പൊതുമേഖലാ ബാങ്കുകളിൽ ജോലി ആഗ്രഹിക്കുന്ന ബിരുദധാരികൾക്ക് മികച്ച അവസരമൊരുക്കി ഐ.ബി.പി.എസ്. രാജ്യത്തൊട്ടാകെയുള്ള 11 പൊതുമേഖലാ ബാങ്കുകളിലായി കസ്റ്റമർ സർവീസ് അസോസിയേറ്റ് തസ്തികയിലേക്ക് 11,403 ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 108 ഒഴിവുകൾ കേരളത്തിലാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഐ.ബി.പി.എസ് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഓഗസ്റ്റ് 21 ആണ് അപേക്ഷ നൽകാനുള്ള അവസാന തീയതി.
ഒഴിവുകളുള്ള പ്രധാന ബാങ്കുകൾ:
ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നീ പ്രമുഖ ബാങ്കുകളിലേക്കാണ് നിയമനം നടക്കുന്നത്.
വിദ്യാഭ്യാസ യോഗ്യത
* അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം.
* അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്.
* ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷയിൽ (കേരളത്തിലാണെങ്കിൽ മലയാളം) എഴുതാനും വായിക്കാനും സംസാരിക്കാനുമുള്ള പ്രാവീണ്യം ഉണ്ടായിരിക്കണം.
പ്രായപരിധി
2026 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കി 20 മുതൽ 28 വയസ്സ് വരെയാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. അപേക്ഷകർ 1998 ഓഗസ്റ്റ് 2-നും 2006 ഓഗസ്റ്റ് 1-നും ഇടയിൽ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാർ ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കുന്നതാണ് (എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 5 വർഷവും ഒ.ബി.സി വിഭാഗത്തിന് 3 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്).
ശമ്പള സ്കെയിൽ
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 24,050 രൂപ മുതൽ 64,480 രൂപ വരെയാണ് ശമ്പള സ്കെയിൽ. ഇതിനുപുറമെ ബാങ്ക് ജീവനക്കാർക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളും അലവൻസുകളും ലഭിക്കും.
അപേക്ഷാ ഫീസ്
* എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർ/വിമുക്തഭടന്മാർ എന്നീ വിഭാഗങ്ങൾക്ക്: ₹175
* ജനറൽ/ഒ.ബി.സി ഉൾപ്പെടെയുള്ള മറ്റു വിഭാഗക്കാർക്ക്: ₹850
തെരഞ്ഞെടുപ്പ് രീതി
പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, പ്രാദേശിക ഭാഷാ പ്രാവീണ്യ പരീക്ഷ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് പ്രക്രിയ. കേരളത്തിൽ അപേക്ഷിക്കുന്നവർക്ക് മലയാള ഭാഷയിൽ പ്രാവീണ്യം തെളിയിക്കേണ്ടതുണ്ട്. പ്രിലിമിനറി പരീക്ഷ 2026 ഒക്ടോബറിലും, മെയിൻ പരീക്ഷ ഡിസംബറിലും നടക്കും.
എങ്ങനെ അപേക്ഷിക്കാം
ഐ.ബി.പി.എസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. രജിസ്ട്രേഷൻ പൂർത്തിയാക്കി ഫീസടച്ച്, ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യാവുന്നതാണ്.
വിശദവിവരങ്ങൾക്ക്
https://www.ibps.in/wp-content/uploads/Notification_CRP_CSA_XVI-Final.pdf
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.