കൊച്ചി: ഐ.ടി, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് രംഗത്ത് ലുലു ഗ്രൂപ്പിന്‍റെ സ്വപ്നപദ്ധതി കൊച്ചിയിൽ പ്രവർത്തനസജ്ജമായി. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐ.ടി സമുച്ചയമായ ലുലു ഐ.ടി ട്വിൻ ടവർ കാക്കനാട് സ്മാർട്ട് സിറ്റിയിൽ ഈ മാസം 28ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മന്ത്രിമാരായ പി. രാജീവ്, ജി.ആർ. അനിൽ തുടങ്ങിയവർ പങ്കെടുക്കും. 1,500 കോടിയിലേറെ രൂപ മുതൽമുടക്കിൽ പൂർത്തിയാക്കിയ ഇരട്ട ടവറുകളിൽ ഐ.ടി-എ.ഐ മേഖലയിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച അടിസ്ഥാനസൗകര്യങ്ങളാണുള്ളത്.
ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയതും കേരളത്തിലെ ഏറ്റവും വലുതുമായ ഐ.ടി ഓഫിസ് സമുച്ചയമാണിത്. 12.74 ഏക്കറിൽ 30 നില വീതമുള്ള ടവറുകളുടെ ഉയരം 152 മീറ്ററാണ്. 35 ലക്ഷം ചതുരശ്ര അടിയാണ് വിസ്തീർണം. ഇതിൽ 25 ലക്ഷം ചതുരശ്ര അടി ഐ.ടി കമ്പനികളുടെ ഓഫിസ് സൗകര്യമാണ്.
30,000 പേർക്ക് ജോലി ചെയ്യാൻ സൗകര്യം
വിദ്യാസമ്പന്നരായ യുവാക്കൾക്ക് നാട്ടിൽതന്നെ മികച്ച തൊഴിലവസരം ഉറപ്പാക്കുന്ന പദ്ധതിയിൽ 30,000ലേറെ ടെക് പ്രഫഷനലുകൾക്ക് ജോലി ചെയ്യാം. ലോകത്തിലെതന്നെ ഏറ്റവും വലിയ ഓട്ടോമേറ്റഡ്-റോബോട്ടിക് പാർക്കിങ് സൗകര്യം, ഓൺസൈറ്റ് ഹെലിപ്പാഡ് തുടങ്ങി അത്യാധുനിക സൗകര്യങ്ങളും സജ്ജമാണ്. 3200 കാറുകൾക്ക് റോബോട്ടിക് പാർക്കിങ് അടക്കം മൂന്നുനിലയിലായി ഒരേസമയം 4500 കാർ പാർക്ക് ചെയ്യാം.
ഗ്രീൻ ബിൽഡിങ് മികവിനുള്ള ലീഡ് പ്ലാറ്റിനം പ്രീ സർട്ടിഫൈഡ് ബിൽഡിങ് അംഗീകാരത്തോടെ പൂർത്തിയാക്കിയ ഇരട്ട ടവറുകളിൽ നൂറുശതമാനം പവർ ബാക്ക്അപ്, 67 ഹൈസ്പീഡ് ലിഫ്റ്റ്, 12 എസ്കലേറ്റർ, 2500 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഫുഡ് കോർട്ട്, 600 പേർക്ക് ഇരിക്കാവുന്ന അത്യാധുനിക കോൺഫറൻസ് ഹാൾ തുടങ്ങിയവയും ഉണ്ട്. വൈദ്യുതി വാഹന ചാര്‍ജിങ് പോയന്‍റുകള്‍, ഡേറ്റ സെന്‍റര്‍ സൗകര്യം, ബാങ്കിങ് സൗകര്യങ്ങൾ, കൺവീനിയൻസ് സ്റ്റോറുകൾ, ജിംനേഷ്യം, ഔട്ട്ഡോർ ഗാർഡൻ, ക്രെഷ്, ഓപൺ സീറ്റിങ് സ്പേസ്, മഴവെള്ള സംഭരണി, മാലിന്യ സംസ്കരണ പ്ലാന്‍റ് തുടങ്ങിയവ പുറമെ.
മൂന്നുവർഷത്തിനകം അരലക്ഷം തൊഴിലവസരം
മൂന്നുവർഷത്തിനകം അരലക്ഷം ഐ.ടി പ്രഫഷനലുകൾക്ക് ലുലു ഐ.ടി പാർക്കുകളിലൂടെ ജോലി നൽകുകയാണ് ലക്ഷ്യമെന്ന് ഡയറക്ടറും സി.ഇ.ഒയുമായ അഭിലാഷ് വലിയവളപ്പിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ ഇൻഫോപാർക്കിലെ ലുലുവിന്‍റെ രണ്ട് സൈബർ ടവറിലായി 13,800 പേർ ജോലി ചെയ്യുന്നുണ്ട്. ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ഉറപ്പാക്കിയിട്ടുള്ളതെന്നും കേരളത്തിന്‍റെ ഐ.ടി വികസനത്തിന് ഇരട്ട ടവർ കൂടുതൽ വേഗംപകരുമെന്നും ലുലു ഐ.ടി പാർക്സ് ഡയറക്ടറും സി.ഒ.ഒയുമായ അബ്ദുറഹ്മാൻ വ്യക്തമാക്കി.
ഇരട്ട ടവർ കൂടി പ്രവർത്തന സജ്ജമായതോടെ കൊച്ചിയിലെ ഏറ്റവും വലിയ ഐ.ടി അടിസ്ഥാനസൗകര്യ ദാതാക്കളാകും ലുലു ഗ്രൂപ്. ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും മികച്ച ഐക്കോണിക് ഐ.ടി അടിസ്ഥാനസൗകര്യ പദ്ധതിയാണ് യാഥാർഥ്യമാകുന്നത്.
ലുലു ഗ്രൂപ് ഇന്ത്യ ഡയറക്ടറും സി.ഇ.ഒയുമായ എം.എ. നിഷാദ്, ലുലു ഗ്രൂപ് ഇന്ത്യ ഡയറക്ടർ ഫഹാസ് അഷ്റഫ്, ലുലു ഇന്ത്യ സി.ഒ.ഒ രജിത്ത് രാധാകൃഷ്ണൻ, ലുലു ഗ്രൂപ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി. സ്വരാജ്, ലുലു ഐ.ടി പാർക്സ് സി.എഫ്.ഒ മൂർത്തി ബുഗാട്ട തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ലുലു ഐ.ടി ട്വിൻ ടവർ
* മുതൽ മുടക്ക് 1500 കോടിയിലധികം
* ഓൺസൈറ്റ് ഹെലിപ്പാഡ് അടക്കം അത്യാധുനിക സൗകര്യങ്ങൾ
* 12.74 ഏക്കറിൽ 30 നില വീതം രണ്ട് ടവർ; വിസ്തീർണം 35 ലക്ഷം ചതുരശ്ര അടി
* 30,000ലേറെ ടെക് പ്രഫഷനലുകൾക്ക് തൊഴിലവസരം
* 3200 കാറുകൾക്ക് റോബോട്ടിക് പാർക്കിങ് സൗകര്യം
* 2500 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഫുഡ് കോർട്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.