ഫ്രാങ്ഫെർട് (ജർമനി): ഇറാനുമേൽ യു.എസ്, ഇസ്രായേൽ സേന നടത്തിയ കടന്നാക്രമണത്തിന് പിന്നാലെ മേഖലയിൽ സംഘർഷം കനത്തത് ആഗോള വിപണിയിൽ എണ്ണ വില കുതിച്ചുയരാൻ കാരണമാകുന്നു. ലോക എണ്ണ വ്യാപാരത്തിൽ നിർണായകമായ ഹോർമുസ് കടലിടുക്ക് വഴിയുള്ള ടാങ്കറുകളുടെ ഗതാഗതത്തിന് തടസ്സം നേരിട്ടതാണ് അസംസ്കൃത എണ്ണയുടെ വില കുതിച്ചുയരാൻ വഴിയൊരുക്കിയത്. യുദ്ധസാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് ഇറാൻ അടക്കുമെന്ന് നേരത്തേതന്നെ ആശങ്കയുയർന്നെങ്കിലും അതിന് ഇറാൻ മുതിർന്നിട്ടില്ല.
എന്നാൽ, ഞായറാഴ്ച ഹോർമുസ് കടലിടുക്കിന് സമീപം ഒമാൻ അതിർത്തിയിലെ ഖസബിൽ എണ്ണക്കപ്പലിനുനേരെയുണ്ടായ ആക്രമണം കപ്പൽ നീക്കത്തെ സാരമായി ബാധിച്ചു. പലാവു ദ്വീപ് രാഷ്ട്രത്തിന്റെ ‘സ്കൈലൈറ്റ്’ ഓയിൽ ടാങ്കറിന് നേരെ നടന്ന ആക്രമണത്തിൽ നാല് ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. ഇതോടെ വിവിധ രാജ്യങ്ങളിലേക്കുള്ള എണ്ണ ടാങ്കറുകൾ ഇരുവശവും കുടുങ്ങിക്കിടക്കുകയാണ്. പ്രതിദിനം 15 ദശലക്ഷം ബാരൽ എണ്ണയാണ് ഇതുവഴി കടന്നുപോകുന്നത്. ഇത് ലോകത്തിലെ എണ്ണ വിതരണത്തിന്റെ 20 ശതമാനം വരും.
ഇറാൻ ആക്രമണത്തിന്റെ രണ്ടാം ദിനം തന്നെ എണ്ണവിലയിൽ വൻതോതിലുള്ള വർധനയുണ്ടായി. തിങ്കളാഴ്ച യു.എസ് എണ്ണ വില ബാരലിന് 7.4 ശതമാനം ഉയർന്ന് 71.97 യു.എസ് ഡോളറിലെത്തി. അതേസമയം അന്താരാഷ്ട്ര നിലവാരമുള്ള ബ്രെന്റ് ബാരലിന് 7.7 ശതമാനം ഉയർന്ന് 78.46 യു.എസ് ഡോളറിലുമെത്തിയിട്ടുണ്ട്. നാലു വർഷത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കാണിത്.
സംഘർഷം നീണ്ടുനിൽക്കുകയും ഇറാൻ ഹോർമുസ് കടലിടുക്ക് അടക്കുകയും ചെയ്താൽ എണ്ണ വില ഇനിയും കുത്തനെ ഉയരുമെന്ന ആശങ്കയാണ് നിലനിൽക്കുന്നത്. പണപ്പെരുപ്പത്തിന്റെ കെടുതി അനുഭവിക്കുന്നതിനിടെയുള്ള എണ്ണ വില വർധന പല രാജ്യങ്ങൾക്കും ഇരുട്ടടിയാകും. യുദ്ധത്തെതുടർന്ന് സാറ്റലൈറ്റ് നാവിഗേഷൻ സംവിധാനങ്ങൾ തകരാറിലായെന്നും എണ്ണ ടാങ്കറുകളുടെ ഗതാഗതം തടസ്സപ്പെട്ടെന്നും ഡേറ്റ ആൻറ് അനലറ്റിക്സ് സ്ഥാപനമായ കെപ്ലർ എക്സിൽ കുറിച്ചു.
ഹോർമുസ് അടച്ചില്ലെങ്കിലും യു.എസിനും ഇസ്രായേലിനുമെതിരെ ഇറാൻ നടത്തുന്ന പ്രത്യാക്രമണങ്ങൾ എണ്ണ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. സൗദിയിലെ പ്രധാന എണ്ണ കമ്പനിയായ അരാംകോക്ക് നേരെ ഒമാൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെ റാസ് തന്നൂർ പ്ലാന്റിന്റെ പ്രവർത്തനം അരാംകോ നിർത്തിവെച്ചിരിക്കുകയാണ്. മേഖലയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ദ്രവീകൃത പ്രകൃതി വാതക (എൻ.എൽ.ജി) ഉൽപാദനം നിർത്തിവെക്കുമെന്ന് ഖത്തർ എനർജി അധികൃതരും അറിയിച്ചിട്ടുണ്ട്.
ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ധനക്ഷാമം ഉണ്ടാകാതിരിക്കാനും വില നിയന്ത്രിക്കാനും ആവശ്യമായ എല്ലാ മുൻകരുതലുകളും എടുക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. നിലവിലെ സാഹചര്യങ്ങൾ സർക്കാർ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. ഇന്ത്യക്കാവശ്യമായ അസംസ്കൃത എണ്ണയുടെ 88 ശതമാനവും പ്രകൃതിവാതകത്തിന്റെ പകുതിയോളവും വിദേശത്തുനിന്നാണ് വരുന്നത്. ഹോർമുസ് കടലിടുക്ക് വഴിയാണ് ഈ ഇന്ധനം പ്രധാനമായും ഇന്ത്യയിലെത്തുന്നത്. ഇന്ധന വിതരണത്തിൽ തടസ്സമില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ എണ്ണക്കമ്പനികളുമായി ചേർന്ന് ബദൽ മാർഗങ്ങളും ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.