ജെ.ഇ.ഇ മെയിന്‍ റാങ്ക് വഴി  സ്വാശ്രയ ബി.ടെക്, ബി.ആര്‍ക് പ്രവേശം

ജോയന്‍റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെ.ഇ.ഇ) മെയിന്‍ 2016ലെ റാങ്ക് പരിഗണിച്ച് രാജ്യത്തെ ചില പ്രമുഖ സ്വാശ്രയ സാങ്കേതിക സ്ഥാപനങ്ങളില്‍ റെഗുലര്‍ ബി.ടെക്, ബി.ആര്‍ക് കോഴ്സുകളില്‍ പ്രവേശത്തിന് സെന്‍ട്രല്‍ സീറ്റ് അലോക്കേഷന്‍ ബോര്‍ഡ്  (സി.എസ്.എ.ബി) കൗണ്‍സലിങ് നടത്തുന്നു. ഇതില്‍ പങ്കെടുക്കുന്നതിനുള്ള ചോയ്സ്  ഫില്ലിങ് ഉള്‍പ്പെടെയുള്ള രജിസ്ട്രേഷന് ജൂലൈ 20 മുതല്‍ 28 വരെ സമയം അനുവദിച്ചിട്ടുണ്ട്. ജൂലൈ 20ന് രാവിലെ 10 മുതല്‍ www.csab.nic.in എന്ന വെബ്സൈറ്റിലൂടെ നിര്‍ദേശങ്ങള്‍ പാലിച്ച് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. പ്രോസസിങ്  ഫീസായി 1000 രൂപ അടക്കണം. 
എസ്.ബി.ഐയില്‍ പ്രോസസിങ് ഫീസ് അടച്ച് ആറുമണിക്കൂര്‍ പിന്നിടുമ്പോള്‍ ചോയ്സ് ഫില്ലിങ് രജിസ്ട്രേഷന്‍ നടത്താം. ജൂലൈ 29ന് രാവിലെ 10  മുതല്‍ സീറ്റ് അലോട്ട്മെന്‍റ് ഫലം അറിയാം. ജൂലൈ 30 മുതല്‍ ആഗസ്റ്റ് 10 വരെ സീറ്റ് അനുവദിച്ച സ്ഥാപനത്തില്‍ റിപ്പോര്‍ട്ട് ചെയ്ത് അഡ്മിഷന്‍ ഫീസ് അടക്കാവുന്നതാണ്. റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഹാജരാക്കേണ്ട അസല്‍ സര്‍ട്ടിഫിക്കറ്റ്/രേഖകളുടെ ലിസ്റ്റ് വെബ്സൈറ്റില്‍ ലഭ്യമാണ്. ചോയ്സും റാങ്കും കാറ്റഗറിയും പരിഗണിച്ചാണ് സീറ്റ് അലോട്ട്മെന്‍റ് നടത്തുക. 
പ്രോസസിങ് ഫീസ് അടക്കാനുള്ള എസ്.ബി.ഐ ഇ-ചലാന്‍ www.csab.nic.in എന്ന വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അലോട്ട്മെന്‍റിലൂടെ സീറ്റ് ലഭിക്കുന്നവരുടെ ലിസ്റ്റും വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. ഈ പ്രഫഷനല്‍ സീറ്റ് അലോട്ട്മെന്‍റ് ലെറ്ററും ഡൗണ്‍ലോഡ് ചെയ്ത് എടുത്ത് റിപ്പോര്‍ട്ടിങ് സമയത്ത് ഹാജരാക്കണം.
യോഗ്യത: 2016ലെ ജെ.ഇ.ഇ മെയിന്‍ പേപ്പര്‍ ഒന്നില്‍ ലഭിച്ച റാങ്ക് പരിഗണിച്ച് ബി.ഇ/ബി.ടെക് കോഴ്സില്‍ പ്രവേശം ലഭിക്കും. പ്ളസ് ടു/ തുല്യ പരീക്ഷയില്‍ ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് പുറമെ കെമിസ്ട്രി/ ബയോടെക്നോളജി/ ബയോളജി മുതലായ വിഷയങ്ങളിലൊന്ന് കൂട്ടിച്ചേര്‍ത്ത് ഈ ഓരോ വിഷയത്തിനും 45 ശതമാനം (സംവരണ വിഭാഗക്കാര്‍ക്ക് 40 ശതമാനം) മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം.
ബി.ആര്‍ക്/ ബി.പ്ളാനിങ് കോഴ്സുകളില്‍ പ്രവേശത്തിന് ജെ.ഇ.ഇ മെയിന്‍ പേപ്പര്‍ രണ്ടിന്‍െറ റാങ്കാണ് പരിഗണിക്കുക. പ്ളസ് ടു/ തുല്യ പരീക്ഷയില്‍ മാത്തമാറ്റിക്സ് ഒരു വിഷയമായി മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം.
പ്രോസസിങ് ഫീസ് അടച്ചതിനു ശേഷമാണ് പ്രവേശം ആഗ്രഹിക്കുന്ന കോഴ്സും സ്ഥാപനവും അടങ്ങിയ ചോയ്സ് ഫില്ലിങ് വിവരങ്ങള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതിനുള്ള നിര്‍ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്.
സ്വാശ്രയ സ്ഥാപനങ്ങള്‍: എ.ഐ.എസ്.ഇ.സി.ടി യൂനിവേഴ്സിറ്റി, ഭോപാല്‍; അമിറ്റി സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്, അമിറ്റി യൂനിവേഴ്സിറ്റി, ഹരിയാന, അമിറ്റി സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്, അമിറ്റി യൂനിവേഴ്സിറ്റി മധ്യപ്രദേശ്, ഗ്വാളിയോര്‍; അമിറ്റി സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്, അമിറ്റി യൂനിവേഴ്സിറ്റി മുംബൈ, അമിറ്റി സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്, അമിറ്റി യൂനിവേഴ്സിറ്റി രാജസ്ഥാന്‍, ജയ്പുര്‍; അമിറ്റി സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്, അമിറ്റി യൂനിവേഴ്സിറ്റി,  ലഖ്നോ; അമിറ്റി സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് -നോയിഡ, കൊല്‍ക്കത്ത, ഗ്രേറ്റര്‍ നോയിഡ, റായ്പുര്‍; ഭഗവന്ത് യൂനിവേഴ്സിറ്റി, രാജസ്ഥാന്‍; ഡോ. എം.ജി.ആര്‍. എജുക്കേഷനല്‍ ആന്‍ഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ചെന്നൈ; ഗല്‍ഗോട്ടിയസ് യൂനിവേഴ്സിറ്റി, ഉത്തര്‍പ്രദേശ്; ഐ.ടി.എം യൂനിവേഴ്സിറ്റി ഗ്വാളിയോര്‍; കലാശലിംഗം യൂനിവേഴ്സിറ്റി, തമിഴ്നാട്; നോയിഡ ഇന്‍റര്‍നാഷനല്‍ യൂനിവേഴ്സിറ്റി, ഉത്തര്‍പ്രദേശ്; പെരിയാര്‍ മണിയമ്മൈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, വല്ലം, തഞ്ചാവൂര്‍; ടെക്നോ ഇന്ത്യ യൂനിവേഴ്സിറ്റി, വെസ്റ്റ് ബംഗാള്‍; ഡോ. കെ.എന്‍. മോദി യൂനിവേഴ്സിറ്റി, രാജസ്ഥാന്‍ എന്നീ  സാങ്കേതിക സ്ഥാപനങ്ങളുടെ ലിസ്റ്റാണ് പ്രവേശത്തിനായി വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. 
കൂടുതല്‍ വിവരങ്ങള്‍ www.csab.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.