പ്രതീകാത്മക ചിത്രം
മുംബൈ: നീറ്റ് യു.ജി പുനഃപരീക്ഷാ ഫലത്തിൽ പിഴവുണ്ടെന്നാരോപിച്ച് സമർപ്പിച്ച നാല് ഹരജികൾ ബോംബെ ഹൈകോടതിയുടെ ഛത്രപതി സംഭാജിനഗർ ബെഞ്ച് തള്ളി. ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ) പ്രസിദ്ധീകരിച്ച ഫലങ്ങളിൽ യാതൊരു പിഴവും കണ്ടെത്താനായില്ലെന്ന് കോടതി വ്യക്തമാക്കി. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉയർത്തി കോടതിയെ സമീപിച്ചതിന് നാല് ഹരജിക്കാർക്കും 5,000 രൂപ വീതം പിഴയും കോടതി വിധിച്ചു.
ജസ്റ്റിസ് എൻ.ബി. സൂര്യവംശി, ജസ്റ്റിസ് എ.ഡി. ഷിൻഡെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നീറ്റ് പുനഃപരീക്ഷയുടെ ഫലത്തിൽ ഗുരുതര പിഴവുകൾ സംഭവിച്ചെന്നും തങ്ങളുടെ ഒ.എം.ആർ ഉത്തരക്കടലാസുകൾ തെറ്റായി വിലയിരുത്തിയെന്നും വിദ്യാർഥികൾ സമർപ്പിച്ച ഹരജികളിൽ ആരോപിച്ചിരുന്നു. നീറ്റ് ഇതേ തുടർന്ന് കോടതി എൻ.ടി.എയോട് ഡൽഹിയിൽ സൂക്ഷിച്ചിരുന്ന യഥാർഥ ഒ.എം.ആർ ഉത്തരക്കടലാസുകൾ ഹാജരാക്കാൻ നിർദേശിക്കുകയായിരുന്നു.
ഹാജരാക്കിയ യഥാർഥ ഒ.എം.ആർ ഷീറ്റുകൾ കോടതി വിശദമായി പരിശോധിച്ചു. ഹരജിക്കാരായ വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും അഭിഭാഷകർക്കും ഒറിജിനൽ ഉത്തരക്കടലാസുകൾ നേരിട്ട് പരിശോധിക്കാൻ കോടതി അവസരം നൽകി. പരിശോധനയിൽ ഒ.എം.ആർ ഷീറ്റുകളിലെ ഉത്തരങ്ങളും എൻ.ടി.എ പ്രസിദ്ധീകരിച്ച മാർക്കും തമ്മിൽ പൊരുത്തക്കേട് ഇല്ലെന്ന് ബോംബെ ഹൈകോടതി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഹരജിക്കാരുടെ ആരോപണങ്ങൾ വസ്തുതാപരമല്ലെന്ന് വിലയിരുത്തിയ കോടതി, ഹരജികൾ തള്ളിക്കളയുകയും ഓരോ വിദ്യാർഥിക്കും 5,000 രൂപ വീതം കോടതി ചെലവിലേക്ക് അടക്കാൻ ഉത്തരവിടുകയും ചെയ്തു.
നീറ്റ് യു.ജി 2026 പരീക്ഷയുമായി ബന്ധപ്പെട്ട മറ്റ് ചില ഹരജികൾ വിവിധ ഹൈകോടതികളിൽ ഇപ്പോഴും പരിഗണനയിലാണ്. ചില കേസുകളിൽ മാർക്ക് വ്യത്യാസം, ഒ.എം.ആർ പൊരുത്തക്കേട് തുടങ്ങിയ പരാതികളിൽ എൻ.ടി.എയോട് വിശദീകരണം തേടുകയും യഥാർഥ രേഖകൾ ഹാജരാക്കാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.