പിടിവിടുന്നു; മൊത്തവില പണപ്പെരുപ്പം 15.08%

ന്യൂഡൽഹി: ജനജീവിതം കൂടുതൽ ദുസ്സഹമാക്കി പണപ്പെരുപ്പത്തിൽ റെക്കോഡ് വർധന. മൊത്തവില സൂചിക(ഡബ്ല്യു.പി.ഐ) അടിസ്ഥാനമാക്കിയ പണപ്പെരുപ്പം ഏപ്രിലിൽ 15.08 ശതമാനത്തിലേക്ക് കുതിച്ചുയർന്നു. മാർച്ചിലെ 14.55 ശതമാനത്തിൽ നിന്നാണ് വർധന. കഴിഞ്ഞ വർഷം ഇതേസമയത്ത് 10.74 ശതമാനമായിരുന്നു.

കഴിഞ്ഞ ഒമ്പതു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പമാണ് ഏപ്രിലിൽ ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഈ മാസം 12ന് പുറത്തുവിട്ട കണക്കനുസരിച്ച് ഉപഭോക്തൃ വില സൂചിക (സി.പി.ഐ)അടിസ്ഥാനമാക്കിയ ചില്ലറ വില പണപ്പെരുപ്പം 7.79 ശതമാനമെന്ന റെക്കോഡിലെത്തിയിരുന്നു. 2014നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.

പണപ്പെരുപ്പം റിസർവ് ബാങ്ക് കണക്കാക്കിയ പരിധിക്കപ്പുറം കടന്നതിനാൽ ആർ.ബി.ഐ പണനയ സമിതി മേയ് നാലിന് അടിയന്തര യോഗം ചേർന്ന് പലിശ നിരക്ക് ഉയർത്തിയിരുന്നു. പണപ്പെരുപ്പം പിടിച്ചുനിർത്താൻ ലക്ഷ്യമിട്ട് നാല് ശതമാനമായിരുന്ന അടിസ്ഥാന പലിശ നിരക്ക് (റിപ്പോ) 4.40 ശതമാനത്തിലേക്കാണ് കൂട്ടിയത്. ഭക്ഷ്യസാധനങ്ങൾക്ക് മാർച്ചിലേതിനേക്കാൾ ഏപ്രിലിൽ 3.4 ശതമാനം വർധനയുണ്ടായി. ഉത്തരേന്ത്യയിലെ ചൂടുകാറ്റ് പഴങ്ങൾ, പച്ചക്കറികൾ, പാൽ തുടങ്ങി എളുപ്പം കേടാകുന്ന ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റത്തിന് കാരണമായി.

പണപ്പെരുപ്പം ഇതേ നിലയിൽ തുടർന്നാൽ ജൂണിലെ ആർ.ബി.ഐ പണനയ യോഗത്തിൽ വീണ്ടും പലിശ നിരക്ക് ഉയർത്തുമെന്ന് സാമ്പത്തിക വിദഗ്ധർ കരുതുന്നു. നിലവിലെ 4.40 ശതമാനത്തിൽ നിന്ന് ആഗസ്റ്റോടെ റിപ്പോ നിരക്ക് 5.5 ശതമാനമായേക്കുമെന്നും വിലയിരുത്തലുണ്ട്.

കാരണം ഉപഭോക്തൃ വസ്തുക്കൾക്കുണ്ടായ വിലക്കയറ്റം

എല്ലാത്തരം ഉപഭോക്തൃ വസ്തുക്കൾക്കുമുണ്ടായ വിലക്കയറ്റമാണ് പണപ്പെരുപ്പം കൂടാൻ കാരണമെന്നാണ് വിശദീകരണം. ഉപഭോക്തൃ വസ്തുക്കളിൽ 2.1 ശതമാനം വർധന രേഖപ്പെടുത്തിയപ്പോൾ ഇന്ധന വിലയിൽ 2.8 ശതമാനമാണ് മാർച്ചിനെ അപേക്ഷിച്ച് ഏപ്രിലിലെ വർധന. നിർമാണ ഉൽപന്നങ്ങൾക്ക് 1.7 ശതമാനവും വിലക്കയറ്റമുണ്ടായി. മൊത്തവില സൂചികയുടെ 64.23 ശതമാനവും നിർമാണ ഉൽപന്നങ്ങളാണ്.


Tags:    
News Summary - Inflation 15.08%; Interest rates may go up again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.