സൂപ്പർ ടാങ്കറുകൾ പുറപ്പെട്ടു; ഇന്ത്യയിലേക്ക് വീണ്ടും വെനസ്വേലൻ എണ്ണ എത്തുന്നു

ന്യൂ ഡൽഹി: ഇന്ത്യയിലേക്ക് വീണ്ടും വെനസ്വേലൻ എണ്ണ എത്തുന്നു. രണ്ട് ദശലക്ഷം ബാരൽ വരെ ക്രൂഡ് ഓയിൽ വഹിക്കുന്ന സൂപ്പർ-സൈസ് ടാങ്കറുകളാണ് വെനിസ്വേലയിൽ നിന്ന് ഇന്ത്യൻ തീരങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. യു.എസ്- വെനസ്വേല വിതരണ കരാറിന് പിന്നാലെയാണ് ഇന്ത്യയുമായുള്ള വ്യാപാരവും പുനരാരംഭിച്ചത്.

മാത്രമല്ല, നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ വലിയ അളവിലാണ് ഇന്ത്യ വെനസ്വേലൻ എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഇടത്തരം വലിപ്പമുള്ള കപ്പലുകൾക്ക് പകരം സൂപ്പർടാങ്കറുകളിലാണ് ഇത്തവണ എണ്ണ എത്തുന്നത്. മുമ്പ് വെനസ്വലയിൽ നിന്നുള്ള എണ്ണ കുറഞ്ഞ അളവിലായിരുന്നു ഇന്ത്യക്ക് ലഭിച്ചിരുന്നത്. മറ്റ് രാജ്യങ്ങളിലേക്കും വിപണനം നടന്നിരുന്നു. വെനസ്വേലയും യു.എസും തമ്മിലുള്ള വിതരണ കരാറിനെ തുടർന്നാണ് ഈ മാറ്റം.

വെനസ്വേലക്ക് എണ്ണ കയറ്റുമതിയിൽ മുമ്പുണ്ടായിരുന്ന നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതാണ് കരാർ. തത്ഫലമായി വ്യാപാര സ്ഥാപനങ്ങൾക്ക് ഇപ്പോൾ വലിയ ടാങ്കറുകൾ ചാർട്ടർ ചെയ്യാൻ കഴിയും. ഇത് വിദേശത്ത് എണ്ണ വിൽക്കാൻ വെനസ്വേലക്ക് കൂടുതൽ അവസരം നൽകുന്നു.

കരാറിനുശേഷം വെനസ്വേലൻ എണ്ണ കയറ്റുമതി ചെയ്യുന്നതിനായി ട്രേഡിംഗ് ഹൗസുകളും ആവശ്യക്കാരും ആഗോള വിതരണത്തിലെ ഭീമൻകപ്പലുകളായ വി.എൽ.സി.സി ബുക്ക് ചെയ്തിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ആദ്യമായാണ് ഇത്തരത്തിലൊന്ന് സംഭവിക്കുന്നത്. ഇത് ഇന്ത്യയിലേക്കുള്ള കയറ്റുമതി വർധിപ്പിക്കും.

വി.എൽ.സി.സി യുടെ വരവ് വെനസ്വേല എണ്ണ കയറ്റുമതിയുടെ തിരിച്ചുവരവ് സൂചിപ്പിക്കുന്നു. സൂയസ്മാക്സ് ടാങ്കറുകളുടെ ഇരട്ടിയും അഫ്രാമാക്സുകളുടെ നാലിരട്ടിയും ശേഷിയുള്ള വി.എൽ.സി.സി കപ്പലുകൾ ചരക്ക് ചെലവ് കുറക്കാനും വിതരണം വേഗത്തിലാക്കാനും സഹായിക്കും.

ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് ഇത് നിർണായക നിമിഷമാണ്. 2019ൽ വെനസ്വേലക്ക് യു.എസ് ഉപരോധങ്ങൾ ഏർപ്പെടുത്തുന്നത് വരെ വെനസ്വേലൻ എണ്ണയുടെ ഏറ്റവും വലിയ മൂന്നാമത്തെ ആവശ്യക്കാരായിരുന്നു ഇന്ത്യ. ഉപരോധം എണ്ണ വിതരണത്തെ ബാധിച്ചു. എന്നാൽ ഇപ്പോൾ യു.എസ് നിയന്ത്രണങ്ങൽ ലഘൂകരിച്ചതോടെ കാര്യങ്ങൾ പഴയ രീതിയേക്ക് മാറുകയാണ്.

2023 ഡിസംബറിനുശേഷം യു.എസ് ഭീമനായ ഷെവ്‌റോൺ അടുത്തിടെയാണ് റിലയൻസ് ഇൻഡസ്ട്രീസിന് അവരുടെ ആദ്യത്തെ വെനിസ്വേലൻ ക്രൂഡ് ഓയിൽ വിറ്റത്. ബോസ്കാൻ ഹെവി ക്രൂഡ് ഓയിലിന്‍റെ ഏകദേശം ആറ് വർഷത്തിനിടെയുള്ള ആദ്യത്തെ വിൽപ്പനയാണിത്. വിറ്റോളിൽ നിന്ന് രണ്ട് ദശലക്ഷം ബാരൽ എണ്ണയും റിലയൻസ് വാങ്ങിയിട്ടുണ്ട്.

കൂടാതെ വെനിസ്വേലൻ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ പി.ഡി.വി.എസ്.എയിൽ നിന്ന് എണ്ണ നേരിട്ട് വാങ്ങാൻ റിലയൻസ് ശ്രമിക്കുന്നതായും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - Supertankers Depart as Venezuelan Oil Makes Its Way Back to India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.