കേന്ദ്ര സർവിസിൽ വിവിധ തസ്തികകളിൽ 3003 ഒഴിവുകളിൽ നിയമനത്തിനായി സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു. (പരസ്യ നമ്പർ ഫേസ് XIV/2026/സെലക്ഷൻ പോസ്റ്റുകൾ). എസ്.എസ്.എൽ.സി മുതൽ ബിരുദക്കാർക്കുവരെ അപേക്ഷിക്കാവുന്ന തസ്തികകൾ ഇതിൽപെടും. പ്രായപരിധി 18-25/27/30/35. നിയമാനുസൃത വയസ്സിളവുണ്ട്.
വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ടിങ് വിജ്ഞാപനം https://ssc.gov.inൽനിന്നും ഡൗൺലോഡ് ചെയ്യാം. മേയ് നാല് രാത്രി 11 വരെ ഓൺലൈനിൽ അപേക്ഷ സ്വീകരിക്കും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെയും സ്കിൽ/പ്രൊഫിഷ്യൻസി ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷൻ. തസ്തികകളും ഒഴിവുകളും വിജ്ഞാപനത്തിലുണ്ട്. ഒന്നിലധികം തസ്തികകളിലേക്ക് ഫീസ് പ്രത്യേകം അപേക്ഷ നൽകണം. 100 രൂപയാണ് അപേക്ഷാ ഫീസ്. വനിതകൾക്കും പട്ടികജാതി/വർഗം, ഭിന്നശേഷി, വിമുക്ത ഭടന്മാർ വിഭാഗക്കാർക്കും ഫീസില്ല. മേയ് അഞ്ച് രാത്രി 11 വരെ ഫീസ് സ്വീകരിക്കും. അപേക്ഷയിലെ തെറ്റ് തിരുത്തലിന് മേയ് 11-13 വരെ സൗകര്യം ലഭിക്കും. ഇതിന് 200 രൂപ തിരുത്തൽ ചാർജായി നൽകേണ്ടിവരും.
കേരളം, ലക്ഷദ്വീപ്, കർണാടകം എന്നിവിടങ്ങളിലെ ഉദ്യോഗാർഥികൾ റീജനൽ ഡയറക്ടർ, സ്റ്റാഫ് സെലക്ഷൻ കമീഷൻ, ബംഗളൂരുവിന്റെ പരിധിയിലാണ്. കണ്ണൂർ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, കൊല്ലം, തൃശൂർ, ആലപ്പുഴ, മലപ്പുറം എന്നിവയാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ. ലക്ഷദ്വീപിൽ കവരത്തിയും കർണാടകയിൽ ബംഗളൂരു, ബെളഗാവി, ഗുൽബർഗ, മംഗളൂരു, മൈസൂരു, ശിവമൊഗ്ഗ, ഹുബ്ബള്ളി, ഉഡുപ്പി എന്നിവയും പരീക്ഷാ കേന്ദ്രങ്ങളാണ്.
സെലക്ഷൻ ടെസ്റ്റ്: മെട്രിക്കുലേഷൻ, ഹയർസെക്കൻഡറി (പ്ലസ്ടു), ബിരുദതലങ്ങളിൽ മൂന്ന് പ്രത്യേക കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ നടത്തും. ജനറൽ ഇന്റലിജൻസ്, പൊതുവിജ്ഞാനം, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ്(ബേസിക് അരിത്തമെറ്റിക് സ്കിൽ), ഇംഗ്ലീഷ് ലാംഗ്വേജ് (ബേസിക് നോളജ്) എന്നിവയിൽ ഒബ്ജക്ടിവ് മൾട്ടിപ്പിൾ ചോയിസ് തസ്തികയിൽ 100 ചോദ്യങ്ങൾ, പരമാവധി 200 മാർക്കിന് ഉണ്ടാവും. ഒരുമണിക്കൂർ സമയം അനുവദിക്കും. ഉത്തരം തെറ്റിയാൽ അരമാർക്ക് വീതം കുറക്കും. ഇതിൽ യോഗ്യത നേടുന്നവരെ ടൈപ്പിങ്/ഡേറ്റ എൻട്രി/കമ്പ്യൂട്ടർ പ്രൊഫിഷ്യൻസി ടെസ്റ്റ് നടത്തി മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് നിയമനം. തസ്തികകളും യോഗ്യതകളും, അപേക്ഷിക്കേണ്ട രീതിയുമെല്ലാം വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.