തിരുവനന്തപുരം: ആറാം പ്രവൃത്തിദിനത്തിലെ കണക്കെടുപ്പ് പൂർത്തിയായപ്പോൾ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ തുടർച്ചയായി മൂന്നാം വർഷവും കുറവ്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഈ അധ്യയന വർഷം 2,34,476 പേരാണ് ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത്. കഴിഞ്ഞ വർഷം അത് 2,50,986 ആയിരുന്നു. ഈ വർഷം 16,510 കുട്ടികളുടെ കുറവ്. അതേസമയം അൺഎയ്ഡഡ് സ്കൂളുകളിൽ 47,863 കുട്ടികൾ ഇക്കുറി പ്രവേശനം നേടി. കഴിഞ്ഞ വർഷത്തെക്കാൾ ഒരു കുട്ടി കൂടിയിട്ടുണ്ട്.
ജനന നിരക്കിലുള്ള കുറവാണ് പ്രവേശനം നേടുന്ന കുട്ടികളുടെ കുറവിന് കാരണമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. 2010ൽ ജനിച്ച കുട്ടികളാണ് 2025ൽ പത്താം ക്ലാസ് പൂർത്തിയാക്കിയത്. 2010ലെ ജനനനിരക്ക് 15.75 ആണ്. 2020ൽ ജനിച്ച കുട്ടികളാണ് ഈ അധ്യയന വർഷം ഒന്നാം ക്ലാസിൽ ചേർന്നത്. 2020ലെ ജനനനിരക്ക് 12.77 ആണ്. ജനനനിരക്കിൽ 2.98 ശതമാനത്തിന്റെ കുറവുണ്ടായി. ഇതാണ് ഒന്നാം ക്ലാസിൽ ചേർന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകാൻ കാരണമെന്ന് മന്ത്രി വിശദീകരിച്ചു.
സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി രണ്ടു മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികളുടെ എണ്ണത്തിൽ വർധനയുണ്ടായതായി മന്ത്രി പറഞ്ഞു. 29,27,513 കുട്ടികളാണ് രണ്ടു മുതൽ 10 വരെ ക്ലാസുകളിലുള്ളത്. കഴിഞ്ഞ വർഷം ഇത് 28,86,607 ആയിരുന്നു. കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഒന്നു മുതൽ 10 വരെ ക്ലാസുകളിലായി അൺ എയ്ഡഡ് ഉൾപ്പെടെ 36,43,642 കുട്ടികളാണുണ്ടായിരുന്നത്. 2023-24ൽ മൊത്തം കുട്ടികളുടെ എണ്ണം 37,46,647 ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.