കനത്ത മഴ; നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട് അറിയിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ നാളെ (ഞായറാഴ്ച) നടത്താനിരുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) മാറ്റിവെച്ചു. സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ജാഗ്രതാ നിർദേശങ്ങളുടെയും മോശം കാലാവസ്ഥയുടെയും പശ്ചാത്തലത്തിലാണ് നടപടി. ഉദ്യോഗാർഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് കൂടി പരിഗണിച്ചാണ് പരീക്ഷ മാറ്റാൻ തീരുമാനിച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

സെറ്റ് പരീക്ഷയ്ക്ക് പുറമെ എം.ജി സർവകലാശാല തിങ്കളാഴ്ച (മറ്റന്നാൾ) നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. ഇതിന്റെയും പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. കൂടാതെ, ഇടുക്കി വനം-വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടത്താനിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവെച്ചതായി പി.എസ്.സി അറിയിച്ചു.

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ ഇതുവരെ ആറു മരണമാണ് റിപ്പോർട്ട് ചെയ്തത്. പല ജില്ലകളിലും താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളം കയറിയതോടെ ഗതാഗതം പൂർണ്ണമായും താറുമാറായി. ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടറുകൾ ഘട്ടംഘട്ടമായി 1.50 മീറ്റർ വരെ ഉയർത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോഴിക്കോട് വിലങ്ങാട് മേഖലയിൽ അതിശക്തമായ മഴ തുടരുന്നതിനാൽ പ്രദേശത്ത് കർശന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മന്ത്രിമാരുമായും ജില്ലാ കലക്ടർമാരുമായും ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി. വിവിധ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോട് അതത് ജില്ലകളിൽ നേരിട്ട് ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.

തിരുവനന്തപുരത്ത് സി.പി. ജോൺ, പത്തനംതിട്ടയിൽ പി.സി. വിഷ്ണുനാഥ്, കോട്ടയത്ത് മോൻസ് ജോസഫ്, ഇടുക്കിയിൽ അനൂപ് ജേക്കബ് എന്നിവർക്കാണ് ചുമതല നൽകിയിരിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി നിർവഹിക്കും. ഇതിന് പുറമെ, മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എം.എൽ.എമാരുമായി ഫോണിൽ സംസാരിച്ച മുഖ്യമന്ത്രി, ഏത് അടിയന്തര സാഹചര്യവും നേരിടാൻ പൂർണ്ണ സജ്ജമായിരിക്കാൻ ഇടുക്കി, പത്തനംതിട്ട, കോട്ടയം കലക്ടർമാർക്ക് കർശന നിർദേശവും നൽകിയിട്ടുണ്ട്.

News Summary - SET and University Exams Postponed in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.