വ്യവസായിക പരിശീലനത്തിലൂടെ തൊഴില്‍ നേടാം

വ്യവസായിക പരിശീലനത്തിലൂടെ തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ക്ക് സംസ്ഥാനത്തെ സര്‍ക്കാര്‍ ഇന്‍ഡസ്ട്രിയല്‍ ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ (ഐ.ടി.ഐ) ഇപ്പോള്‍ പ്രവേശം നേടാവുന്നതാണ്. നാഷനല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷനല്‍ ട്രെയ്നിങ് (എന്‍.സി.വി.ടി) അഫിലിയേഷനുള്ള  ട്രേഡുകളിലാണ് പരിശീലനം. 
2016 ആഗസ്റ്റിലാരംഭിക്കുന്ന വിവിധ ട്രേഡുകളിലാണ് പരിശീലനം നേടേണ്ടത്. 
2016 ആഗസ്റ്റിലാരംഭിക്കുന്ന വിവിധ ട്രേഡുകളിലേക്കുള്ള പ്രവേശത്തിന് ജൂണ്‍ 25 വരെ അതത് ഐ.ടി.ഐകളില്‍ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷാഫോറവും വിശദ വിവരങ്ങളുമടങ്ങിയ പ്രോസ്പെക്ടസും www.det.kerala.gov.in എന്ന വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പ്രവേശം ആഗ്രഹിക്കുന്ന ഐ.ടി.ഐയിലാണ് ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒന്നിലധികം ഐ.ടി.ഐകളിലും ട്രേഡുകളിലും അപേക്ഷിക്കുന്നതിന് വിലക്കൊന്നുമില്ല. മെട്രിക്, നോണ്‍മെട്രിക് ട്രേഡുകള്‍ക്ക്  പ്രത്യേകം അപേക്ഷാഫോറം ഉപയോഗിക്കണം. 
അപേക്ഷാഫീസ് 50 രൂപയാണ്. പ്രിന്‍സിപ്പലിന് മാറ്റാവുന്ന തരത്തില്‍ പോസ്റ്റല്‍ ഓര്‍ഡറായോ നേരിട്ടോ അപേക്ഷാ ഫീസ് നല്‍കാം. സംസ്ഥാനത്ത് 82 സര്‍ക്കാര്‍ ഐ.ടി.ഐകള്‍ ഉള്ളതില്‍ 41 എണ്ണത്തില്‍ മാത്രമാണ് എന്‍.സി.വി.ടി അഫിലിയേഷന്‍ ലഭിച്ച ട്രേഡുകളുള്ളത്. വ്യവസായ മേഖലക്കാവശ്യമായ തൊഴില്‍ശേഷി വികസിപ്പിച്ചെടുക്കുകയാണ് ഐ.ടി.ഐ പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. സ്വയംതൊഴില്‍ കണ്ടത്തെുന്നതിനും ഐ.ടി.ഐ ട്രേഡുകളിലെ പരിശീലനം ഉപകരിക്കും. 
യോഗ്യത
എസ്.എസ്.എല്‍.സി ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും തുല്യ യോഗ്യതയുള്ളവര്‍ക്കും തെരഞ്ഞെടുത്ത് പഠിക്കാവുന്ന ഒട്ടേറെ ട്രേഡുകള്‍ ഐ.ടി.ഐകളിലുണ്ട്. ഒരു വര്‍ഷത്തെയും രണ്ടു വര്‍ഷത്തെയും ട്രേഡുകള്‍ ഇതില്‍ ഉള്‍പ്പെടും. അപേക്ഷകര്‍ക്ക് 31.7.2016ല്‍ 14 വയസ്സ് തികയണം. ഉയര്‍ന്ന പ്രായപരിധി ഏര്‍പ്പെടുത്തിയിട്ടില്ല. പ്രൈവറ്റായി എസ്.എസ്.എല്‍.സി പരീക്ഷയെഴുതി തോറ്റവരെ പ്രവേശത്തിന് പരിഗണിക്കില്ല. കേരളത്തില്‍ സ്ഥിരതാമസമുള്ളവര്‍ക്കാണ് പ്രവേശത്തിന് അര്‍ഹതയുള്ളത്. 
ട്രേഡുകള്‍
നോണ്‍ മെട്രിക് എന്‍ജിനീയറിങ്, മെട്രിക് എന്‍ജിനീയറിങ്, മെട്രിക് നോണ്‍ എന്‍ജിനീയറിങ് എന്നിങ്ങനെ ട്രേഡുകളെ തരംതിരിച്ചിട്ടുണ്ട്. നോണ്‍ മെട്രിക് എന്‍ജിനീയറിങ് ട്രേഡുകളില്‍ എസ്.എസ്.എല്‍.സി ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. 
ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, വെല്‍ഡര്‍, ജനറല്‍ കാര്‍പന്‍റര്‍ (ഒരു വര്‍ഷം വീതം), വയര്‍മാന്‍, പെയിന്‍റര്‍ ജനറല്‍ (രണ്ടുവര്‍ഷം വീതം) ട്രേഡുകള്‍ നോണ്‍ മെട്രിക് എന്‍ജിനീയറിങ് വിഭാഗത്തില്‍പെടുന്നവയാണ്. 
മെട്രിക് എന്‍ജിനീയറിങ് ട്രേഡുകളില്‍ ഫൗണ്ടറിമാന്‍, മെക്കാനിക് ട്രാക്ടര്‍, പ്ളാസ്റ്റിക് പ്രോസസിങ് ഓപറേറ്റര്‍, മെക്കാനിക് ഡീസല്‍ മെക്കാനിക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് (ഒരു വര്‍ഷം വീതം), ഡ്രാഫ്റ്റ്സ്മാന്‍ (മെക്കാനിക്കല്‍), ഇലക്ട്രീഷ്യന്‍, ഇന്‍സ്ട്രുമെന്‍റ് മെക്കാനിക്, ഫിറ്റര്‍, ടര്‍ണര്‍, മെഷനിസ്റ്റ്, മെക്കാനിക് മോട്ടോര്‍ വെഹിക്ള്‍, അറ്റന്‍ഡന്‍റ് ഓപറേറ്റര്‍ (കെമിക്കല്‍ പ്ളാന്‍റ്), ലബോറട്ടറി അസിസ്റ്റന്‍റ് (കെമിക്കല്‍ പ്ളാന്‍റ്), ഇന്‍സ്ട്രുമെന്‍റ് മെക്കാനിക് (കെമിക്കല്‍ പ്ളാന്‍റ്), മെയ്ന്‍റനന്‍സ് മെക്കാനിക് (കെമിക്കല്‍ പ്ളാന്‍റ്), മെക്കാനിക് അഗ്രികള്‍ചറല്‍ മെഷിനറി (രണ്ടു വര്‍ഷം വീതം), സര്‍വേയര്‍, പ്ളംബര്‍ (ഒരു വര്‍ഷം വീതം) ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍), റെഫ്രിജറേഷന്‍ എയര്‍കണ്ടീഷനിങ്, ഇലക്ട്രോപ്ളേറ്റര്‍, ഇലക്ട്രോണിക് മെക്കാനിക് (രണ്ടു വര്‍ഷം വീതം), ഇന്‍റീരിയര്‍ ഡിസൈന്‍ ആന്‍ഡ് ഡെക്കറേഷന്‍, ആര്‍കിടെക്ചറല്‍ അസിസ്റ്റന്‍റ് (ഒരു വര്‍ഷം വീതം), മെക്കാനിക് മെഡിക്കല്‍ ഇലക്ട്രോണിക്സ് (രണ്ടു വര്‍ഷം) എന്നിവയിലാണ് പരിശീലനം. എസ്.എസ്.എല്‍.സി തുല്യപരീക്ഷ വിജയിച്ചവര്‍ക്ക് പ്രവേശം ലഭിക്കും. 
മെട്രിക് നോണ്‍ എന്‍ജിനീയറിങ് ട്രേഡുകളില്‍ ഡ്രസ്മേക്കിങ്, ഫുഡ് ആന്‍ഡ് ബിവറേജസ് സര്‍വിസ് അസിസ്റ്റന്‍റ്, അസിസ്റ്റന്‍റ് ടൂറിസ്റ്റ് ഗൈഡ്, ഫ്രണ്ട് ഓഫിസ് അസിസ്റ്റന്‍റ്, ഫുഡ് പ്രൊഡക്ഷന്‍ (ജനറല്‍), ഡെയറിയിങ്, ഹോര്‍ട്ടികള്‍ചര്‍, ഹോസ്പിറ്റല്‍  ഹൗസ് കീപ്പിങ്, ഫാഷന്‍ ഡിസൈന്‍ ടെക്നോളജി, കമ്പ്യൂട്ടര്‍ ഓപറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്‍റ്, ഡസ്ക്ടോപ് പബ്ളിഷിങ് ഓപറേറ്റര്‍, സെക്രട്ടേറിയല്‍ പ്രാക്ടിസ് (ഇംഗ്ളീഷ്), സ്റ്റെനോഗ്രാഫര്‍ ആന്‍ഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്‍റ് (ഇംഗ്ളീഷ്/ഹിന്ദി) എന്നിവയിലാണ് പരിശീലനം. എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. 
സര്‍ക്കാര്‍ ഐ.ടി.ഐകള്‍ അതത് ജില്ലയില്‍ ഇനി പറയുന്ന സ്ഥലങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. 
•തിരുവനന്തപുരം: ധനുവച്ചപുരം, ചാക്ക, ആര്യനാട്, കഴക്കൂട്ടം (വനിത), ആറ്റിങ്ങല്‍. 
•കൊല്ലം: ചന്ദനത്തോപ്പ്, കൊല്ലം (വനിത), ചാത്തന്നൂര്‍, ഇളമാട്. 
•പത്തനംതിട്ട: ചെന്നീര്‍ക്കര, മെഴുവേലി. 
•ആലപ്പുഴ: ചെങ്ങന്നൂര്‍, ചെങ്ങന്നൂര്‍ (വനിത), പുറക്കാട്, കായംകുളം.
•കോട്ടയം: ഏറ്റുമാനൂര്‍, പള്ളിക്കത്തോട്.
•ഇടുക്കി: കട്ടപ്പന, രാജാക്കാട്.
•എറണാകുളം: കളമശ്ശേരി, കളമശ്ശേരി (വനിത).
•തൃശൂര്‍: ചാലക്കുടി, ചാലക്കുടി (വനിത), മാള. 
•പാലക്കാട്: മലമ്പുഴ, മലമ്പുഴ (വനിത), അട്ടപ്പാടി, വാണിയങ്കുളം.
•മലപ്പുറം: അരീക്കോട്, നിലമ്പൂര്‍, പുഴക്കാട്ടിരി. 
•കോഴിക്കോട്: കോഴിക്കോട്, കോഴിക്കോട് (വനിത)
•വയനാട്: കല്‍പറ്റ
•കണ്ണൂര്‍: കണ്ണൂര്‍, കണ്ണൂര്‍ (വനിത)
•കാസര്‍കോട്: കാസര്‍കോട്, കയ്യൂര്‍
ഓരോ ഐ.ടി.ഐയിലും ലഭ്യമായ എന്‍.സി.വി.ടി ട്രേഡുകളും ബാച്ചുകളും പ്രോസ്പെക്ടസില്‍ ലഭ്യമാണ്. മെട്രിക്/നോണ്‍ മെട്രിക് ട്രേഡുകളില്‍ എസ്.എസ്.എല്‍.സി/തുല്യ പരീക്ഷയില്‍ ഇംഗ്ളീഷ്, കണക്ക്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങള്‍ക്ക് ലഭിച്ച ഉയര്‍ന്ന മാര്‍ക്ക് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്. അപേക്ഷകരുടെ സെലക്ഷന്‍ ലിസ്റ്റ് ജൂണ്‍ 29ന് പ്രസിദ്ധീകരിക്കും. ജൂലൈ ഒന്നിനാണ് അഡ്മിഷന്‍. വിവരങ്ങള്‍ www.det.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.