ചൂടുള്ള കാലാവസ്ഥയിലും വളരും, കൃത്യമായി നനച്ചാൽ മതി; ‘ചെറി’ നടുമ്പോൾ ശ്രദ്ധിക്കേണ്ടത്

പൊതുവേ തണുപ്പുള്ള കാലാവസ്ഥയിൽ വളരുന്ന ഇനമാണ് ചെറി. എന്നാൽ കേരളത്തിന്റെ ഉഷ്ണമേഖല കാലാവസ്ഥയിലും ഇടവിട്ടുള്ള തണുപ്പുള്ള സാഹചര്യത്തിലും നമുക്കും എളുപ്പത്തിൽ വളർത്തിയെടുക്കാൻ പറ്റുന്ന ഒന്നാണിത്. സജീവ ഇനമായ ബാർബഡോസ് ചെറിയാണ് പൊതുവേ നട്ടുപിടിപ്പിക്കാറുള്ളത്.

അമിത തണുപ്പും മഞ്ഞും ആവശ്യമുള്ള സാധാരണ ചെറികളല്ല, മറിച്ച് കേരളത്തിലെ ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥയെ പൂർണമായും അതിജീവിക്കാൻ കഴിയുന്ന പ്രത്യേക ചെറി ഇനങ്ങളാണ് ഇപ്പോൾ തോട്ടങ്ങളിൽ കൃഷി ചെയ്തുവരുന്നത്.

ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലമാണ് നടുന്നതിന് ഏറ്റവും അനുയോജ്യം. നട്ടുപിടിപ്പിച്ചാൽ മൂന്നാമത്തെ വര്‍ഷം മുതല്‍ ചെറി കായ്ച്ചുതുടങ്ങും. സാധാരണയായി മേയ് അവസാനം മുതൽ ജൂൺ ആദ്യം വരെ വിളവെടുക്കാവുന്നതാണ്. കായ്ച്ച ഉടൻ കായ്ക്കൾക്ക് ചുവപ്പു കലർന്ന വെള്ള നിറവും പഴുത്തു കഴിയുമ്പോൾ നിറം കറുപ്പു കലർന്ന ചുവപ്പുമാകും. പച്ചയോടെയും അതല്ലാതെ പഴുത്തതിനുശേഷവും കഴിക്കാവുന്നതാണ്.

ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്ന പഴമാണിത്. ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം എളുപ്പമാക്കാനും മലബന്ധം തടയാനും സഹായകരമാണെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

നടുമ്പോൾ ശ്രദ്ധിക്കേണ്ടത്

വിദേശ രാജ്യങ്ങളിൽ കാണുന്ന ചില ചെറികൾ കേരളത്തിൽ വളരില്ല. അതിനാൽ ബാർബഡോസ് ചെറി അല്ലെങ്കിൽ അസറോള ചെറി പോലുള്ള ഉഷ്ണമേഖല ഇനങ്ങൾ തിരഞ്ഞെടുക്കുക. നല്ല നീർവാർച്ചയുള്ള മണ്ണും, ദിവസവും കുറഞ്ഞത് 5-6 മണിക്കൂർ നേരിട്ട് സൂര്യപ്രകാശവും ലഭിക്കുന്ന ഇടം ചെടികൾക്കായി തിരഞ്ഞെടുക്കണം.

സ്ഥലം കുറവുള്ളവർക്ക് വലിയ ഗ്രോബാഗുകളിലോ ചട്ടികളിലോ ഇത് എളുപ്പത്തിൽ വളർത്താം. ചാണകപ്പൊടിയോ കമ്പോസ്റ്റോ ജൈവവളമായി നൽകാം. ചാണകപ്പൊടി, കമ്പോസ്റ്റ്, വേപ്പിന്‍പിണ്ണാക്ക് എന്നിവയോടൊപ്പം ഗോമൂത്രവും നല്‍കുന്നത് ചെടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്.

വേനൽക്കാലത്ത് ദിവസവും നനച്ചു കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. തണുപ്പുള്ള ഇടങ്ങളിലാണ് ഇതിന്റെ ദേശം എന്നതുകൊണ്ടുതന്നെ നമ്മുടെ മണ്ണിൽ വളർത്തുമ്പോൾ നന്നായി നനയ്ക്കേണ്ടി വരും.

Tags:    
News Summary - How to Grow Cherry Plants in Kerala: Tips for Planting and Care

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.