വിദേശരാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് ഇരട്ടിയോളം ചുങ്കം ചുമത്തിയ തീരുമാനം റദ്ദാക്കിയ സുപ്രീംകോടതി വിധി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് തിരിച്ചടി. ഇതുകൊണ്ടൊന്നും തളരില്ലെന്ന് വ്യക്തമാക്കിയ ട്രംപ് നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് മറുവഴികൾ തേടുന്നു. ചുങ്കപ്പോര് തുടരുമെന്ന് സാരം.
വിവിധ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് ഏർപ്പെടുത്തിയ തീരുവ ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി യു.എസ് സുപ്രീംകോടതി റദ്ദാക്കിയത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വൻ തിരിച്ചടിയാണ്. കോൺഗ്രസിന്റെ അനുമതിയില്ലാതെ ഏകപക്ഷീയമായി തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ഒമ്പതംഗ ബെഞ്ചിൽ ആറുപേർ വിധിക്ക് അനുകൂലമായും മൂന്നുപേർ എതിർത്തും വോട്ട് ചെയ്തു. ട്രംപിന്റെ പകരച്ചുങ്ക നയങ്ങളെ ചോദ്യം ചെയ്ത് ഡെമോക്രാറ്റുകൾ ഭരിക്കുന്ന 12ഓളം സംസ്ഥാനങ്ങളും, പകരച്ചുങ്ക നയം ദോഷകരമായി ബാധിച്ച വ്യാപാര സ്ഥാപനങ്ങളും കമ്പനികളുമാണ് കോടതിയെ സമീപിച്ചത്.
ഇതുകൊണ്ടൊന്നും തളരില്ലെന്ന് വ്യക്തമാക്കിയ ട്രംപ് 1974ലെ വ്യാപാര നിയമത്തിലെ സെക്ഷൻ 122 പ്രകാരം എല്ലാ രാജ്യങ്ങൾക്കും 10 ശതമാനം ആഗോള തീരുവ ചുമത്തുന്ന പുതിയ എക്സിക്യുട്ടിവ് ഓർഡറിൽ ഒപ്പുവെച്ചു. താരിഫ് നയങ്ങളിൽനിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് ഇതിലൂടെ ട്രംപ് നൽകുന്നത്. സെക്ഷൻ 122 അഞ്ച് മാസത്തേക്ക് മാത്രമുള്ള താൽക്കാലിക നടപടിയാണ്. അതിനിടയിൽ മറ്റു നിയമാനുസൃത വഴികൾ തേടേണ്ടിവരും.
ഫെബ്രുവരി 24 മുതലാണ് പ്രാബല്യം. യു.എസ് കോൺഗ്രസിന്റെ അംഗീകാരം തേടാതെ, 1977 ഐ.ഇ.ഇ.പി.എ ആക്ട് ഉപയോഗിച്ചാണ് നിയമസംവിധാനങ്ങളെ മറികടന്ന് ഡോണൾഡ് ട്രംപ് വിവിധ രാജ്യങ്ങൾക്ക് ചുങ്കം ഏർപ്പെടുത്തിയത്. അതേസമയം, സ്റ്റീലിനും അലുമിനിയത്തിനും വാഹനഘടകങ്ങൾക്കും പ്രഖ്യാപിച്ച 25-50 ശതമാനം തീരുവ നിലനിൽക്കും. ഇതു ചുമത്തിയത് ഐ.ഇ.ഇ.പി.എ പ്രകാരമല്ല.
ഉൽപാദനച്ചെലവ് കൂടുതലായതിനാൽ യു.എസ് ഇറക്കുമതിയെ ആശ്രയിച്ചത് വ്യാപാര കമ്മി വർധിക്കാനിടയാക്കി. അമേരിക്കയുമായുള്ള വ്യാപാര ബന്ധത്തിൽ മിക്ക രാജ്യങ്ങൾക്കും മിച്ചം ആണ് ഉള്ളത്. ഇതു പരിഹരിക്കാനാണ് കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ പകരച്ചുങ്കവുമായി ട്രംപ് രംഗത്തെത്തിയത്. അമേരിക്ക കുറഞ്ഞ തീരുവ ഈടാക്കുന്നത് ഇന്ത്യയും ചൈനയും യൂറോപ്യൻ യൂനിയൻ രാജ്യങ്ങളും മുതലെടുക്കുന്നു എന്നായിരുന്നു ട്രംപിന്റെ വാദം. സഖ്യകക്ഷികളെയും സുഹൃദ്രാജ്യങ്ങളെ പോലും വിടാതെ ട്രംപ് കുത്തനെ തീരുവ വർധിപ്പിച്ചപ്പോൾ ലോകത്ത് വ്യാപാര യുദ്ധത്തിന്റെ പ്രതീതിയുണ്ടായി. വിവിധ രാജ്യങ്ങൾക്ക് 10 മുതൽ 50 ശതമാനം വരെ തീരുവ ചുമത്തി.
ചൈന അതേനാണയത്തിൽ തിരിച്ചടിച്ചതോടെ വ്യാപാരയുദ്ധം മുറുകി. 100 -150 ശതമാനം വരെ ഉയർത്തിയ നികുതി ചർച്ചകളിലൂടെ കുറച്ചുകൊണ്ടുവരുകയായിരുന്നു. ഇന്ത്യക്ക് 26 ശതമാനമായിരുന്നു നികുതി. ഇതിനു പുറമെ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നെന്ന പേരിൽ 25 ശതമാനം പിഴയും ചുമത്തി. അങ്ങനെ പിഴ ചുമത്തിയ ഏക രാജ്യവും ഇന്ത്യയാണ്. പിന്നീട് ഇന്ത്യ -യു.എസ് വ്യാപാര ചർച്ചകളുടെ പരമ്പര തന്നെ നടന്നു. ഇപ്പോൾ ഏകദേശ ധാരണയായ വ്യാപാര കരാർ അനുസരിച്ച് 18 ശതമാനമായിരുന്നു ഇന്ത്യയിൽനിന്നുള്ള യു.എസിലേക്കുള്ള കയറ്റുമതിക്ക് നൽകേണ്ട തീരുവ.
യു.എസ് ഉൽപന്നങ്ങളുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി തീരുവരഹിതവുമാക്കി. ഇത് ആത്മാഭിമാനം പണയം വെച്ചുള്ള അടിയറവെക്കലാണ് എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. തീരുവ റദ്ദാക്കിയതിന് പിന്നാലെ ട്രംപ് മാധ്യമങ്ങളെ കണ്ടപ്പോൾ ഇന്ത്യ -യു.എസ് വ്യാപാര കരാർ സംബന്ധിച്ച് ചോദ്യമുയർന്നു. ഇന്ത്യ മുൻനിശ്ചയിച്ച പ്രകാരം 18 ശതമാനം നികുതി അടക്കുമെന്നും യു.എസ് നികുതി അടക്കില്ലെന്നും ട്രംപ് പറഞ്ഞു. മോദി വിധേയത്വം പ്രകടിപ്പിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ ശരിവെക്കുന്ന രീതിയിലായിരുന്നു ട്രംപിന്റെ പ്രതികരണം. മോദി മികച്ച നേതാവാണെന്നും അദ്ദേഹം നികുതിയടക്കുമെന്നും ട്രംപ് പറഞ്ഞത് ഇന്ത്യൻ പ്രധാനമന്ത്രിക്ക് അപമാനമാണ്.
മറ്റു രാജ്യങ്ങൾക്കു മേൽ 15 ശതമാനം തീരുവ ചുമത്താൻ അമേരിക്കൻ പ്രസിഡന്റിന് അധികാരം നൽകുന്ന യു.എസ് വ്യാപാര നിയമത്തിലെ വകുപ്പാണ് സെക്ഷൻ 122.
ഈ വകുപ്പനുസരിച്ച് അന്വേഷണവും കോൺഗ്രസിന്റെ അനുമതിയും കൂടാതെ, ഉടനടി തീരുവ ചുമത്താമെങ്കിലും അഞ്ചു മാസം വരെയാണ് ഇതിനു കാലാവധി. 150 ദിവസത്തിനുള്ളില് അമേരിക്കൻ കോൺഗ്രസിന്റെ അനുമതി ലഭിച്ചില്ലെങ്കിൽ തനിയെ റദ്ദാക്കപ്പെടും. കയറ്റുമതിയേക്കാള് കൂടുതൽ രാജ്യത്തേക്കുള്ള ഇറക്കുമതി വർധിക്കുന്ന സാഹചര്യത്തിലാണ് ഇത് ഉപയോഗിക്കേണ്ടത്. ഇതാദ്യമായാണ് ഏതെങ്കിലുമൊരു യു.എസ് പ്രസിഡന്റ് ഈ വകുപ്പ് പ്രയോഗിക്കുന്നത്. അഞ്ചു മാസത്തിനകം യു.എസ് കോൺഗ്രസിന്റെ അനുമതി തേടുന്നതിനു പകരം നിയമത്തിലെ മറ്റു പഴുതുകൾ തേടാനാണ് ട്രംപ് ശ്രമിക്കുകയെന്നാണ് സൂചന.
1974ലെ യു.എസ് വ്യാപാര നിയമത്തിലെ 301-ാം വകുപ്പ്: ഓരോ രാജ്യത്തിനുമായി പ്രത്യേകം തീരുവ. ഏതെങ്കിലും രാജ്യം യുഎസ് വ്യാപാര താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നെങ്കിൽ ഉപയോഗിക്കാം. ട്രംപിന്റെ ആദ്യ ഭരണകാലയളവിൽ ചൈനക്കെതിരെ ഉപയോഗിച്ചു.
വ്യാപാര നിയമത്തിലെ 232ാം വകുപ്പ്: ദേശീയ സുരക്ഷക്ക് ഭീഷണിയാണെങ്കിൽ ചില ഉൽപന്നങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ പ്രസിഡന്റിന് അധികാരം നൽകുന്നു. വാണിജ്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ആവശ്യമാണ്. സ്റ്റീൽ, അലുമിനിയം തീരുവ ഈ വകുപ്പു പ്രകാരം.
1930ലെ താരിഫ് നിയമത്തിലെ 338ാം വകുപ്പ്: യു.എസിന്റെ വ്യാപാര താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന രാജ്യങ്ങൾക്കെതിരെ 50 ശതമാനം വരെ തീരുവ ഏർപ്പെടുത്താം. യു.എസ് കോൺഗ്രസിന്റെ അനുമതി വേണം.
തീരുവ സുപ്രീംകോടതി റദ്ദാക്കിയതോടെ ഇതിനകം വിവിധ രാജ്യങ്ങളിൽനിന്ന് പിരിച്ച കോടികൾ നിയമപ്രകാരം അമേരിക്ക തിരിച്ചുനൽകേണ്ടി വരും. ഏകദേശം 15.59 ലക്ഷം കോടി രൂപ തിരിച്ചുനൽകേണ്ടി വരുമെന്നാണ് പെൻസൽവേനിയ സർവകലാശാലയിലെ ഗവേഷകർ തയാറാക്കിയ പ്രാഥമിക കണക്ക്. 25 ലക്ഷം കോടി രൂപ വരെയുണ്ടാകുമെന്നും വിലയിരുത്തലുണ്ട്. സുപ്രീംകോടതി വിധിക്ക് പിന്നാലെ ചില കമ്പനികൾ തിരിച്ചടവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്. തിരിച്ചടവ് സംബന്ധിച്ച് സുപ്രീംകോടതി വ്യക്തമായി പറഞ്ഞിട്ടില്ല.
മാത്രമല്ല പിരിച്ച തുക തിരിച്ചുനൽകുന്നതിലെ ബുദ്ധിമുട്ട് വിയോജന കുറിപ്പിൽ ഒരു ജഡ്ജി പരാമർശിച്ചിട്ടുമുണ്ട്. ഭരണകൂടത്തിന്റെ നിലപാട് ഇക്കാര്യത്തിൽ നിർണായകമാണ്. കോടതി ഇടപെടലില്ലാതെ തുക തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിക്കുന്നതിൽ അർഥമില്ല. തീരുവ വർധിച്ചപ്പോൾ അധിക ചെലവ് ഇന്ത്യൻ, യു.എസ് കമ്പനികൾ സംയുക്തമായാണ് വഹിച്ചത്. ഉൽപന്നങ്ങൾക്ക് വില കൂട്ടി കമ്പനികൾ ഇത് ഉപഭോക്താക്കളിലേക്ക് കൈമാറി. തിരിച്ചുകിട്ടിയാൽ കമ്പനികൾക്ക് ലാഭം.
വൈൻ നിർമാതാക്കളായ വി.ഒ.എസ് സെലക്ഷൻസ് ആണ് തീരുവക്കെതിരെ ആദ്യം കോടതിയെ സമീപിച്ചത്. ഏപ്രിൽ 14നായിരുന്നു ഇത്. പിന്നാലെ മറ്റു പല കമ്പനികളും കോടതിയിലെത്തി. ഏപ്രിൽ 23ന് ഡെമോക്രാറ്റുകൾ ഭരിക്കുന്ന 12 സംസ്ഥാനങ്ങളും കോടതിയെ സമീപിച്ചു. പിന്നീട് പല ഘട്ടങ്ങളിലായി 2000ത്തിലേറെ കമ്പനികൾ നിയമ പോരാട്ടത്തിന്റെ ഭാഗമായി. യു.എസ് കമ്പനികളും ബഹുരാഷ്ട്ര കമ്പനികളും വിദേശ കമ്പനികളും ഇതിൽ ഉൾപ്പെടും.
തീരുവ ബാധിച്ച 800ൽ അധികം യു.എസ് സംരംഭകൾ ‘വീ പേ ദ താരിഫ്’ എന്ന കൂട്ടായ്മ രൂപവത്കരിച്ച് താരിഫ് വിരുദ്ധ പ്രചാരണവും തുടങ്ങി. സുപ്രീംകോടതി തീരുവ റദ്ദാക്കിയതോടെ അവർ അടച്ചുകഴിഞ്ഞത് തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
2025 മേയ് 28ന് കോർട്ട് ഓഫ് ഇന്റർനാഷനൽ ട്രേഡ് ട്രംപിന്റെ തീരുവ പ്രഖ്യാപനങ്ങൾ ഭൂരിഭാഗവും റദ്ദാക്കിയതാണ് തീരുവയുടെ നിയമവഴിയിൽ ട്രംപ് നേരിട്ട ആദ്യ തിരിച്ചടി.യു.എസ് കോൺഗ്രസിന്റെ അനുമതിയില്ലാതെ തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് കോടതി വ്യക്തമായി പറഞ്ഞു. തുടർന്ന് ട്രംപ് ഫെഡറൽ സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസിനെ സമീപിച്ചു. ഈ കോടതിയും തീരുവയെ തള്ളി. അങ്ങനെയാണ് കേസ് സുപ്രീം കോടതിയിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.