ഒരു ഫൂട്ട്‌വെയർ ബിസിനസ് എങ്ങനെ ആരംഭിക്കാം?

ഇന്ത്യയിലെ ഫൂട്ട്‌വെയർ വിപണി അതിവേഗം വളരുകയാണ്. കായിക ഇതര ഉൽപ്പന്നങ്ങൾക്ക് 68% വിഹിതമുണ്ടെങ്കിലും, സ്‌പോർട്സ്-ആത്‌ലഷർ (Athleisure) ഷൂകൾക്കാണ് നിലവിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. ഓൺലൈൻ ഷോപ്പിങ്, പരിസ്ഥിതി സൗഹൃദ ഡിസൈനുകൾ, ഇൻഫ്ലുവൻസർ മാർക്കറ്റിങ് എന്നിവ ഫാഷൻ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. ഇന്ത്യയിൽ ലാഭകരമായ ഒരു ഫൂട്ട്‌വെയർ ബിസിനസ് എങ്ങനെ ആരംഭിക്കാമെന്ന് നോക്കാം:

നിങ്ങൾക്ക് ആരംഭിക്കാൻ കഴിയുന്ന ഫൂട്ട്‌വെയർ ബിസിനസ് മോഡലുകൾ

  • പുരുഷന്മാരുടെ ഫോർമൽ & കാഷ്വൽ ഷൂകൾ: ലെതർ ഓക്‌സ്‌ഫോർഡുകൾ, ലോഫറുകൾ, ദിനചര്യകൾക്കും ഓഫിസ് ആവശ്യങ്ങൾക്കുമുള്ള ബൂട്ടുകൾ.
  • വനിതകളുടെ ഫാഷൻ ഫൂട്ട്‌വെയറുകൾ: ഹീലുകൾ, ഫ്ലാറ്റുകൾ, സാന്ഡലുകൾ, ബൂട്ടുകൾ.
  • അത്‌ലറ്റിക് & സ്‌പോർട്സ് ഷൂകൾ: റണ്ണിങ് ഷൂസ്, ജിം സ്നീക്കറുകൾ, ക്രിക്കറ്റ് സ്‌പൈക്കുകൾ.
  • കുട്ടികളുടെ ഫൂട്ട്‌‌വെയർ: സ്കൂൾ ഷൂകൾ, കൊച്ചുകുട്ടികൾക്കുള്ള സോഫ്റ്റ്-സോൾ ഷൂകൾ.
  • പ്രത്യേക വിഭാഗങ്ങൾ: ഓർത്തോപീഡിക് ഷൂകൾ, സേഫ്റ്റി ബൂട്ടുകൾ, വീഗൻ/ഇക്കോ-ഫ്രണ്ട്‌ലി ഫൂട്ട്‌വെയറുകൾ.
  • ഹാൻഡ്‌മേഡ് / ബസ്‌പോക്ക് ഷൂകൾ: പരമ്പരാഗത കരകൗശലത്തിന് പ്രാധാന്യം നൽകുന്ന ജൂത്തികൾ (Juttis), കസ്റ്റം-ഫിറ്റ് ലെതർ ഷൂകൾ.

ഇന്ത്യയിൽ ഫൂട്ട്‌വെയർ ബിസിനസ് ആരംഭിക്കുന്നതിന്റെ പ്രധാന നേട്ടങ്ങൾ

കായിക-കാഷ്വൽ ഷൂകൾക്ക് അതിവേഗ വളർച്ചയാണുള്ളത്. അതുപോലെ ഫിസിക്കൽ സ്റ്റോറുകൾ ഇല്ലാതെ തന്നെ രാജ്യത്തുടനീളം ഉൽപ്പന്നങ്ങൾ എത്തിക്കാൻ ഇ-കൊമേഴ്‌സ് സഹായിക്കുന്നു. ഫാഷൻ ഇ-കൊമേഴ്‌സ് 24.2% CAGRൽ വളരുന്നു. വീഗൻ, പരിസ്ഥിതി സൗഹൃദ ഫൂട്ട്‌വെയറുകൾക്ക് മത്സരങ്ങൾ കുറവാണ്. ആഗ്ര, കാൻപൂർ, അംബൂർ, ചെന്നൈ തുടങ്ങിയ ഉൽപ്പാദന കേന്ദ്രങ്ങൾ വഴി കുറഞ്ഞ ചെലവിൽ ഉൽപ്പാദിപ്പിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യാം.

ഫൂട്ട്‌വെയർ ബിസിനസ് ആരംഭിക്കുന്നതിനുള്ള ഘട്ടങ്ങൾ 

ഘട്ടം 1: ഉൽപ്പന്ന വിഭാഗവും ഉപഭോക്താക്കളെയും നിശ്ചയിക്കുക

മൈന്ത്ര, ആമസോൺ, അജിയോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ ജനപ്രിയ ഉൽപ്പന്നങ്ങൾ പഠിക്കുക. മെട്രോ നഗരങ്ങൾ ഫാഷൻ/ബ്രാൻഡഡ് ഷൂകൾക്ക് മുൻഗണന നൽകുമ്പോൾ, ടയർ-2/3 നഗരങ്ങൾ ഈടുനിൽപ്പിനും കുറഞ്ഞ വിലയ്ക്കുമാണ് പ്രാധാന്യം നൽകുന്നത്.

ഘട്ടം 2: ബിസിനസ് പ്ലാനും സാമ്പത്തിക ആസൂത്രണവും

തുടക്കത്തിലെ ചെലവ്: ചെറിയ റീട്ടെയിൽ/ഓൺലൈൻ സ്റ്റോറിന് 8-15 ലക്ഷവും, നിർമാണ യൂനിറ്റിന് 50 ലക്ഷമോ അതിൽ കൂടുതലോ വേണ്ടിവരും.

ലാഭ വിഹിതം:

റീട്ടെയിൽ: 20-40%

ഹോൾസെയിൽ: ~35%

മാനുഫാക്ചറിങ്: 50-60%

ഘട്ടം 3: ബിസിനസ് മോഡൽ തിരഞ്ഞെടുക്കുക

റീട്ടെയിൽ സ്റ്റോർ: കടകൾ വഴി നേരിട്ടുള്ള വിൽപ്പന.

ഓൺലൈൻ ബിസിനസ്: സ്വന്തം വെബ്‌സൈറ്റിലൂടെയോ മറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെയോ ഉള്ള വിൽപ്പന.

ഹോൾസെയിൽ: നിർമാതാക്കളിൽ നിന്ന് വൻതോതിൽ വാങ്ങി കടകൾക്ക് നൽകുന്നത്.

മാനുഫാക്ചറിങ്: സ്വന്തമായി ഡിസൈൻ ചെയ്ത് നിർമിക്കുന്നത്.

ഘട്ടം 4: നിയമപരമായ രജിസ്ട്രേഷനുകളും ലൈസൻസുകളും

ബിസിനസ് രജിസ്ട്രേഷൻ: പ്രൊപ്രൈറ്റർഷിപ്പ്, പാർട്ണർഷിപ്പ്, എൽ.എൽ.പി അല്ലെങ്കിൽ പ്രൈവറ്റ് ലിമിറ്റഡ്.

ജി.എസ്.ടി രജിസ്ട്രേഷൻ: ഓൺലൈൻ വിൽപ്പനയ്ക്ക് ജി.എസ്.ടി നിർബന്ധമാണ്.

2,500 രൂപയോ അതിൽ കുറവോ ഉള്ള ഫൂട്ട്‌വെയറുകൾക്ക്: 5% GST

2,500 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക്: 18% GST

അനുബന്ധ ഭാഗങ്ങൾക്ക്: 18% GST

ട്രേഡ് ലൈസൻസ് & ഷോപ്പ് ലൈസൻസ്: പ്രാദേശിക നഗരസഭയിൽ നിന്നുള്ള അനുമതി.

ലീഗൽ മെട്രോളജി & ഇ-കോമേഴ്‌സ് നിബന്ധനകൾ: പാക്കറ്റിൽ എം.ആർ.പി, വലിപ്പം, നിർമാതാക്കളുടെ വിവരങ്ങൾ, ഉത്ഭവിച്ച രാജ്യം എന്നിവ രേഖപ്പെടുത്തണം.

ബി.ഐ.എസ് : ബി.ഐ.എസ് (നിർദ്ദേശിക്കുന്ന ഗുണനിലവാരം ഉറപ്പാക്കണം.

ട്രേഡ്മാർക്ക് രജിസ്ട്രേഷൻ: ബ്രാൻഡ് നാമവും ലോഗോയും സംരക്ഷിക്കാൻ.

ഘട്ടം 5: ബി.ഐ.എസ് ( QCO നിബന്ധനകൾ (നിർമാതാക്കൾക്ക് മാത്രം)

ഫൂട്ട്‌വെയർ നിർമാണത്തിന് ബി.ഐ.എസ് ക്വാളിറ്റി കൺട്രോൾ ഓർഡറുകൾ ബാധകമാണ്. എന്നാൽ വാർഷിക വിറ്റുവരവ് 5 കോടിയിൽ താഴെയുള്ള മൈക്രോ, സ്മോൾ സംരംഭങ്ങളെ നിലവിൽ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഘട്ടം 6: മൂലധനവും ധനസഹായവും

തുടക്കത്തിലെ നിക്ഷേപം (റീട്ടെയിൽ സ്റ്റോറിന്):

സ്റ്റോർ അഡ്വാൻസ് & ഇന്റീരിയർ: 3 - 8 ലക്ഷം

സ്റ്റോക്ക്: 5 - 15 ലക്ഷം

ലൈസൻസ്, സോഫ്റ്റ്‌വെയർ: 70,000 - 1.5 ലക്ഷം

സർക്കാർ വായ്പ പദ്ധതികൾ:

മുദ്ര യോജന: ഈടില്ലാതെ 20 ലക്ഷം വരെ വായ്പ. വനിതകൾക്ക് പലിശയിളവുണ്ട്.

സ്റ്റാൻഡ്-അപ്പ് ഇന്ത്യ): വനിതകൾക്കും SC/ST സംരംഭകർക്കുമായി 2 കോടി വരെ വായ്പ ലഭിക്കും.

ഘട്ടം 7: സപ്ലയർമാരെ കണ്ടെത്തൽ

ആഗ്ര, കാൺപൂർ, ഡൽഹി, ചെന്നൈ, അംബൂർ, ജലന്ധർ തുടങ്ങിയ പ്രധാന ഫൂട്ട്‌വെയർ നിർമ്മാണ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് ഉൽപ്പന്നങ്ങളോ അസംസ്‌കൃത വസ്തുക്കളോ ശേഖരിക്കാം.

ഘട്ടം 8: ബ്രാൻഡിങ്ങും വിപണനവും

മികച്ച പേര്, ലോഗോ, ആകർഷകമായ പാക്കേജിങ് പെട്ടികൾ എന്നിവ ഉറപ്പാക്കുക.

ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്, ഇൻഫ്ലുവൻസർ മാർക്കറ്റിങ് വഴി ഡിജിറ്റൽ പ്രൊമോഷൻ നടത്തുക.

ഘട്ടം 9: പ്രവർത്തനങ്ങളും റിട്ടേൺ മാനേജ്‌മെന്‍റും

സൈസ് മാറ്റങ്ങൾ കാരണം ഫൂട്ട്‌വെയർ മേഖലയിൽ ഉൽപ്പന്നങ്ങൾ തിരിച്ചയക്കുന്നത് (Returns) കൂടുതലായിരിക്കും. അതിനാൽ കൃത്യമായ സൈസ് ചാർട്ടുകൾ നൽകാനും വേഗത്തിലുള്ള കൊറിയർ സേവനങ്ങൾ ഉറപ്പാക്കാനും ശ്രദ്ധിക്കുക.

നേരിടേണ്ടി വന്നേക്കാവുന്ന പ്രധാന വെല്ലുവിളികളും പരിഹാരങ്ങളും

കടുത്ത മത്സരം: സസ്റ്റൈനബിൾ ഷൂസ് അല്ലെങ്കിൽ എക്സ്ട്രാ വൈഡ് ഫിറ്റ് പോലുള്ള ഏതെങ്കിലും ഒരു പ്രത്യേക കാറ്റഗറിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

ഇൻവെന്ററി മാനേജ്‌മെന്‍റ്: വലിപ്പവും നിറവും അനുസരിച്ച് നിരവധി സ്റ്റോക്കുകൾ കൈകാര്യം ചെയ്യേണ്ടിവരും. ഇത് ഒഴിവാക്കാൻ മികച്ച ഇൻവെന്ററി സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുക.

മാറുന്ന ഫാഷൻ ട്രെൻഡുകൾ: സദാ ആവശ്യക്കാരുള്ള ക്ലാസിക് ഡിസൈനുകൾ കൂടുതൽ സൂക്ഷിക്കുക; ട്രെൻഡി ഷൂകൾ ചെറിയ ബാച്ചുകളായി മാത്രം നിർമിക്കുക.

റീട്ടെയിൽ മേഖലയിൽ 20-40% വരെയും നിർമാണ മേഖലയിൽ 50-60% വരെയും ലാഭവിഹിതം നൽകുന്ന ഒന്നാണ് ഫൂട്ട്‌വെയർ ബിസിനസ്. കൃത്യമായ പ്ലാനിങ്ങും ഗുണനിലവാരവുമുണ്ടെങ്കിൽ ഏത് ഘട്ടത്തിലും ഈ മേഖലയിൽ വിജയം കൈവരിക്കാൻ സാധിക്കും.

Tags:    
News Summary - footwear business

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.