കരിക്കിന്റെ സ്വാദ്, ജെല്ലി പോലെയുള്ള കാമ്പ്; കടൽ കടന്നെത്തിയ ‘അബിയു’ പൊളിയാണ്

കരിക്കിന്റെ സ്വാദ്. അൽപം മധുരമൂറുന്ന ജെല്ലി പോലെയുള്ള കാമ്പ്.. കേട്ടാൽ തന്നെ കഴിക്കാൻ തോന്നുന്ന ഈ പഴം മലയാളികൾക്ക് അത്ര പരിചയമില്ല. എങ്കിലും, കേരളത്തിൽ പലയിടങ്ങളിലും കർഷകരും സെലിബ്രിറ്റികളും തങ്ങളുടെ സ്വന്തം തോട്ടത്തിൽ വളർത്തിയെടുത്ത വിദേശയിനം പഴമാണ് ‘അബിയു’.

തെക്കേ അമേരിക്കക്കാരനാണീ പഴവർഗം. ആമസോണ്‍ മഴക്കാടുകളില്‍ പിറന്നുവളര്‍ന്ന 'അബിയു' ഒരു ഉഷ്ണമേഖലാ ഫലസസ്യമാണ്. തെക്കുകിഴക്കന്‍ ഏഷ്യയിലെ ദ്വീപുകളുടെ രാജ്യമായ ഇന്തോനേഷ്യയിലും ദ്വീപസമൂഹമായ ഫിലിപ്പീന്‍സിലും പ്രാദേശിക വൃക്ഷം എന്ന നിലയ്ക്ക് ഇത് ചില പ്രദേശങ്ങളില്‍ കണ്ടുവരുന്നുണ്ട്.

അബിയു നടുമ്പോൾ

കുരു പാകി കിളിർപ്പിച്ച തൈകളായിട്ടും 2 വർഷം കഴിയുമ്പോൾ അബിയു മരങ്ങൾ പൂവിടാനും കായ്ക്കാനും തുടങ്ങും. ശരാശരി 300 ഗ്രാം തൂക്കമുള്ള അബിയുവിന് മറ്റു പല വിദേശപ്പഴങ്ങളെക്കാൾ മാംസളമായ ഭക്ഷ്യ യോഗ്യമായ ഭാഗങ്ങളാണ്. ഒരു പഴം കഴിക്കുമ്പോൾതന്നെ തൃപ്തിയടയും. ഉഷ്ണമേഖലാ പഴവർഗമായതു കൊണ്ടുതന്നെ അന്തരീക്ഷ ഊഷ്മാവ് 20 ഡിഗ്രി സെൽഷ്യസിൽ താഴെയുള്ള പ്രദേശങ്ങൾ കൃഷിക്കു യോജ്യമല്ല. എന്നാൽ കേരളത്തിന്റെ കാലാവസ്ഥയിൽ നന്നായി വളരും.

നീർവാർച്ചയുള്ളതുമായ മണ്ണും ദിവസം മുഴുവൻ സൂര്യപ്രകാശം ലഭിക്കുന്നതുമായ കുറഞ്ഞ സ്ഥലം മതി. വിളഞ്ഞുപഴുത്ത അബിയുപ്പഴങ്ങളിൽനിന്നു ശേഖരിക്കുന്ന വിത്തുകൾ ഒട്ടും തന്നെ ഉണങ്ങാതെ 2-3 ദിവസത്തിനുള്ളിൽ മുളപ്പിക്കാം. 6 മീറ്റർ അകലത്തിൽ 60 സെന്റിമീറ്റർ വീതം ആഴവും വീതിയും നീളവുമുള്ള കുഴികൾ എടുത്ത് 10 കിലോ ജൈവവളം മേൽമണ്ണുമായി ചേർത്തിളക്കി തൈ നടാം. നട്ട് കൃത്യമായ പരിപാലനവും ആവശ്യത്തിന് മുടങ്ങാതെയുള്ള നനയും അത്യാവശ്യമാണ്.

ഏകദേശം മൂന്ന് വർഷത്തിനുള്ളിൽ കായ്ച്ചുതുടങ്ങും. കായ്കൾ പഴുത്ത ശേഷം വേണം വിളവെടുക്കുന്നതാണ് നല്ലത്. അബിയു മൂത്തുപഴുത്താല്‍ നല്ല മഞ്ഞനിറമാകും. എന്നാൽ, പറിച്ച് അധികം നാൾ വെറുതെ വെച്ചാൽ കറ ചുവയ്ക്കുമെന്ന് പറയാറുണ്ട്. കയ്യില്‍ വെച്ചുതന്നെ ഒരു ഐസ്‌ക്രീം പോലെ കഴിക്കാവുന്ന സൂപ്പർ പഴമാണിത്. ഒന്ന് തണുപ്പിച്ചെടുത്താല്‍ അതിലും ഗംഭീരം.

തൈകൾ എവിടെക്കിട്ടും

കേരളത്തിലെ മിക്ക ജില്ലകളിലുമുള്ള പ്രമുഖ നഴ്സറികളിൽ അബിയുവിന്റെ സാധാരണ ഇനങ്ങളും വലിയ പഴങ്ങൾ നൽകുന്ന 'ജയിന്റ്', 'നിപ്പിൾ' തുടങ്ങിയ ഇനങ്ങളും ലഭിക്കും. തൃശൂരിലെ ഇവലൈൻസ് എക്സോട്ടിക് ഫ്രൂട്ട് ഫാം, ഹോംഗ്രൗൺ നഴ്സറി, കാഞ്ഞിരപ്പള്ളി (കോട്ടയം), എറണാകുളത്തെ വെളിയത്ത് ഗാർഡൻസ്, മലപ്പുറത്തെ വെട്ടിച്ചിറ കാർഷിക നഴ്സറി എന്നീ നഴ്സറികൾ അബിയു തൈകൾ നൽകുന്നവയിൽ പേരുകേട്ടവയാണ്. അതല്ലാതെ ഓർഡർ ചെയ്താൽ സുരക്ഷിതമായ പാക്കിങ്ങോടെ തൈകൾ വീട്ടിലെത്തിക്കുന്ന വിശ്വസനീയമായ വെബ്‌സൈറ്റുകൾ നിലവിലുണ്ട്.

Tags:    
News Summary - Taste of Tender Coconut with Jelly Pulp: 'Abiu' Fruit in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.