തക്കാളി നന്നായി വിളയും; ശ്രദ്ധിക്കേണ്ടത് ഈ അഞ്ച് കാര്യങ്ങള്
അടുക്കളയിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ് തക്കാളി. വിപണിയിലെ വിലക്കയറ്റവും മായവും ഒഴിവാക്കാന് സ്വന്തമായി തക്കാളി കൃഷി ചെയ്യുന്നവരുടെ എണ്ണം നാള്ക്കുനാള് ഏറിവരികയാണ്. ഗ്രോ ബാഗുകളിലോ അടുക്കളത്തോട്ടത്തിലോ തക്കാളി നടുമ്പോള് മികച്ച വിളവെടുപ്പ് ഉറപ്പാക്കാന് അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങളുണ്ട്.
ശരിയായ സൂര്യപ്രകാശം: തക്കാളി ചെടികൾക്ക് സമൃദ്ധമായി കായ്ഫലം ലഭിക്കാന് ദിവസേന ചുരുങ്ങിയത് ആറു മണിക്കൂറെങ്കിലും നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കണം.
നനയ്ക്കുന്നതിലെ ശ്രദ്ധ: ചെടിയുടെ മണ്ണ് എപ്പോഴും മിതമായ ഈര്പ്പത്തോടെ നിലനിര്ത്തേണ്ടതുണ്ട്. എന്നാല് ഒരിക്കലും വെള്ളം കെട്ടിക്കിടക്കാനും അനുവദിക്കരുത്. പ്രഭാത സമയത്ത് നനയ്ക്കുന്നതാണ് ഏറ്റവും ഉചിതം. ഫംഗസ് രോഗബാധ തടയുന്നതിനായി ഇലകളിലും തണ്ടുകളിലും വീഴ്ത്താതെ ചെടിയുടെ ചുവട്ടിലേക്ക് മാത്രം വെള്ളം ഒഴിക്കുക.
ജൈവ വളപ്രയോഗം: നടീല് വേളയില് മണ്ണില് ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേര്ക്കാം. ചെടിയുടെ വളര്ച്ചാ ഘട്ടങ്ങളില് 15 ദിവസത്തിലൊരിക്കല് കടലപ്പിണ്ണാക്ക്, വേപ്പിന്പിണ്ണാക്ക്, കഞ്ഞിവെള്ളം എന്നിവ നേര്പ്പിച്ചു നല്കുന്നത് ഇരട്ടി ഫലം തരും. കൂടാതെ, അൽപം കുമ്മായമോ മുട്ടത്തോട് പൊടിച്ചതോ മണ്ണില് ചേര്ക്കുന്നത് കായ്കൾ നിറയാൻ സഹായിക്കും.
താങ്ങും ശുചീകരണവും: ചെടി വളര്ച്ച പ്രാപിക്കുമ്പോള് തണ്ടുകള് ഒടിഞ്ഞുപോകാതിരിക്കാനും കായ്കള് മണ്ണില് മുട്ടി ചീഞ്ഞുപോകാതിരിക്കാനും ശക്തമായ വടിയോ കമ്പോ ഉപയോഗിച്ച് താങ്ങ് നല്കണം. മണ്ണിനോട് ചേര്ന്നുനില്ക്കുന്ന ചുവട്ടിലെ ഇലകള് നീക്കം ചെയ്യുന്നത് ഫംഗസ് ബാധ ഫലപ്രദമായി പ്രതിരോധിക്കും.
പരാഗണവും കീടനിയന്ത്രണവും: ഗ്രോ ബാഗുകളിലാണ് കൃഷിയെങ്കില് കൃത്രിമ പരാഗണത്തിനായി രാവിലെ പൂക്കള് നില്ക്കുന്ന ശാഖകളില് ചെറുതായി തട്ടിക്കൊടുക്കുക. ഇലച്ചുരുട്ടല്, വെള്ളീച്ച തുടങ്ങിയ കീടങ്ങളെ അകറ്റാന് ആഴ്ചയിലൊരിക്കല് വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതമോ സോപ്പ് ലായനിയോ ഇലകളുടെ ഇരുവശങ്ങളിലും തളിച്ചു കൊടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.