പവര്‍ ട്രാന്‍സ്മിഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റത്തില്‍ പി.ജി ഡിപ്ളോമ

കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ന്യൂഡല്‍ഹിയിലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇറിഗേഷന്‍ ആന്‍ഡ് പവര്‍ (സി.ബി.ഐ.പി) 2016 സെപ്റ്റംബര്‍ അഞ്ചിനാരംഭിക്കുന്ന 26 ആഴ്ചത്തെ ട്രാന്‍സ്മിഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ കോഴ്സ് പ്രവേശത്തിന് ആഗസ്റ്റ് 15 വരെ www.cbip.org വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. ¥ൈവദ്യുതി പ്രസരണവിതരണ മേഖലക്കാവശ്യമായ സാങ്കേതിക പരിശീലനം സിദ്ധിച്ച മനുഷ്യ വിഭവശേഷി ലഭ്യമാക്കുകയാണ് കോഴ്സിന്‍െറ മുഖ്യ ഉദ്ദേശ്യം. ഇലക്ട്രിസിറ്റി ബോര്‍ഡുകളിലും മറ്റ് പവര്‍ യൂട്ടിലിറ്റി മേഖലകളിലുമാണ് തൊഴിലവസരം. 
യോഗ്യത: ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബി.ടെക്/ബി.ഇ ബിരുദമെടുത്തവര്‍ക്കും ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. 10, 12 ക്ളാസുകളിലെ പരീക്ഷകളിലും 60 ശതമാനം മാര്‍ക്ക്/തുല്യ ഗ്രേഡില്‍ കുറയാതെ നേടി വിജയിച്ചവരാകണം. ഈ പരീക്ഷകളിലെ അക്കാദമിക് മെറിറ്റ് അല്ളെങ്കില്‍ ഗേറ്റ് 2015ലെ ഉയര്‍ന്ന സ്കോര്‍ പരിഗണിച്ചാവും തെരഞ്ഞെടുപ്പ്. ഉയര്‍ന്ന പ്രായപരിധി 2016 ആഗസ്റ്റ് 15ന് 27 വയസ്സ്. സ്പോണ്‍സേഡ് വിഭാഗത്തില്‍ പെടുന്നവര്‍ക്ക് പ്രായപരിധി ഏര്‍പ്പെടുത്തിയിട്ടില്ല. 
അപേക്ഷാഫീസ് 400 രൂപയാണ്. സി.ബി.ഐ.പി ന്യൂഡല്‍ഹിക്ക് മാറ്റാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായി ഫീസടക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ ഹാര്‍ഡ് കോപ്പി,  മറ്റു ബന്ധപ്പെട്ട രേഖകള്‍ സഹിതം ആഗസ്റ്റ് 19ന് മുമ്പായി കിട്ടത്തക്കവണ്ണം The Secretary, Central Board of Irrigation & Power, Malcha Marg, New Delhi - 110021 എന്ന വിലാസത്തില്‍ അയക്കണം. 
ആകെ 60 സീറ്റുകളാണുള്ളത്. ഇതില്‍ 15 ശതമാനം സീറ്റുകള്‍ പവര്‍ യൂട്ടിലിറ്റി മേഖലയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ളവര്‍ക്ക് സ്പോണ്‍സേഡ് കാറ്റഗറിയില്‍ നീക്കിവെച്ചിട്ടുണ്ട്. ഇവര്‍ക്കും ബിരുദതലത്തില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെയുണ്ടാകണം. 
കോഴ്സ് ഫീസ് 1.6 ലക്ഷം രൂപയാണ്. ഇത് 80,000 വീതം രണ്ട് ഗഡുക്കളായി അടക്കാം. എന്നാല്‍, സ്പോണ്‍സേഡ് വിഭാഗത്തില്‍ പ്രവേശം നേടുന്നവര്‍ 2.1 ലക്ഷം ഒറ്റ ഗഡുവായി ഫീസ് നല്‍കണം. കോഷന്‍ഡെപോസിറ്റ് 5000 രൂപയാണ്. പ്ളേസ്മെന്‍റ് അസിസ്റ്റന്‍സ് ചാര്‍ജായി 2500 രൂപയും പ്ളേസ്മെന്‍റ് ചാര്‍ജായി 14,000 രൂപയും ഈടാക്കും. കോഴ്സ് 2016 സെപ്റ്റംബര്‍ അഞ്ചിന് ആരംഭിക്കും. 
ഈ കോഴ്സില്‍ പഠിക്കുന്നതിന് ബാങ്ക് വായ്പ ലഭിക്കും. മിതമായ നിരക്കില്‍ ഹോസ്റ്റല്‍ സൗകര്യവും ലഭ്യമാകും. 
പഠിതാക്കള്‍ക്ക് സി.ബി.ഐ.പി തൊഴിലുറപ്പൊന്നും നല്‍കുന്നില്ളെങ്കിലും കഴിഞ്ഞ ബാച്ചുകളില്‍ പഠിച്ചിറങ്ങിയ മുഴുവന്‍ പേര്‍ക്കും ജോലി നേടാനായതായി വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോഴ്സ് കരിക്കുലവും മറ്റു വിവരങ്ങളും www.cbip.orgല്‍ ലഭിക്കും. 
തെര്‍മല്‍ പവര്‍ പ്ളാന്‍റ് 
എന്‍ജിനീയറിങ് 
ഇതിനു പുറമെ 52 ആഴ്ചത്തെ തെര്‍മല്‍ പവര്‍ പ്ളാന്‍റ് എന്‍ജിനീയറിങ് പി.ജി ഡിപ്ളോമ കോഴ്സ് പ്രവേശത്തിനും സി.ബി.ഐ.പി ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/പവര്‍/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/കണ്‍ട്രോള്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്‍േറഷന്‍ എന്‍ജിനീയറിങ് ബ്രാഞ്ചുകളിലൊന്നില്‍ ബി.ടെക്/ബി.ഇ ബിരുദം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 27 വയസ്സ്. പവര്‍ പ്ളാന്‍റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മനുഷ്യ വിഭവശേഷി വികസിപ്പിച്ചെടുക്കുകയാണ് ഈ കോഴ്സിന്‍െറ മുഖ്യ ലക്ഷ്യം. വിവിധ തെര്‍മല്‍ പവര്‍ പ്ളാന്‍റുകളില്‍ പ്രായോഗിക പരിശീലനം നല്‍കുന്നതോടൊപ്പം ഇന്ത്യന്‍ ഇലക്ട്രിസിറ്റി റെഗുലേഷന്‍സ് അനുസരിച്ചുള്ള തിയറി ക്ളാസുകളും പഠിപ്പിക്കും. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് വൈദ്യുതി മേഖലയില്‍ പവര്‍ പ്ളാന്‍റ് എക്യുപ്മെന്‍റ്സ് ഓപറേഷന്‍ ആന്‍ഡ് മെയിന്‍റനന്‍സ് വിഭാഗത്തില്‍ തൊഴില്‍ സാധ്യതയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ www.cbip.orgല്‍ ലഭിക്കും.   
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.