ഓട്ടോമോട്ടീവ് ചിപ്പുകൾ നിർമിക്കാൻ ക്വാൽകോമും ടാറ്റാ ഇലക്ട്രോണിക്സും കൈകോർക്കുന്നു

ന്യൂഡൽഹി: ആഗോള സെമികണ്ടക്ടർ ഭീമനായ ക്വാൽകോമും (Qualcomm) ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റാ ഇലക്ട്രോണിക്സും ഇന്ത്യയിൽ അത്യാധുനിക ഓട്ടോമോട്ടീവ് മോഡ്യൂളുകൾ നിർമിക്കുന്നതിനായി കരാർ ഒപ്പിട്ടു. അസമിലെ ജാഗിറോഡിൽ ടാറ്റാ ഇലക്ട്രോണിക്സ് സ്ഥാപിക്കുന്ന സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് (OSAT) പ്ലാന്റിലായിരിക്കും നിർമാണം നടക്കുക. കേന്ദ്ര സർക്കാരിന്റെ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് വലിയ കരുത്തുപകരുന്നതാണ് ടാറ്റായുടെ പുതിയ നീക്കം.

അസമിലെ ജാഗിറോഡിൽ 3 ബില്യൺ ഡോളർ (ഏകദേശം 25,000 കോടി രൂപ) നിക്ഷേപത്തിൽ ഒരുങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ സെമികണ്ടക്ടർ പ്ലാന്റാണിത്. ഡിജിറ്റൽ കോക്പിറ്റുകൾ, ഇൻഫോടൈന്മെന്റ് സിസ്റ്റങ്ങൾ, കണക്റ്റിവിറ്റി, സ്മാർട്ട് വെഹിക്കിൾ സംവിധാനങ്ങൾ എന്നിവക്കുള്ള അത്യാധുനിക മോഡ്യൂളുകൾ ഇവിടെ നിർമ്മിക്കും.

സ്നാപ്ഡ്രാഗൺ ഡിജിറ്റൽ ഷാസി (Snapdragon Digital Chassis) സിസ്റ്റം-ഓൺ-ചിപ്പുകളെ അടിസ്ഥാനമാക്കിയാണ് ഈ മോഡ്യൂളുകൾ പ്രവർത്തിക്കുന്നത്. ഇത് വാഹനങ്ങളുടെ ഡിസൈൻ ലളിതമാക്കാനും നിർമാണ സമയം കുറക്കാനും സഹായിക്കും.

വാഹന വ്യവസായം, സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി മാറുന്ന ഈ കാലഘട്ടത്തിൽ, ഇന്ത്യയെ ഒരു ആഗോള സെമികണ്ടക്ടർ ഹബ്ബാക്കി മാറ്റുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം. ഇന്ത്യൻ വിപണിക്ക് പുറമെ ആഗോളതലത്തിലുള്ള പ്രമുഖ വാഹന നിർമ്മാതാക്കൾക്കും ഇവിടെ നിന്നുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാകും.

'ടാറ്റാ ഇലക്ട്രോണിക്സുമായുള്ള സഹകരണം ഞങ്ങളുടെ ഓട്ടോമോട്ടീവ് പദ്ധതികളിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ലോകോത്തര ഉൽപ്പാദന ശേഷിയുള്ള ടാറ്റയുമായി ചേർന്ന് ഇന്ത്യയെ ആഗോള സെമികണ്ടക്ടർ ഭൂപടത്തിൽ മുൻനിരയിൽ എത്തിക്കാൻ ഞങ്ങൾക്ക് സാധിക്കും,' എന്ന് ക്വാൽകോം ഗ്രൂപ്പ് ജി.എം നകുൽ ദുഗ്ഗൽ പറഞ്ഞു.

'ക്വാൽകോമുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഹൈ-ടെക് മാനുഫാക്ചറിംഗിൽ ഇന്ത്യയെ ഒരു ആഗോള ഹബ്ബാക്കി മാറ്റുക എന്ന ഞങ്ങളുടെ ലക്ഷ്യത്തിന് ഈ കരാർ വലിയ പിന്തുണ നൽകുമെന്ന്' ടാറ്റാ ഇലക്ട്രോണിക്സ് സി.ഇ.ഒ രൺധീർ താക്കൂർ പ്രതികരിച്ചു

അസമിലെ പ്ലാന്റ്: ഇന്ത്യയുടെ അഭിമാനം

അസമിലെ പുതിയ പ്ലാന്റിൽ വൈർ ബോണ്ട് (Wire Bond), ഫ്ലിപ്പ് ചിപ്പ് (Flip Chip), ഇന്റഗ്രേറ്റഡ് സിസ്റ്റം പാക്കേജിങ് (ISP) തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നത്. ഇത് ഓട്ടോമോട്ടീവ് മേഖലയ്ക്ക് പുറമെ വാർത്താവിനിമയം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഐ.ഒ.ടി (IoT) എന്നീ മേഖലകളിലും വലിയ മാറ്റങ്ങൾ കൊണ്ടുവരും.

Tags:    
News Summary - Qualcomm and Tata Electronics join hands to make automotive chips

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.