വാഗ്ദാനം ചെയ്യുന്നു. 2014നു ശേഷം സ്ഥാപിതമായ അഞ്ച് ഐ.ഐ.ടികൾ ഭിലായ്, പാലക്കാട്, ഗോവ, തിരുപ്പതി, ജമ്മു എന്നിവിടങ്ങളിലാണ്. ഈ പ്രീമിയർ ടെക് സ്ഥാപനങ്ങൾക്കുള്ള വിഹിതം 10.65 ശതമാനം ഉയർത്തി. 2024-25ലെ 9632.5 കോടി രൂപയിൽ നിന്ന് 2025-26ൽ 10,659 കോടി രൂപയായി.

എന്നാൽ, ഏഴ് IISERകൾക്കുള്ള മൊത്തം വിഹിതം 12 ശതമാനം കുറച്ചു. 2024-25 ലെ 1,540 കോടി രൂപയിൽ നിന്ന് 2025-26 ൽ 1,353 കോടി രൂപയായി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബംഗളൂരുവിനുള്ള വിഹിതം ഏകദേശം 2 ശതമാനം ഇടിഞ്ഞ് 918 കോടി രൂപയിൽ നിന്ന് 900 കോടി രൂപയായി.

കഴിവുള്ള കുട്ടികൾക്കായി 650ലധികം റസിഡൻഷ്യൽ സ്കൂളുകൾ നടത്തുന്ന നവോദയ വിദ്യാലയ സമിതിയുടെ വിഹിതം 5,800 കോടി രൂപയിൽ നിന്ന് 5,305 കോടി രൂപയായി 8.5 ശതമാനം ഇടിഞ്ഞു.

2024-25 ലെ വകയിരുത്തിയ 47,620 കോടിയേക്കാൾ (5.1 ശതമാനം) ഉന്നതവിദ്യാഭ്യാസത്തിനായുള്ള മൊത്തം ചെലവ് നേരിയ തോതിൽ (5.1 ശതമാനം) മാത്രം ഉയർത്തിയ ബജറ്റ് അക്കാദമിക് സമൂഹത്തെ നിരാശപ്പെടുത്തിയെന്ന് ഡൽഹി സർവകലാശാലയിലെ അക്കാദമിക് കൗൺസിൽ അംഗം മായ ജോൺ പറഞ്ഞു.

Tags:    
News Summary - 6,500 BTech seats in IITs in next five years; Budget more for technology and less for science

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.