പ്രതീകാത്മക ചിത്രം

യുവാക്കളുടെ ഉറക്കം മാറി, ശീലങ്ങളും; ഇന്ത്യയിൽ 'ലേറ്റ് നൈറ്റ്' ഫുഡ് ഡെലിവറിയിൽ വൻ കുതിച്ചുചാട്ടം

ന്യൂഡൽഹി: ഇന്ത്യയിലെ യുവതലമുറയുടെ ഭക്ഷണ ശീലങ്ങളിലും ഉറക്കക്രമത്തിലും പ്രകടമായ മാറ്റം വന്നതോടെ രാജ്യത്ത് അർദ്ധരാത്രിയിലെ ഫുഡ് ഡെലിവറി ആവശ്യകതയിൽ വൻ കുതിച്ചുചാട്ടം. മുൻവർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ഒരു വർഷത്തിനിടെ രാത്രി വൈകിയുള്ള ഭക്ഷണ ഓർഡറുകളുടെ എണ്ണത്തിൽ ഇരട്ടി വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രത്യേകിച്ച് രാത്രി 11 മണിക്കും പുലർച്ചെ 3 മണിക്കും ഇടയിലുള്ള സമയത്ത് ഓർഡറുകളിൽ 12 മുതൽ 15 ശതമാനം വരെ വർധനവുണ്ടായതായി വിദഗ്ദ്ധരും പ്രമുഖ ബ്രാൻഡുകളുടെ എക്സിക്യൂട്ടീവുകളും വ്യക്തമാക്കുന്നു.

പൊതുവെ രാത്രി 9 മണിക്ക് അത്താഴം കഴിക്കുന്ന പരമ്പരാഗത ഇന്ത്യൻ ശീലത്തിൽ നിന്ന് വിപരീതമായി, പുലർച്ചെ 2 മണിയോ 3 മണിയോ വരെ ഉണർന്നിരിക്കുന്ന പുതിയ ജീവിതശൈലിയിലേക്ക് യുവാക്കൾ മാറിയതാണ് ഈ മാറ്റത്തിന് പ്രധാന കാരണം. ക്വിക്ക് സർവീസ് റെസ്റ്റോറന്റുകൾ (QSR), ഫുഡ് ഡെലിവറി കമ്പനികൾ, ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ എന്നിവക്കെല്ലാം കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ അർദ്ധരാത്രിയിലും പുലർച്ചെയുമുള്ള ഓർഡറുകളിൽ വലിയ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്.

വടക്കേ അമേരിക്കയിൽ നടക്കുന്ന ഫിഫ ഫുട്ബാൾ ലോകകപ്പ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ഇന്ത്യയിൽ അർദ്ധരാത്രിയിലും പുലർച്ചെയുമായിട്ടാണ് വരുന്നത്. ഇത് നിലവിലെ ആവശ്യകതയെ ചെറിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ടെങ്കിലും, ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ കഴിഞ്ഞ 12 മാസത്തിനിടെ ഈ മേഖലയിൽ 10 മുതൽ 12 ശതമാനം വരെ സ്ഥിരതയാർന്ന വളർച്ച പ്രകടമായിരുന്നുവെന്ന് വ്യവസായ പ്രമുഖർ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയിലെ യുവ ഉപഭോക്താക്കളുടെ ഉറക്ക സമയം പുലർച്ചെ 2 അല്ലെങ്കിൽ 3 മണി വരെയായി മാറിയിട്ടുണ്ടെന്ന് മക്‌ഡൊണാൾഡ്‌സ് ഇന്ത്യ (നോർത്ത് ആൻഡ് ഈസ്റ്റ്) ചെയർമാൻ സഞ്ജീവ് അഗർവാൾ പറഞ്ഞു. പരമ്പരാഗതമായ 9 മണിയുടെ അത്താഴ സമയം മാറിയത് ഓർഡറുകളുടെ സമയക്രമത്തിലും വലിയ മാറ്റം വരുത്തി. നിലവിൽ ഡൽഹി-എൻ.സി.ആർ, ലഖ്‌നോ, ജയ്‌പൂർ തുടങ്ങിയ വിപണികളിലെ തങ്ങളുടെ 20 ശതമാനം ഔട്ട്‌ലെറ്റുകളും പുലർച്ചെ 3 മണി വരെ പ്രവർത്തിക്കുന്നുണ്ടെന്നും ഹൈവേകളിലെ ചില സ്റ്റോറുകൾ 24 മണിക്കൂറും തുറന്നിരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ കണക്കുകൾ പ്രകാരം രാത്രി 11 നും പുലർച്ചെ 3 നും ഇടയിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്യുന്നത് പിസ്സയും ബർഗറുകളുമാണ്. മെട്രോ നഗരങ്ങളിൽ ബംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവയാണ് ഓർഡറുകളിൽ മുന്നിൽ. എന്നാൽ വളർന്നുവരുന്ന മറ്റ് നഗരങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരവും സൂററ്റ്, പട്ന എന്നീ നഗരങ്ങളും വലിയ മുന്നേറ്റം കാഴ്ചവെക്കുന്നു എന്നത് ശ്രദ്ധേയമാണ്.

ഈ കാലയളവിൽ സ്വിഗ്ഗിയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ഒറ്റത്തവണ ഓർഡർ ചണ്ഡീഗഢിൽ നിന്നായിരുന്നു. ഒരൊറ്റ ഉപഭോക്താവ് അർദ്ധരാത്രിയിൽ ഓർഡർ ചെയ്തത് 16,444 രൂപയുടെ ഭക്ഷണമാണ്. വർഷങ്ങളായി വളരെ പതുക്കെ മാത്രം വളർച്ച രേഖപ്പെടുത്തിയിരുന്ന ഇന്ത്യയിലെ ലേറ്റ് നൈറ്റ് ഫുഡ് ഡെലിവറി ബിസിനസ്സ്, മാറിയ സാമൂഹിക ചുറ്റുപാടുകളുടെയും ഉപഭോക്തൃ സംസ്‌കാരത്തിന്റെയും ഫലമായി ഇപ്പോൾ വൻ ലാഭം കൊയ്യുന്ന ഒരു വലിയ വിപണിയായി മാറിക്കഴിഞ്ഞു എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

Tags:    
News Summary - night food delivery booms as changing eating habits of young consumers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.