ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യൻ കമ്പനികൾക്ക് റഷ്യൻ എണ്ണ വാങ്ങാൻ താൽക്കാലിക അനുമതി നൽകി അമേരിക്ക. 30 ദിവസത്തെ ഇളവാണ് അമേരിക്കൻ ട്രഷറി വകുപ്പ് നൽകിയത്.
കടലിൽ കുടുങ്ങികിടക്കുന്ന റഷ്യൻ കപ്പലുകളിൽനിന്ന് എണ്ണ വാങ്ങുന്നതിനാണ് ഇളവെന്നും രാജ്യാന്തര വിപണിയിലേക്ക് തടസ്സമില്ലാതെ എണ്ണ ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്‍റ് അറിയിച്ചു. ഇറാൻ ഹുർമുസ് കടലിടുക്ക് കപ്പൽപാത അടച്ചതോടെ എണ്ണ ലഭ്യതയുടെ കാര്യത്തിൽ രാജ്യം കടുത്ത പ്രതിസന്ധിയാണ് മുന്നിൽ കാണുന്നത്. രാജ്യത്ത് ആവശ്യമുള്ള എണ്ണയുടെ 88 ശതമാനത്തോളം ഇറക്കുമതിയാണ്.
അതിന്‍റെ 50 ശതമാനത്തോളവും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് ഹുർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. എണ്ണ വരവ് തടസ്സപ്പെട്ടത് രാജ്യത്ത് വിലക്കയറ്റ ആശങ്ക ഉയർത്തിയിരുന്നു. താൽക്കാലികമായെങ്കിലും റഷ്യൻ എണ്ണ ഏറ്റെടുക്കാൻ അനുമതി ലഭിച്ചത് ഇന്ത്യക്ക് വലിയ ആശ്വാസമാകും.
ഹുർമുസ് കടലിടുക്ക് വഴി കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് തീയിടുമെന്ന ഇറാന്‍റെ ഭീഷണിയും നിലവിലുണ്ട്. നിലവിൽ ഇന്ത്യയുടെ പക്കൽ 40-45 ദിവസത്തേക്കുള്ള, 10 കോടി ബാരൽ അസംസ്കൃത എണ്ണയുടെ സ്റ്റോക്ക് മാത്രമേ ബാക്കിയുള്ളു. റഷ്യയിൽനിന്ന് വെട്ടിക്കുറച്ച എണ്ണ ഇറക്കുമതി കൂട്ടാൻ ഇന്ത്യൻ കമ്പനികൾ ശ്രമം തുടങ്ങിയിരുന്നു.
ഏപ്രിൽ മൂന്നു വരെയാണ് ഇന്ത്യക്ക് ഇളവ് അനുവദിച്ചത്. വിവിധ ഉപരോധങ്ങളാൽ തടഞ്ഞുവെച്ച കപ്പലുകളിൽനിന്നുള്ള ഇടപാടുകൾക്കാണ് ഇളവ്.
“പ്രസിഡന്റ് ട്രംപിന്റെ ഊർജ അജണ്ട എണ്ണ, വാതക ഉൽപാദനം എക്കാലത്തെയും ഉയർന്ന തലത്തിലെത്തിച്ചിരിക്കുന്നു. ആഗോള വിപണിയിലേക്ക് എണ്ണയുടെ ഒഴുക്ക് തുടരാൻ, ട്രഷറി ഡിപ്പാർട്ട്‌മെന്റ് ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ എണ്ണ വാങ്ങാൻ 30 ദിവസത്തെ താൽക്കാലിക ഇളവ് അനുവദിക്കുന്നു. ഈ ഹ്രസ്വകാല നടപടി റഷ്യൻ സർക്കാറിന് കാര്യമായ സാമ്പത്തിക നേട്ടം നൽകില്ല, കാരണം ഇതിനകം കടലിൽ കുടുങ്ങിക്കിടക്കുന്ന എണ്ണയുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് മാത്രമേ അംഗീകാരം നൽകുന്നുള്ളൂ -സ്കോട്ട് ബെസ്സന്‍റ് എക്സിൽ കുറിച്ചു. യു.എസിന്‍റെ തീരുവ ഭീഷണിക്കു പിന്നാലെയാണ് ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് കുറച്ചത്.
റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ജനുവരിയിൽ പ്രതിദിനം ഏകദേശം 1.1 ദശലക്ഷം ബാരലായി കുറഞ്ഞിരുന്നു. ഇത് 2022 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണ്. ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ എണ്ണ വില വർധിക്കുകയാണ്. ക്രൂഡോയിൽ ബാരലിന് 83.07 ഡോളറായി ഉയർന്നു. ഇന്ത്യയിൽ ഇതുവരെ എണ്ണവില വർധിപ്പിച്ചിട്ടില്ല. അതേസമയം, വിപണിയിൽ ഉടലെടുക്കുന്ന പ്രതിസന്ധിയുടെ ആഘാതം മറികടക്കാനുള്ള അടിയന്തര പദ്ധതിക്ക് കേന്ദ്ര സർക്കാർ രൂപം നൽകിവരുകയാണ്. പെട്രോൾ, ഡീസൽ കയറ്റുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ബദൽ കപ്പൽ പാതകളുടെ സാധ്യതകളും പരിഗണിക്കുന്നുണ്ട്.
സ്റ്റോറേജ് ടാങ്കുകളിലും ഭൂഗർഭ ശേഖരങ്ങളിലും രാജ്യത്തേക്ക് വരുന്ന കപ്പലുകളിലുമുള്ള എണ്ണയുടെ അളവ് പരമാവധി 45 ദിവസത്തെ ഉപയോഗത്തിന് മാത്രമാണ് തികയുക. പ്രതിസന്ധികൾ മുന്നിൽക്കണ്ടാണ് അടിയന്തര നടപടികൾ എടുക്കാനുള്ള സർക്കാർ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.