മഞ്ഞുമലയിൽ ഒരു ന്യൂഡിൽസ് സ്റ്റാൾ; ഒരു ദിവസം 21000 രൂപ വരുമാനം, യുവ സംരംഭകന്റെ പരീക്ഷണം വൈറൽ
ന്യൂഡൽഹി: വലിയ നിക്ഷേപമോ വിപുലമായ ബിസിനസ് പ്ലാനോ ഇല്ലാതെ ഒരു ചെറിയ ന്യൂഡിൽസ് സ്റ്റാൾ. മലമുകളിലെത്തുന്ന വിനോദസഞ്ചാരികളെയും ട്രക്കിങ് നടത്തുന്നവരെയും ലക്ഷ്യമിട്ട് യുവ സംരംഭകൻ നടത്തിയ പരീക്ഷണത്തിൽ ഒരു ദിവസം നേടിയത് 21,000 രൂപയുടെ വരുമാനം. ബദൽ താക്കൂർ എന്ന യുവ കണ്ടന്റ് ക്രിയേറ്ററുടെ മലമുകളിലെ മാഗി വിൽപ്പന പരീക്ഷണമാണ് ഇപ്പോൾ വൈറൽ.
മലമുകളിലെത്തുന്ന നിരവധി സഞ്ചാരികൾ മണിക്കൂറുകളോളം ട്രക്കിങ് ചെയ്താണ് എത്തുന്നത്. പലരും ആവശ്യമായ ഭക്ഷണസാധനങ്ങൾ കരുതാതെയാണ് എത്തുന്നതും. ചൂടുള്ള ഭക്ഷണം ലഭിക്കുന്നതിനുള്ള ഈ ആവശ്യം മനസ്സിലാക്കിയാണ് മലമുകളിൽ ഒരു ദിവസത്തേക്ക് സ്റ്റാൾ തുടങ്ങാൻ ബദൽ തീരുമാനിച്ചത്.
വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത ചെറിയ സ്റ്റാളായിരുന്നു ഒരുക്കിയത്. ഒരു മേശ, ആവശ്യമായ ചേരുവകൾ, പാചകത്തിനായി എൽ.പി.ജി സിലിണ്ടർ എന്നിവ എത്തിച്ചു. സാധാരണ മാഗിക്ക് 70 രൂപയും ചീസ് മാഗിക്ക് 100 രൂപയുമായിരുന്നു വില.
സ്റ്റാൾ തുറന്നതിന് പിന്നാലെ തന്നെ ഉപഭോക്താക്കൾ എത്തിത്തുടങ്ങി. പിന്നീട് തിരക്ക് വർധിച്ചതോടെ ബദലിന് തുടർച്ചയായി മാഗി പാകം ചെയ്ത് വിതരണം ചെയ്യേണ്ടിവന്നു. ഒരു ദിവസം ഏകദേശം 300 മുതൽ 350 പ്ലേറ്റ് വരെ മാഗി വിറ്റതായി ബദൽ വീഡിയോയിൽ പറയുന്നു. വലിയ അടിസ്ഥാന സൗകര്യങ്ങളോ സങ്കീർണമായ ബിസിനസ് പദ്ധതിയോ ഇല്ലാതെയും ശരിയായ സ്ഥലവും ഉപഭോക്താക്കളുടെ ആവശ്യവും തിരിച്ചറിഞ്ഞാൽ ചെറിയൊരു സംരംഭത്തിന് വരുമാനം നേടാനാകുമെന്ന് ബദൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.