കൈവല്യ വോഹ്റ, ആദിത്യ പാലിച്ച 

19ാം വയസിൽ 1000 കോടിയുടെ സമ്പത്ത്; ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ ഇടംനേടി സെപ്റ്റോ സ്ഥാപകൻ കൈവല്യ വോഹ്റ

ന്യൂഡൽഹി: 19ാം വയസ്സിൽ 1000 കോടി രൂപയുടെ സമ്പത്തുമായി ഐ.ഐ.എഫ്.എൽ വെൽത്ത് ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2022ൽ ഇടം നേടി പലചരക്ക് ഡെലിവറി സ്റ്റാർട്ടപ്പായ 'സെപ്റ്റോ'യുടെ സ്ഥാപകൻ കൈവല്യ വോഹ്റ. ആയിരം കോടിയുടെ ആസ്തിയുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരിക്കുകയാണ് വോഹ്റ. ഇന്ത്യയിലെ ധനികരുടെ പട്ടികയിൽ 1036ാം സ്ഥാനത്താണ്.

സെപ്റ്റോയുടെ സഹസ്ഥാപകനായ ആദിത്യ പാലിച്ചയും സമ്പന്നരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. 1200 കോടിയാണ് 20കാരനായ പാലിച്ചയുടെ ആസ്തി. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ 950-ാം സ്ഥാനത്താണ്. 900 മില്യൺ യു.എസ് ഡോളറാണ് ഇവരുടെ സ്ഥാപനമായ സെപ്റ്റോയുടെ ആസ്തി. ഇരുവരും ചേർന്ന് 2020ലാണ് ഓൺലൈനിലൂടെ പലചരക്കുകൾ ഓർഡർ ചെയ്യാവുന്ന ആപ്പായ സെപ്റ്റോ സ്ഥാപിച്ചത്.




 

10 വർഷം മുമ്പ് ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റിലെ ഏറ്റവും ചെറുപ്പക്കാരനായ വ്യക്തിയുടെ പ്രായം 37 ആയിരുന്നു. ഇതാണ് 10 വർഷങ്ങൾക്കിപ്പുറം കൈവല്യ വോഹ്റയിലൂടെ 19 ആയി കുറഞ്ഞിരിക്കുന്നത്.

സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദമെടുത്ത ശേഷമാണ് വോഹ്റ സ്റ്റാർട്ടപ്പ് തുടങ്ങുന്നത്. കിരാനാകാർട്ട് എന്ന ഗ്രോസറി ഡെലിവറി ആപ്പായിരുന്നു 2020ൽ ആദ്യം തുടങ്ങിയത്. പിന്നീടാണ് ഇത് സെപ്റ്റോസെക്കൻഡ് എന്ന പേരിൽ വന്നത്. നഗരങ്ങളിൽ മിനുട്ടുകൾക്കുള്ളിൽ പലചരക്കുകൾ എത്തിച്ചുനൽകുമെന്ന വാഗ്ദാനത്തോടെ ആരംഭിച്ച സെപ്റ്റോ, കോവിഡാനന്തര കാലത്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ വൻ വളർച്ച നേടി.

2020ൽ വൈ.സി കണ്ടിന്യൂറ്റി ഫണ്ട് സെപ്റ്റോയിൽ 200 മില്യൺ ഡോളർ നിക്ഷേപിച്ചു. തുടർന്ന് കമ്പനിയുടെ ആസ്തി ഡിസംബറിൽ 570 മില്യൺ ഡോളറായും ഇപ്പോൾ 900 മില്യൺ ഡോളറായും വളർന്നു.




 

ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ ഓൺലൈൻ വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ ഫിസിക്സ് വാലായുടെ സ്ഥാപകരായ അലാക് പാണ്ഡെയും പ്രതീക് മഹേശ്വരിയും ഇടംനേടിയിട്ടുണ്ട്. ഇരുവർക്കും 4000 കോടി രൂപയുടെ ആസ്തിയാണുള്ളത്. കോവിഡ് കാലത്തെ അവസരം മുതലെടുത്ത് ഇരുവരും ചേർന്ന് രൂപം നൽകിയ ഫിസിക്സ് വാലാക്ക് 1.1 മില്യൺ ഡോളറിന്‍റെ ആസ്തിയാണുള്ളത്. 

Tags:    
News Summary - /business/biz-news/zeptos-kaivalya-vohra-youngest-indian-with-net-worth-above-rs-1000-crore-1076783

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.