ചാർലി കിർക്ക്
വാഷിങ്ടൺ: ആക്ടിവിസ്റ്റും ട്രംപ് അനുകൂല മാധ്യമ പ്രവർത്തകനുമായ ചാര്‍ലി കിര്‍ക്ക് ബുധനാഴ്ചയാണ് യു.എസിലെ യൂട്ടവാലി സർവകലാശാലയിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്. കൂട്ട വെടിവെപ്പിനെ കുറിച്ചുള്ള ചോദ്യത്തിനു മറുപടി നൽകുന്നതിനിടെയാണ് ചാർലിക്ക് വെടിയേറ്റത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത ആരാധകനും വലതുപക്ഷ ആക്ടിവിസ്റ്റുമായിരുന്നു 31കാരനായ കിർക്ക്. ഇക്കഴിഞ്ഞ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുവാക്കളുടെ വോട്ട് വൻതോതിൽ ട്രംപിനു ലഭിച്ചതിൽ ചാർലി കിർക്കിന്റെ പോഡ്കാസ്റ്റുകൾക്ക് വലിയ പങ്കുണ്ടായിരുന്നു. അമേരിക്കൻ കുടിയേറ്റത്തിൽ ട്രംപിനെ പോലെ കടുത്ത നിലപാട് സ്വീകരിച്ചിരുന്ന കിർക്കിന്റെ വാക്കുകൾ പലപ്പോഴും വിവാദമായിട്ടുമുണ്ട്.
യാഥാസ്ഥിതിക ആശയങ്ങൾക്കു പ്രചാരം നേടിക്കൊണ്ടിരിക്കെ 2012ലാണ് കിർക്കും കൂട്ടുകാരും ചേർന്ന് ‘ടേണിങ് പോയിന്റ്’എന്ന സംഘടനയുണ്ടാക്കിയത്. ‘സാമ്പത്തിക ഉത്തരവാദിത്തം, സ്വതന്ത്ര വിപണി, പരിമിത സർക്കാർ എന്നീ തത്വങ്ങൾ പ്രോത്സാഹിപ്പിക്കുക’ എന്നാണ് സംഘടനയുടെ ദൗത്യമായി പറയുന്നത്. യു.എസിലെ കോളജ് ക്യാമ്പസുകളിൽ വലിയ സ്വീകാര്യത ലഭിച്ച സംഘടന പിന്നീട് വലതുപക്ഷ ആശയങ്ങളുടെ വലിയ പ്രചാര വേദിയായി. 800ലേറെ ക്യാമ്പസുകളിലേക്ക് സംഘടന പടർന്നു പന്തലിച്ചു. യാഥാസ്ഥിതിക വാദത്തെ പിന്തുണയ്ക്കുന്ന ശക്തനായ യുവനേതാവായി ചാർലി മാറുകയും ചെയ്തു. വലതുപക്ഷ യുവ ഇൻഫ്ലുവൻസർമാർ കൂട്ടത്തോടെ കിർക്കിനു പിന്നിൽ അണിനിരന്നു.
‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്‌ൻ’ എന്ന ട്രംപിന്റെ മുദ്രാവാക്യം ഏറ്റെടുത്ത കിർക്ക് കുടിയേറ്റത്തിനെതിരെ കടുത്ത നിലപാടുകൾ സ്വീകരിച്ചു. ‘യുഎസിലേക്ക് ഇനിയും ഇന്ത്യക്കാർ വരേണ്ട’ എന്ന കിർക്കിന്റെ നിലപാട് ചർച്ചയായിരുന്നു. യുഎസ് ‘നിറഞ്ഞിരിക്കുക’യാണെന്നും അമേരിക്കക്കാർക്ക് മുൻഗണന നൽകേണ്ട സമയമാണെന്നുമായിരുന്നു കിർക്കിന്റെ വാദം. അമേരിക്കക്കാരെ തൊഴിൽമേഖലയിൽനിന്നു പുറത്താക്കിയതിനു പ്രധാന കാരണം ഇന്ത്യയിൽനിന്നുള്ള കുടിയേറ്റമാണെന്നായിരുന്നു കിർക്കിന്റെ വാദം. ‘‘ഇന്ത്യയിൽനിന്നുള്ള കൂടുതൽ വിസകൾ യു.എസിന് ആവശ്യമില്ല. ഇന്ത്യക്കാരുടെ നിയമാനുസൃത കുടിയേറ്റം പോലെ മറ്റൊരു കുടിയേറ്റവും അമേരിക്കക്കാരെ തൊഴിലിടത്തിൽനിന്ന് മാറ്റിനിർത്തിയിട്ടില്ല. മതിയായി, നമ്മൾ നിറഞ്ഞുകഴിഞ്ഞു. അവസാനമായെങ്കിലും നമുക്ക് സ്വന്തം ജനങ്ങൾക്ക് മുൻഗണന നൽകാം’’ –സെപ്റ്റംബർ രണ്ടിന് കിർക്ക് എക്സിൽ കുറിച്ചു.
എക്സിൽ 52 ലക്ഷം പേരാണ് ചാർലി കിർക്കിനെ പിന്തുടരുന്നത്. ദ് ചാർലി കിർക്ക് ഷോ എന്ന പേരിലുള്ള പോഡ്കാസ്റ്റിന് ഓരോ മാസവും അഞ്ചു ലക്ഷത്തിലേറെ കേൾവിക്കാരുണ്ട്. ട്രംപിനു ശക്തമായ പിന്തുണ നൽകുന്ന ഫോക്സ് ന്യൂസ് ചാനലിലെ ചർച്ചകളിലും പരിപാടികളിലും സ്ഥിരസാന്നിധ്യം കൂടിയാണ് ചാർലി. 2020ൽ ‘ദ് മാഗാ ഡോക്ട്രൈൻ’ എന്ന പുസ്തകവും പ്രസിദ്ധീകരിച്ചു. ട്രംപിന്റെ മകൻ ട്രംപ് ജൂനിയറിന്റെ അടുത്ത സുഹൃത്തു കൂടിയാണു കിർക്ക്. ഇക്കഴിഞ്ഞ ജനുവരിയിൽ ഇരുവരും ഒരുമിച്ച് ഗ്രീൻലാൻഡിലേക്ക് യാത്ര പോയിരുന്നു.
അപ്രതീക്ഷിതമായി വിശ്വസ്തൻ കൊല്ലപ്പെട്ടെന്ന വാർത്ത ട്രംപിനെയും ഞെട്ടിച്ചിട്ടുണ്ട്. ട്രംപ് ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ ട്രംപ് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. “മഹാനായ ചാർലി കിർക്ക് മരിച്ചു. യുഎസിലെ യുവാക്കളുടെ ഹൃദയം ചാർളിയെക്കാൾ നന്നായി മറ്റാർക്കും മനസിലായിട്ടില്ല. എല്ലാവരും അദ്ദേഹത്തെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തു, പ്രത്യേകിച്ച് ഞാൻ. ഇപ്പോൾ അദ്ദേഹം നമ്മോടൊപ്പമില്ല. എന്റെ അനുശോചനം അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിക്കുന്നു. ചാർലി, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു” – ട്രംപ് കുറിച്ചു.
തീവ്ര ഇടതുപക്ഷമാണ് കിർക്കിന്റെ കൊലപാതകത്തിന് പിന്നിലെന്ന് ട്രംപ് പറഞ്ഞു. തീവ്ര ഇടതുപക്ഷം നിരവധി നിരപരാധികളുടെ ജീവനാണ് എടുത്തത്. ലിബറൽ ചിന്താഗതിക്കാരാണ് ഇവർക്ക് പ്രോത്സാഹനം നൽകുന്നത്. രാജ്യത്തിനെതിരെയുള്ള ഈ തീവ്രവാദം അവസാനിപ്പിച്ചേ മതിയാകൂവെന്നും ട്രംപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.