ദോഹ ജ്വല്ലറി & വാച്ചസ് എക്‌സിബിഷന് സമാപനം; ആറു ദിനം, 34,000 സന്ദർശകർ
ദോഹ: ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്‌സിബിഷൻ 22ാമത് എഡിഷന് സമാപനം. ഡി.ഇ.സി.സിയിൽ ആറു ദിവസം നീണ്ടുനിന്ന പ്രദർശനത്തിൽ 34,000-ത്തിലധികം സന്ദർശകരാണ് എത്തിയത്. ഖത്തർ ടൂറിസം സംഘടിപ്പിച്ച എക്സിബിഷനിൽ 30 രാജ്യങ്ങളിൽ നിന്നുള്ള 500 ബ്രാൻഡുകളെ പ്രതിനിധീകരിച്ച് 50-ലധികം എക്‌സിബിറ്റർമാരാണ് പങ്കെടുത്തത്. ഖത്തരി ഡിസൈനേഴ്‌സ് പവലിയൻ, തുർക്കിഷ് പവലിയൻ, ഇന്ത്യൻ പവലിയൻ എന്നിവ പ്രത്യേക ശ്രദ്ധ നേടി. എക്സിബിഷന്റെ ഭാഗമായി വിവിധ വർക്ക്‌ഷോപ്പുകളും പാനൽ ചർച്ചകളും സംഘടിപ്പിച്ചിരുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി, എജ്യുക്കേഷൻ എബൗവ് ആൾ ഫൗണ്ടേഷനും ന്യൂയോർക്കിലെ പ്രശസ്ത ജ്വല്ലറി ബ്രാൻഡായ ഡേവിഡ് വെബും തമ്മിലുള്ള തമ്മിലുള്ള രണ്ട് വർഷത്തെ പങ്കാളിത്തത്തിനും തുടക്കമായി. ഡേവിഡ് വെബിന്റെ നെയിൽ, ഓവൽ ലിങ്ക് ഡിസൈനുകൾ റോസ് ഗോൾഡിൽ പുനരവതരിപ്പിച്ചുകൊണ്ടുള്ള ലിമിറ്റഡ് എഡിഷൻ ആഭരണ ശേഖരമാണ് ഇതിന്റെ പ്രധാന ആകർഷണം. ഖത്തറിലെ അസ്തമയ സൂര്യന്റെയും മരുഭൂമിയുടെയും വർണ്ണങ്ങളിൽ പ്രചോദനം ഉൾക്കൊണ്ട് റോസ് ഗോൾഡിൽ തയാറാക്കിയ ലിമിറ്റഡ് എഡിഷൻ കലക്ഷനാണിത്.
ഈ ആഭരണ വിൽപനയിലൂടെ ലഭിക്കുന്ന ലാഭം സ്കൂളിൽ പോകാൻ സാധിക്കാത്ത കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുന്ന ഇ.എ.എ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. .ജെ.ഡബ്ല്യു.ഇയുടെ 23ാമത് എഡിഷൻ 2027 ഏപ്രിൽ 26 മുതൽ മേയ് 1 വരെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ഖത്തർ ടൂറിസവും വിസിറ്റ് ഖത്തറും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.