മഞ്ഞളിപ്പ് ബാധിച്ച കുരുമുളക്
കാലാവസ്ഥാ വ്യതിയാനം: കുരുമുളക് ഉൽപാദനം കുറയും
പുൽപള്ളി: കാലാവസ്ഥാ വ്യതിയാനം കുരുമുളക് കൃഷിക്കാർക്ക് തിരിച്ചടിയാകുന്നു. കറുത്ത പൊന്നിന്റെ നാട് എന്നറിയപ്പെടുന്ന പുൽപള്ളി മേഖലയിൽ മഴക്കുറവിനാൽ കുരുമുളക് ഉൽപാദനം ഇത്തവണ കുത്തനെ കുറയും. വയനാട്ടിൽ മഴയുടെ അളവ് ഗണ്യമായി കുറഞ്ഞിരുന്നു. കുരുമുളക് തിരിയിട്ടതിനു ശേഷം കാര്യമായി മഴ ലഭിച്ചില്ല. ഇത് കായ് പിടുത്തത്തെ ബാധിച്ചു. വയനാടിന്റെ സമ്പദ് വ്യവസ്ഥയിൽ ഒരുകാലത്ത് കുരുമുളക് മുഖ്യപങ്ക് വഹിച്ചിരുന്നു.
അക്കാലമെല്ലാം പോയിമറഞ്ഞു. മുൻ വർഷങ്ങളിൽ രോഗ, കീടബാധകളും കുരുമുളക് തോട്ടങ്ങളെ ഇല്ലാതാക്കി. പുൽപള്ളിയിലും മുള്ളൻകൊല്ലിയിലുമെല്ലാം കുരുമുളക് തോട്ടങ്ങളുടെ എണ്ണം പാടെ കുറഞ്ഞു. കുരുമുളക് കൃഷിയെ സംരക്ഷിക്കുന്നതിന് കാര്യമായ പദ്ധതികളും ഒരുക്കിയിട്ടില്ല. കോടിക്കണക്കിന് രൂപയുടെ കുരുമുളക് പുനരുദ്ധാരണ പദ്ധതികൾ നടപ്പാക്കിയെങ്കിലും ഒന്നും വിജയം കണ്ടിട്ടില്ല.
പുൽപള്ളി മേഖലയിൽ തോട്ടങ്ങൾ എല്ലാം തരിശ്ശായി മാറിക്കൊണ്ടിരിക്കുകയാണ്. വേരുചീയലും ദ്രുതവാട്ടവും മഞ്ഞളിപ്പുമെല്ലാം കൃഷിയെ പൂർണമായി ഇല്ലാതാക്കുകയാണ്. ഇതോടൊപ്പം താങ്ങുകാലുകൾക്കുണ്ടായ രോഗബാധകളും കർഷകർക്ക് തിരിച്ചടിയായി. ഇത്തവണത്തെ പ്രതികൂല കാലാവസ്ഥ കുരുമുളക് കൃഷിയെ പിന്നാക്കം കൊണ്ടുപോയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.