2020 ഓടെ 60 കോഴ്സുകള്‍ ലക്ഷ്യം –കുഫോസ് വൈസ്ചാന്‍സലര്‍

കൊച്ചി: 2020ഓടെ 40 പഠനവകുപ്പുകളിലായി  60 കോഴ്സുകളും 2000 വിദ്യാര്‍ഥികളുമാണ് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) ലക്ഷ്യമിടുന്നതെന്ന് വൈസ് ചാന്‍സലര്‍ ഡോ. ബി. മധുസൂദനക്കുറുപ്പ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടുത്ത അധ്യയന വര്‍ഷം  10 പുതിയ കോഴ്സുകള്‍ ആരംഭിക്കും. ഓഷ്യന്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ പഞ്ചവത്സര എം.എസ്സി, എം.എസ്സി ബയോകെമിസ്ട്രി, എം.എഫ്.എസ്സി ഫിഷറീസ് എക്സ്റ്റന്‍ഷന്‍ എന്നീ പി.ജി കോഴ്സുകളും ബയോസ്റ്റാറ്റിസ്റ്റിക്സ്, ജിയോ ഇന്‍ഫര്‍മാറ്റിക്സ്, ഫിഷിങ് പോളിസി, എന്‍വയണ്‍മെന്‍റല്‍ ഇംപാക്ട് അസസ്മെന്‍റ്, ടാക്സോണമി ഓഫ് അക്വാട്ടിക് അനിമല്‍സ്, ബയോ ഇന്‍ഫര്‍മാറ്റിക്സ് ആന്‍ഡ് ബയോകമ്പ്യൂട്ടേഷന്‍ എന്നീ വിഷയങ്ങളില്‍ പി.ജി ഡിപ്ളോമയുമാണ് തുടങ്ങുന്ന കോഴ്സുകള്‍. 
കൂടാതെ, ആറ് സ്കൂളുകളില്‍ എം.ഫില്‍ കോഴ്സുകളും ആരംഭിക്കും. സര്‍വകലാശാല സ്ഥാപിച്ച് അഞ്ച് വര്‍ഷത്തിനുള്ളില്‍തന്നെ വിദ്യാഭ്യാസ ഗവേഷണ മേഖലകളില്‍ മികച്ച മുന്നേറ്റം നടത്താന്‍ കുഫോസിന് സാധിച്ചിട്ടുണ്ട്. സര്‍വകലാശാല ആരംഭിക്കുമ്പോള്‍ 160 വിദ്യാര്‍ഥികള്‍ മാത്രമുണ്ടായിരുന്നത്  800 ആയി ഉയര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.
മികച്ച തൊഴിലവസരങ്ങളാണ് കുഫോസ് വിദ്യാര്‍ഥികളെ കാത്തിരിക്കുന്നതെന്നും വൈസ് ചാന്‍സലര്‍ ചൂണ്ടിക്കാട്ടി. കുഫോസിലെ ന്യൂജനറേഷന്‍ സമുദ്രപഠന കോഴ്സുകള്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് മറൈന്‍ സയന്‍റിസ്റ്റ്, ജിയോളജിസ്റ്റ്, ജിയോഗ്രാഫര്‍, ഹൈഡ്രോഗ്രാഫര്‍, ഓഷ്യനോഗ്രാഫര്‍, മൈനിങ് എന്‍ജിനീയര്‍ എന്നീ നിലകളില്‍ ജോലി നേടാനാകും. ഷിപ്പിങ്, ബയോഓപ്റ്റിക്കല്‍ മോഡലിങ്, എണ്ണ വ്യവസായം, ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് എന്നീ മേഖലകളിലും ഈ വിദ്യാര്‍ഥികള്‍ക്ക് അവസരങ്ങളുണ്ട്. 2020 വിഷന്‍ പ്ളാന്‍ അനുസരിച്ചാണ് സര്‍വകലാശാല പ്രവര്‍ത്തിക്കുന്നത്. 
ബിരുദാനന്തര ബിരുദ, ഗവേഷണ കോഴ്സുകള്‍ക്കാണ് കുഫോസ് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നത്. ഫിഷറീസ് കോഴ്സുകള്‍ക്ക് പുറമെ എം.ബി.എ, ഫുഡ് സയന്‍സ്, ജിയോസയന്‍സ്, റിമോട്ട് സെന്‍സിങ്, ഫിസിക്കല്‍ ഓഷ്യനോഗ്രഫി, ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ ന്യൂജനറേഷന്‍ എം.എസ്സി കോഴ്സുകളും എം.ടെക്, എല്‍എല്‍.എം കോഴ്സുകളുമടക്കം 34 കോഴ്സുകളാണ് ഇപ്പോള്‍ കുഫോസിലുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.