ഹൈലൈറ്റ് ഗ്രൂപ്പിന്റെ സൈബർ ടവറിന്റെ നിർമാണോദ്ഘാടനം കോഴിക്കോട് സൈബർപാർക്കിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിക്കുന്നു. സ്ഥപതി ആർക്കിടെക്ട്സ് പ്രിൻസിപ്പൽ ആൻഡ് പാർട്ണർ ടോണി ജോസഫ്, എംഎൽഎ ഫൈസൽ ബാബു, എംപി എം.കെ. രാഘവൻ, റവന്യൂ മന്ത്രി എ. പി. അനിൽ കുമാർ, വ്യവസായ, ഐടി, എഐ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ, എംഎൽഎ കെ. ജയന്ത്, എംഎൽഎയും ഡി.സി.സി പ്രസിഡന്റുമായ കെ. പ്രവീൺ കുമാർ, ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ്, എംഎൽഎ പി.എം.എ. സമീർ, എം. എ. റസാഖ് മാസ്റ്റർ, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവറാവു എന്നിവർ സമീപം
ഐ.ടി മേഖലയുടെ മുഖച്ഛായ മാറ്റാൻ ഹൈലൈറ്റ് സൈബർ ടവർ; നിർമാണോദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി
കോഴിക്കോട്: സംസ്ഥാനത്തിന്റെ ഐ.ടി വിപ്ലവത്തിന് തിരിതെളിയിച്ച് ഹൈലൈറ്റ് ഗ്രൂപിന്റെ ഐ.ടി ഹബ്ബായ ഹൈലൈറ്റ് സൈബർ ടവറിന്റെ നിർമാണോദ്ഘാടനം കോഴിക്കോട് സൈബർപാർക്കിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. നൂതന സാങ്കേതികവിദ്യകൾക്കും പരീക്ഷണങ്ങൾക്കും മുൻഗണന നൽകി കേരളത്തെ പുനർവിഭാവനം ചെയ്യലാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്നും ഈ ദിശയിലുള്ള പ്രചോദനാത്മകമായ മുന്നേറ്റമാണ് ഹൈലൈറ്റ് ഗ്രൂപ്പ് കാഴ്ചവെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹൈലൈറ്റ് നിർമിക്കുന്ന ഐ.ടി സമുച്ചയം ഉൾപ്പെടെ 50 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ പുതിയ വികസന പദ്ധതികൾ 2030ൽ പൂർത്തിയാകുന്നതോടെ കേരളത്തിനുള്ളിൽ രണ്ട് ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. തിരുവനന്തപുരത്തോടും കൊച്ചിയോടുമൊപ്പം പ്രധാന ‘ഐ.ടി ഡെസ്റ്റിനേഷൻ’ ആയി കോഴിക്കോടിനെ മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ അടുത്ത ഐ.ടി ഡെസ്റ്റിനേഷനായി കോഴിക്കോട് മാറുമെന്നതിൽ സംശയമില്ലെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജനങ്ങൾക്ക് അവരുടെ ജീവിതവും കരിയറും കെട്ടിപ്പടുക്കാനുള്ള അവസരങ്ങൾ നൽകുന്നതും, ഒപ്പം ലോകമെമ്പാടുമുള്ള പ്രതിഭകളെയും ബിസിനസുകളെയും ആകർഷിക്കുന്നതുമായ കേരളം പടുത്തുയർത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഹൈലൈറ്റ് ഗ്രൂപ് ചെയർമാൻ പി. സുലൈമാൻ പറഞ്ഞു.
ഐ.ടി വികസനങ്ങളിലൂടെ ബിസിനസുകൾക്ക് വളരാൻ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് സി.ഇ.ഒ അജിൽ മുഹമ്മദ് പറഞ്ഞു. 600 കോടി രൂപയുടെ പദ്ധതിയാണ് ഹൈലൈറ്റ് സൈബർ ടവർ.
റവന്യൂ മന്ത്രി എ. പി. അനിൽ കുമാർ, എം.കെ. രാഘവൻ എം.പി, എം.എൽ.എമാരായ ഫൈസൽ ബാബു, എം.എ. റസാഖ് മാസ്റ്റർ, അഡ്വ. കെ. പ്രവീൺ കുമാർ, കെ. ജയന്ത്, പി.എം.എ. സമീർ, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവറാവു, സൈബർപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.