ശീതകാല വിളയാണെങ്കിലും ‘ബ്രൊക്കോളി’ നമുക്കും നടാം; ഇതൊക്കെ ശ്രദ്ധിച്ചാൽ മതി

ഉയർന്ന പോഷകഗുണങ്ങളും ഔഷധമൂല്യവുമുള്ള ബ്രൊക്കോളി ഇനി വലിയ വില കൊടുത്ത് കടകളിൽ നിന്ന് വാങ്ങേണ്ടതില്ല. ഡയറ്റുകളിലും മറ്റും ഉൾപ്പെടുത്താൻ നമുക്ക് സ്വന്തമായി തന്നെ നട്ടുപിടിപ്പിക്കാം. ബ്രൊക്കോളി ഒരു ശീതകാല വിളയാണെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ നാട്ടിലും ടെറസുകളിലും സമൃദ്ധമായി വളർത്താനാകും.

കാബേജിന്റെയും കോളിഫ്‌ളവറിന്റെയും കുടുംബക്കാരനാണ് ബ്രൊക്കോളിയും. നാരുകളും കാല്‍സ്യവും അയേണും പൊട്ടാസ്യവും വിറ്റാമിന്‍ എയും സിയും പൊട്ടാസ്യവും അടങ്ങിയ പോഷകസമൃദ്ധമായ പച്ചക്കറിയാണ്. ഇടുക്കി പോലുള്ള തണുപ്പുള്ള ഹൈറേഞ്ച് പ്രദേശങ്ങളിൽ വർഷത്തിൽ ഏത് സമയത്തും ബ്രൊക്കോളി കൃഷി ചെയ്യാവുന്നതാണ്. എന്നാൽ, സംസ്ഥാനത്തെ സമതല പ്രദേശങ്ങളിൽ ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ബ്രൊക്കോളി കൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയം.

18 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെ താപനിലയാണ് ഇതിന്റെ വളർച്ചയ്ക്ക് ഏറ്റവും മികച്ചത്. കൃത്യമായ നനയിലൂടെയോ ആധുനിക സംവിധാനങ്ങളിലൂടെയോ തണുപ്പ് നിലനിർത്തി കൃഷി ചെയ്താൽ വളരെ വേഗം വളർത്താൻ സാധിക്കും.

മണ്ണും വിത്തുപാകലും

വളക്കൂറും ജൈവാംശവുമുള്ളതും നന്നായി നീർവാർച്ചയുള്ളതുമായ മണ്ണാണ് ഇതിന് ആവശ്യം. വെള്ളക്കെട്ട് ഒരിക്കലും പാടില്ല. ട്രൈക്കോഡെർമ സമ്പുഷ്ടമാക്കിയ ചാണകം, ചകിരിച്ചോറ്, മണ്ണിര കംപോസ്റ്റ് എന്നിവ ചേർത്ത മിശ്രിതത്തിൽ വിത്തുകൾ പാകി മുളപ്പിക്കാം. വിത്തുകൾ ഏകദേശം അര ഇഞ്ച് ആഴത്തിലാണ് നടേണ്ടത്. തൈകൾക്ക് ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കണം.

വിത്തുപാകി ഏകദേശം 25 മുതൽ 30 ദിവസം വരെ പ്രായമായി, നാലോ അഞ്ചോ ഇലകൾ വന്നു കഴിയുമ്പോൾ തൈകൾ പറിച്ചു നടാം. തടമെടുത്ത് കുമ്മായം ചേർത്ത് മണ്ണൊരുക്കിയ ശേഷം, ട്രൈക്കോഡെർമ ചേർത്ത ചാണകം, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി എന്നിവ ചേർത്തു കൊടുക്കേണ്ടതാണ്. പറിച്ചുനട്ട ആദ്യ ആഴ്ച തൈകൾക്ക് തണൽ നൽകുകയും രാവിലെയും വൈകിട്ടും നനച്ചു കൊടുക്കുകയും വേണം.

നിരവധിയിനങ്ങള്‍ ബ്രൊക്കോളിയിലുണ്ട്. കാലബ്രേസ് എന്നയിനത്തില്‍പ്പെട്ട ബ്രൊക്കോളി 50 ദിവസങ്ങള്‍ കൊണ്ട് വിളവെടുക്കാന്‍ പാകമാകുന്നതാണ്. മറ്റൊരിനമായ റോയല്‍ ടെന്‍ഡെറേറ്റ് വിളവെടുക്കാന്‍ 60 ദിവസങ്ങള്‍ ആവശ്യമുള്ള വിളയാണ്. 50 ദിവസങ്ങളെടുത്താണ് 'വാല്‍ത്തം 29' എന്ന ഇനം പൂര്‍ണവളര്‍ച്ചയെത്തുന്നത്. 

 വളപ്രയോഗം എങ്ങനെയൊക്കെ?

ജൈവവളങ്ങൾക്കും കമ്പോസ്റ്റിനുമാണ് ബ്രൊക്കോളി കൃഷിയിൽ മുൻഗണന നൽകേണ്ടത്. രണ്ടാഴ്ചയിലൊരിക്കൽ വേപ്പിൻപിണ്ണാക്കും എല്ലിൻപൊടിയും മണ്ണിര കംപോസ്റ്റും യോജിപ്പിച്ചത് 50 മുതൽ 100 ഗ്രാം വീതം നൽകി ചെടിയുടെ ചുവട്ടിൽ മണ്ണ് കയറ്റി കൊടുക്കാവുന്നതാണ്. ഫംഗസ് ബാധയും കീടശല്യവും തടയാൻ ആഴ്ചയിലൊരിക്കൽ സ്യൂഡോമോണാസ് ലായനിയോ ബ്യൂവേറിയയോ ഇലകളിൽ തളിക്കുന്നത് നല്ലതാണ്. ചാണകം, കടലപ്പിണ്ണാക്ക്, വെളുത്തുള്ളി ചതച്ചത് എന്നിവ പുളിപ്പിച്ചു നേർപ്പിച്ച് നൽകുന്നതും വളർച്ചയ്ക്ക് ഉത്തമമാണ്.

ആഴത്തിൽ വേരുകളുള്ള ചെടിയായതിനാൽ മണ്ണിൽ എപ്പോഴും ഈർപ്പം നിലനിർത്താൻ ശ്രദ്ധിക്കണം. ചെടിയുടെ മുകൾഭാഗത്തുള്ള പൂവുപോലുള്ള ഭാഗമാണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്. നന്നായി വലിപ്പം വെച്ചു കഴിയുമ്പോൾ, ഏകദേശം 25 സെന്റിമീറ്റർ തണ്ടോടുകൂടി അതിരാവിലെ തന്നെ ബ്രൊക്കോളി വെട്ടിമാറ്റി വിളവെടുക്കാവുന്നതാണ്.

Tags:    
News Summary - How to Grow Broccoli at Home: Essential Tips for Terrace Cultivation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.