വാഷിങ്ൺ / ന്യൂഡൽഹി: അമേരിക്കയിൽ ഉപരിപഠനത്തിനു ശേഷം ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടിയാകുന്ന പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കാൻ ട്രംപ് ഭരണകൂടം ആലോചിക്കുന്നു. പഠനശേഷം യു.എസിൽ തുടർന്ന് ജോലി ചെയ്യാൻ അനുമതി നൽകുന്ന ‘ഓപ്ഷനൽ പ്രാക്ടിക്കൽ ട്രെയിനിങ് വിസക്കായി ഇനി മുതൽ ഒരു ലക്ഷം ഡോളർ (ഇന്ത്യൻ രൂപയിൽ ഏകദേശം 95 ലക്ഷത്തിലധികം) ഫീസ് ഈടാക്കാനാണ് നീക്കം. വാൾസ്ട്രീറ്റ് ജേർണലാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
നിലവിൽ വൈറ്റ് ഹൗസ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും, വൻ തുക ലോണെടുത്ത് അമേരിക്കൻ സർവകലാശാലകളിൽ പഠിക്കാനെത്തുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളുടെയും കുടുംബങ്ങളുടെയും ഭാവി ഇതോടെ അനിശ്ചിതത്വത്തിലാകും.
അമേരിക്കയിലെ പഠനം പൂർത്തിയാക്കുന്ന വിദേശ വിദ്യാർഥികൾക്ക് പ്രത്യേക വർക്ക് വിസ ഇല്ലാതെ തന്നെ ഒരു വർഷം വരെ അവിടെ ജോലി ചെയ്യാൻ അനുവദിച്ച് നൽകുന്ന സംവിധാനമാണ് ഒ.പി.ടി. സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് മേഖലകളിൽ ബിരുദം നേടുന്നവർക്ക് രണ്ട് വർഷം കൂടി അധികമായി ജോലി ചെയ്യാം. അതായത് ഒരു കമ്പ്യൂട്ടർ സയൻസ് ബിരുദധാരിക്ക് മൂന്ന് വർഷം വരെ ഒ.പി.ടി വഴി യു.എസിൽ ജോലി ചെയ്യാൻ സാധിക്കും.
ഉപരിപഠനത്തിനു ശേഷം അമേരിക്കൻ തൊഴിൽ വിപണിയിലേക്കും പിന്നീട് വിദഗ്ധ തൊഴിലാളികൾക്കുള്ള എച്ച്-1ബി വിസയിലേക്കുമുള്ള പ്രധാന പാലമായാണ് ഒ.പി.ടിയെ അന്താരാഷ്ട്ര വിദ്യാർഥികൾ കാണുന്നത്.
തൊഴിൽ അനുമതിക്കായുള്ള ഈ പാലത്തിനാണ് ഇപ്പോൾ ഒരു ലക്ഷം ഡോളറിന്റെ കനത്ത ഫീസ് ചുമത്താൻ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നത്. വിസ തട്ടിപ്പുകളും നിയമവിരുദ്ധമായ തങ്ങലും തടയാനാണ് ഈ നടപടിയെന്നാണ് ഭരണകൂടത്തിന്റെ വാദം. എന്നാൽ, യഥാർഥ പ്രതിഭകളെ തടയുന്നതാണ് ഈ പരിഷ്കാരമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ, പുതിയ എച്ച്-1ബി വിസ അപേക്ഷകൾക്ക് ട്രംപ് ഭരണകൂടം ഒരു ലക്ഷം ഡോളർ ഫീസ് ചുമത്തിയിരുന്നു. അമേരിക്കൻ ഐ.ടി കമ്പനികൾ നടത്തുന്ന വിദഗ്ധ വിദേശ തൊഴിലാളികളുടെ നിയമനത്തിൽ (ഇതിൽ നാലിൽ മൂന്ന് ഭാഗവും ഇന്ത്യക്കാരാണ്) ഇത് വലിയ ആഘാതമുണ്ടാക്കി.
എന്നാൽ, ബോസ്റ്റണിലെ ഫെഡറൽ അപ്പീൽ കോടതി കഴിഞ്ഞ ആഴ്ച ഈ തുക ഈടാക്കുന്നത് തടഞ്ഞിരുന്നു. കോടതി തിരിച്ചടിയെ തുടർന്ന്, വിദേശ തൊഴിലാളികളുടെ എണ്ണം കുറക്കുക എന്ന ലക്ഷ്യത്തോടെ ഭരണകൂടം നടത്തുന്ന രണ്ടാമത്തെ നീക്കമാണ് പുതിയ ഒ.പി.ടി വിസ ഫീസ് നിരക്കെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈ നിയമം പ്രാബല്യത്തിൽ വന്നാൽ അതിന്റെ ഏറ്റവും വലിയ ഇരകൾ ഇന്ത്യൻ വിദ്യാർഥികളായിരിക്കും. ഏറ്റവും പുതിയ ‘ഓപ്പൺ ഡോർസ്’ റിപ്പോർട്ട് പ്രകാരം, 2024-25 അധ്യയന വർഷത്തിൽ 3.63 ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർഥികളാണ് അമേരിക്കൻ സ്ഥാപനങ്ങളിൽ പഠിക്കുന്നത്. അമേരിക്കയിലെ ആകെ അന്താരാഷ്ട്ര വിദ്യാർഥികളുടെ മൂന്നിലൊന്നും ഇന്ത്യയിൽ നിന്നുള്ളവരാണ്. ഇന്ത്യക്കാരായ വിദ്യാർഥികളിൽ ഏകദേശം 40 ശതമാനവും ഒ.പി.ടി പദ്ധതിയുടെ ഭാഗമാണ്. ഒറ്റ വർഷത്തിനിടെ ഇന്ത്യൻ വിദ്യാർഥികളുടെ ഒ.പി.ടി പങ്കാളിത്തത്തിൽ 47 ശതമാനം വർധനവുണ്ടായിട്ടുണ്ട്. ബാങ്ക് വായ്പയെടുത്ത് പഠനം പൂർത്തിയാക്കിയ ശേഷം അമേരിക്കയിൽ ജോലി ചെയ്ത് തിരിച്ചടക്കുക എന്ന തന്ത്രമാണ് ഭൂരിഭാഗം ഇന്ത്യൻ കുടുംബങ്ങളും ഉപയോഗിക്കുന്നത്. ട്യൂഷൻ ഫീസിനും ചെലവുകൾക്കും പുറമെ ഒരു ലക്ഷം ഡോളർ കൂടി വിസയ്ക്കായി കണ്ടെത്തേണ്ടി വരുന്നത് ഈ കണക്കുകൂട്ടലുകളെല്ലാം തകർത്തുകളയും.
ഇതോടെ ഇന്ത്യൻ വിദ്യാർഥികൾ സ്റ്റെം കോഴ്സുകൾ ഒഴിവാക്കാനും കാനഡ, ബ്രിട്ടൻ, ജർമ്മനി, ആസ്ട്രേലിയ തുടങ്ങിയ മറ്റ് രാജ്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കാനും സാധ്യതയുണ്ടെന്ന് വിദ്യാഭ്യാസ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
അമേരിക്കൻ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കുള്ള വിദേശ വിദ്യാർഥികളുടെ വരവിൽ നേരത്തെ തന്നെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. വിസ അഭിമുഖങ്ങളിലെ കാലതാമസവും കർശന പരിശോധനകളും കാരണം 2024 ആഗസ്റ്റിനും 2025 ആഗസ്റ്റിനുമിടയിൽ പുതിയ ഇന്ത്യൻ വിദ്യാർഥികളുടെ പ്രവേശനത്തിൽ 45 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. വിസ ലഭിക്കുന്നതിലെ ആശങ്കകളാണ് പുതിയ എൻറോൾമെന്റുകൾ കുറയാൻ കാരണമെന്ന് 96 ശതമാനം അമേരിക്കൻ സർവകലാശാലകളും സാക്ഷ്യപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.