വില മാറ്റിയെഴുതി തെറ്റിദ്ധരിപ്പിച്ചു: സ്വിഗിക്കും റസ്റ്റാറന്‍റിനും 1 ലക്ഷം രൂപ പിഴ ചുമത്തി ഡൽഹി ഉപഭോക്തൃ കോടതി

ന്യൂഡൽഹി: ഡൈനൗട്ടിൽ തെറ്റിദ്ധരിപ്പിക്കുന്ന ബഫെ നിരക്ക് കാണിച്ചതിന് ഭക്ഷ്യ വിതരണ പ്ലാറ്റ്‌ഫോമായ സ്വിഗിയും തെമിസ് ബാർബിക്യൂ ഹൗസ് റെസ്റ്റോറന്റും ഉപഭോക്താവിന് സംയുക്തമായി 1 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഡൽഹി ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു.  സ്വിഗി ഡൈനൗട്ട് വഴി നാല് പേർക്ക് വേണ്ടി ബുക്ക് ചെയ്ത ബഫെയിലാണ് പരാതി. ആപ്പിൽ രണ്ടുപേർക്കുള്ള തുക 1,500 എന്നാണ് കാണിച്ചിരുന്നത്, അതായത് ഒരാൾക്ക് 750 വീതം. എന്നാൽ റസ്റ്റോറന്റിൽ എത്തിയപ്പോൾ വെജിറ്റേറിയൻ ബഫെക്ക് ഒരാൾക്ക് 1,050 വീതവും നോൺ-വെജിറ്റേറിയന് 1,100 വീതവുമാണ് ഈടാക്കിയത്. അതായത് കാണിച്ച നിരക്കിനേക്കാൾ ഒരാൾക്ക് 300 മുതൽ 350 വരെ കൂടുതൽ.

പ്രദർശിപ്പിച്ച തുകയും യഥാർഥ വിലയും തമ്മിൽ ഏകദേശം 40-47% വരെ വ്യത്യാസമുണ്ടെന്നും, ഇത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവും അനുചിതമായ വ്യാപാര രീതിയുമാണെന്ന് ഡൽഹി ജില്ലാ തർക്ക പരിഹാര കമ്മീഷൻ വ്യക്തമാക്കി. പ്രസിഡന്റ് ദിവ്യ ജ്യോതി ജയ്പൂരിയാർ, അംഗങ്ങളായ അശ്വനി കുമാർ മേത്ത, ഹർപ്രീത് കൗർ ചാര്യ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രണ്ടുപേർക്കുള്ള തുക എന്നത് ഒരു ഏകദേശ കണക്ക് മാത്രമാണെന്ന് സ്വിഗി ഡൈനൗട്ടിലെ പട്ടികയിൽ വ്യക്തമായി നൽകിയിരുന്നില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു.

മാനസിക ബുദ്ധിമുട്ട്, ഉപദ്രവം, അസൗകര്യം, കേസ് നടത്തുന്നതിനുള്ള ചെലവുകൾ എന്നിവയ്ക്കുള്ള 1 ലക്ഷം നഷ്ടപരിഹാരത്തിന് പുറമെ, സ്വിഗിയിൽ കാണിച്ച തുകയേക്കാൾ കൂടുതലായി ഈടാക്കിയ 3,988ഉം, നിയമവിരുദ്ധമായി വാങ്ങിയ 254 സർവിസ് ചാർജും 9% വാർഷിക പലിശ സഹിതം തിരികെ നൽകാൻ കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്. 

Tags:    
News Summary - Delhi consumer court imposes Rs 1 lakh fine on Swiggy and restaurant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.