വരൂ, ‘ഇര്‍മ’യിലൂടെ ഗ്രാമത്തിന്‍െറ ആത്മാവ് തൊട്ടറിയാം,  വികസനത്തിന്‍െറ തേരാളിയാകാം

ഗ്രാമങ്ങളില്‍ രാപാര്‍ക്കാം, ഗ്രാമീണതയുടെ ഹൃദയത്തുടിപ്പുകള്‍ നേര്‍ക്കാഴ്ചയാക്കാം, ആത്മാവ് തൊട്ടറിയാം. അതിലൂടെ വികസനത്തിന്‍െറ തേരാളിയുമാകാം. ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായ ഗുജറാത്തിലെ ആനന്ദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മെന്‍റ് (ഇര്‍മ) ഗ്രാമ വികസനത്തിന്‍െറ തേരാളികളാകാന്‍ തല്‍പരരായ യുവതീയുവാക്കളെ മാടിവിളിക്കുന്നു. ഗ്രാമീണ സമ്പത്സമൃദ്ധിയിലേക്ക് നയിക്കുന്ന റൂറല്‍ മാനേജര്‍മാരെ വാര്‍ത്തെടുക്കുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ മുഖ്യ ലക്ഷ്യം. ഗ്രാമീണ ജനതക്ക് സമഭാവനയോടെ പരിസ്ഥിതി സൗഹൃദ സാമൂഹിക -സാമ്പത്തിക വികസനം പരിപോഷിപ്പിക്കാനുതകുന്ന മികച്ച റൂറല്‍ മാനേജ്മെന്‍റ് ഉന്നത വിദ്യാഭ്യാസ ഗവേഷണ പഠന സൗകര്യങ്ങളാണ് ‘ഇര്‍മ’യിലുള്ളത്.
ക്ഷീര വിപ്ളവത്തിന്‍െറ പിതാവ് എന്നറിയപ്പെടുന്ന ഡോ. വര്‍ഗീസ് കുര്യന്‍ 1979ല്‍ സ്ഥാപിച്ച ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 1980 മുതലാണ് റൂറല്‍ മാനേജ്മെന്‍റില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം (പി.ആര്‍.എം) ആരംഭിച്ചത്. ഈ പ്രോഗ്രാമിലൂടെ നേടുന്ന പി.ആര്‍.എം പി.ജി ഡിപ്ളോമയെ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂനിവേഴ്സിറ്റിയും (A IU) അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലും (എ.ഐ.സി.ടി.ഇ) മാസ്റ്റേഴ്സ് ഡിഗ്രിക്ക് തത്തുല്യമായി അംഗീകരിച്ചിട്ടുണ്ട്.  കഴിഞ്ഞ 34 വര്‍ഷങ്ങളിലായി പുറത്തിറങ്ങിയ 2300 ബിരുദധാരികള്‍ക്ക് ഗ്രാമീണ വികസനവുമായി ബന്ധപ്പെട്ട വിവിധ സംരംഭങ്ങളില്‍ ആകര്‍ഷകമായ ശമ്പളത്തില്‍ തൊഴില്‍ നേടാനായി.
2002 ല്‍ ഡോക്ടറല്‍ പ്രോഗ്രാമിന് സമാനമായ ഫെലോ പ്രോഗ്രാം ഇന്‍ റൂറല്‍ മാനേജ്മെന്‍റ് (എഫ്.പി.ആര്‍.എം) ആരംഭിച്ചു. ഇതിനകം എഫ്.പി.ആര്‍.എം യോഗ്യത നേടിയ 22 പേരില്‍ 18 പേര്‍ക്കും പ്രമുഖ അക്കാദമിക് സ്ഥാപനങ്ങളില്‍  ഫാക്കല്‍റ്റികളാകാന്‍ കഴിഞ്ഞു. ടീച്ചിങ്, ട്രെയ്നിങ്, ഗവേഷണം, കണ്‍സള്‍ട്ടന്‍സി തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി ‘ഇര്‍മ’ മുന്നേറുകയാണ്. സെന്‍റര്‍ ഫോര്‍ സസ്റ്റൈനബ്ള്‍ ലൈവ്ലിഹുഡ്സ്,  സെന്‍റര്‍ ഫോര്‍ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കോര്‍പറേറ്റ് സോഷ്യല്‍ റെസ്¤േപാണ്‍സിബിലിറ്റി, സെന്‍റര്‍ ഫോര്‍ സോഷ്യല്‍ എന്‍റര്‍പ്രണര്‍ഷിപ് ആന്‍ഡ്  എന്‍റര്‍പ്രൈസസ്,  സെന്‍റര്‍ ഫോര്‍ പബ്ളിക് പോളിസി ആന്‍ഡ് ഗവേണന്‍സ്,  സെന്‍റര്‍ ഫോര്‍ റൂറല്‍ -അര്‍ബന്‍ ഡൈനാമിക്സ് എന്നിങ്ങനെ അഞ്ചു മികവിന്‍െറ  കേന്ദ്രങ്ങളും ‘ഇര്‍മ’യുടെ കീഴിലുണ്ട്.  
റൂറല്‍ മാനേജ്മെന്‍റില്‍ മികവിന്‍െറ പര്യായമായി 37 വര്‍ഷം പിന്നിടുകയാണ് ‘ഇര്‍മ’.
പുതുവര്‍ഷത്തെ പ്രവേശം:
2017 -19 അധ്യയന വര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ റൂറല്‍ മാനേജ്മെന്‍റ് (പി.ജി.ഡി.ആര്‍.എം); ഫെലോ പ്രോഗ്രാം ഇന്‍ റൂറല്‍ മാനേജ്മെന്‍റ് (എഫ്.പി.ആര്‍.എം -2017) എന്നിവയിലേക്കുള്ള പ്രവേശത്തിന് 2016 ഒക്ടോബര്‍ ഒന്നു മുതല്‍ അപേക്ഷാ സമര്‍പ്പണത്തിന് സൗകര്യമൊരുക്കും. IIM-CAT 2016 അല്ളെങ്കില്‍ XLRI -XAT 2017 സ്കോര്‍ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്.  Issues of Social Concern എന്ന ഇര്‍മയുടെ ഫെബ്രുവരി 12 ന് നടക്കുന്ന ടെസ്റ്റില്‍ യോഗ്യത നേടുകയും വേണം. ഇര്‍മ നടത്തുന്ന അഡ്മിഷന്‍ ടെസ്റ്റ്, ഗ്രൂപ് ആക്ടിവിറ്റി, പേഴ്സനല്‍ ഇന്‍റര്‍വ്യൂ എന്നിവയുടെ മികവ് പരിഗണിച്ചാണ് PGDRM കോഴ്സിലേക്കുള്ള അന്തിമ തെരഞ്ഞെടുപ്പ്. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം എന്നിവ ടെസ്റ്റ് സെന്‍ററുകളാണ്.
FPRM പ്രോഗ്രാമില്‍ പ്രവേശത്തിന് അഡ്മിഷന്‍ ടെസ്റ്റ്, ഇന്‍റര്‍വ്യൂ എന്നിവക്ക് പുറമെ ഒരു ഉപന്യാസം കൂടി അവതരിപ്പിക്കണം. ബന്ധപ്പെട്ട വിഷയങ്ങളില്‍ UGC-JRF യോഗ്യതയുള്ളവരെ ഇര്‍മയുടെ അഡ്മിഷന്‍ ടെസ്റ്റില്‍നിന്ന് ഒഴിവാക്കുന്നതാണ്.
ഓണ്‍ലൈന്‍ പരീക്ഷാ ഫീസായി ഒരു പ്രോഗ്രാമിന് 1200 രൂപയും രണ്ടു പ്രോഗ്രാമിന് 1600 രൂപയുമാണ്. പട്ടികജാതി, വര്‍ഗക്കാര്‍ക്ക് യഥാക്രമം 600, 800 എന്നിങ്ങനെ മതിയാകും. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരെ പരീക്ഷാ ഫീസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന് 2016 ഒക്ടോബര്‍ ഒന്നു മുതല്‍ www.irma.ac.in എന്ന വെബ്സൈറ്റില്‍ സൗകര്യം ലഭിക്കും. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങളും വെബ്സൈറ്റില്‍ ലഭിക്കുന്നതാണ്. ഡിസംബര്‍ 23 വരെ അപേക്ഷകള്‍ സ്വീകരിക്കും.
പി.ജി.ഡി.ആര്‍.എം കോഴ്സില്‍ 180 സീറ്റുകളാണുള്ളത്. ഇതില്‍  15 ശതമാനം സീറ്റുകള്‍ വിദേശ വിദ്യാര്‍ഥികള്‍ക്കും പ്രവാസി ഇന്ത്യക്കാരുടെ മക്കള്‍ക്കുമായി നീക്കിവെക്കും. കോഴ്സുകളില്‍ പ്രവേശത്തിന് പ്രായപരിധി ഏര്‍പ്പെടുത്തിയിട്ടില്ല. രണ്ടുവര്‍ഷത്തെ ഫുള്‍ടൈം റെസിഡന്‍ഷ്യല്‍ പ്രോഗ്രാമണ് PGDRM.
ഏതെങ്കിലും ഡിസിപ്ളിനില്‍ മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ മൂന്നു വര്‍ഷത്തില്‍ കുറയാത്ത ബാച്ലേഴ്സ്  ഡിഗ്രിയുള്ളവര്‍ക്ക് പി.ജി.ഡി.ആര്‍.എം പ്രോഗ്രാമിന് അപേക്ഷിക്കാം. 
പട്ടികജാതി, വര്‍ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഡിഗ്രിക്ക് 45 ശതമാനം മാര്‍ക്ക് മതി. അഡ്മിഷന്‍ സംബന്ധമായ സമഗ്ര വിവരങ്ങള്‍ www.irma.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. വിലാസം: Admission office, Institute of Rural Management Anand (IRMA), Anand -38800/ Gujarat, India. ഫോണ്‍: (02692) -221657, 221659.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.