ലുലു സ്റ്റോറിൽ സ്വയം സഞ്ചരിക്കുന്ന ഒഡിഗോ റോബോട്ട്
ലുലു സ്റ്റോറുകളിൽ ഇനി ‘ഒഡിഗോ’റോബോട്ട് വഴികാട്ടും
ദുബൈ: യു.എ.ഇയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു റീട്ടെയിലും കോഡി മിഡിൽ ഈസ്റ്റ് ഹോൾഡിങ്ങും ചേർന്ന് രാജ്യത്തെ ആദ്യത്തെ ഇൻ-സ്റ്റോർ റോബോട്ടിക് പരസ്യ നെറ്റ്‌വർക്ക് ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി യു.എ.ഇയിലെ 30 ലുലു സ്റ്റോറുകളിലായി നിർമ്മിത ബുദ്ധിയിൽ (എ.ഐ) പ്രവർത്തിക്കുന്ന 62 ‘ഒഡിഗോ’ റോബോട്ടുകളെ വിന്യസിച്ചു. ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങുന്ന സ്ഥലത്തുതന്നെ ബ്രാൻഡുകളുമായി സംവദിക്കാൻ അവസരമൊരുക്കുന്ന പുതിയ റീട്ടെയിൽ മീഡിയ പ്ലാറ്റ്‌ഫോമാണിത്.
ലുലു സ്റ്റോറുകളിൽ സ്വയം സഞ്ചരിക്കുന്ന ഈ ഒഡിഗോ റോബോട്ടുകൾ, ഉപഭോക്താക്കൾക്ക് ഉൽപന്നങ്ങൾ കണ്ടെത്തുന്നതിനും വിവിധ ഓഫറുകളും പ്രൊമോഷനുകളും അറിയുന്നതിനും വഴി നിർദേശിക്കുന്നതിനും സഹായിക്കും. ഇതിനൊപ്പം ബ്രാൻഡുകൾക്ക് അവരുടെ പരസ്യങ്ങൾ ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തിക്കാനുള്ള മാധ്യമമായും ഇത് പ്രവർത്തിക്കുന്നു. ലൊക്കേഷനും സ്റ്റോറിനും അനുസരിച്ച് റോബോട്ടുകളിലെ പരസ്യ ഉള്ളടക്കങ്ങൾ തത്സമയം മാറ്റം വരുത്താനും പരസ്യദായകർക്ക് സാധിക്കും.
പദ്ധതി ഔദ്യോഗികമായി വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി അബൂദബിയിൽ നടന്ന ചടങ്ങിൽ ലുലു റീട്ടെയിൽ സി.ഇ.ഒ സെയ്ഫി രൂപവാലയും കോഡി മിഡിൽ ഈസ്റ്റ് ഹോൾഡിങ് സി.ഇ.ഒ സഞ്ജയ് കിഡേച്ചയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും ഓട്ടോമേഷനും റീട്ടെയിൽ മാധ്യമങ്ങളും സമന്വയിപ്പിക്കുന്നത് ഉപഭോക്താക്കൾക്ക് പുതിയ അനുഭവം നൽകുമെന്നും ബ്രാൻഡുകൾക്ക് മികച്ച പ്ലാറ്റ്‌ഫോം ഒരുക്കുമെന്നും സെയ്ഫി രൂപവാല പറഞ്ഞു. റോബോട്ടിക് പരസ്യരംഗം യു.എ.ഇയിൽ വൻതോതിൽ വികസിപ്പിക്കാൻ ഈ പങ്കാളിത്തം സഹായിക്കുമെന്ന് സഞ്ജയ് കിഡേച്ച വ്യക്തമാക്കി.
ചടങ്ങിൽ ലുലു റീട്ടെയിൽ ചീഫ് ഓപറേറ്റിങ് ആൻഡ് സ്ട്രാറ്റജി ഓഫീസർ വി.ഐ. സലീം, മാർക്കറ്റിംഗ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ, ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ ഷാബു അബ്ദുൽ മജീദ്, കോഡി മിഡിൽ ഈസ്റ്റ് ചെയർമാൻ മാനവ് പട്ടേൽ, ഡയറക്ടർ ദീപ് പഞ്ചാൽ, ചീഫ് ബിസിനസ് ഓഫിസർ ജിനോ കോശി എന്നിവരും പങ്കെടുത്തു. തെരഞ്ഞെടുത്ത ലുലു സ്റ്റോറുകളിൽ നിലവിൽ ഈ റോബോട്ടിക് മീഡിയ നെറ്റ്‌വർക്ക് പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.