റോം: പാശ്ചാത്യ രാജ്യങ്ങളിൽ വർധിച്ചുവരുന്ന ഇസ്ലാമോഫോബിയക്കെതിരെ റോമിൽ മാനവ ഐക്യദാർഢ്യ കാമ്പയിൻ. റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര ചിന്തകരുടെ കൂട്ടായ്മയായ ‘തവസുൽ ഇന്‍റർനാഷനലി’ന്‍റെ നേതൃത്വത്തിലാണ് ഇസ്ലാമോഫോബിയക്കും വംശീയതക്കും മതവിദ്വേഷത്തിനുമെതിരെ അന്താരാഷ്ട്ര മാനവ കാമ്പയിൻ സംഘടിപ്പിക്കുന്നത്.
യൂറോപ്പിലെ പ്രമുഖ തത്ത്വചിന്തകരിൽ ഒരാളായ ഡോ. സബ്രീന ലീ എഴുതിയ ഇറ്റാലിയൻ ഭാഷയിലുള്ള ‘ദി ആർക്കിയോളജി ഓഫ് ഇസ്ലാമോഫോബിയ’ എന്ന പുസ്തകം പ്രകാശനം ചെയ്താണ് കാമ്പയിന് തുടക്കമിട്ടത്. ഇസ്ലാമോഫോബിയയുടെ ചരിത്രം, വളർച്ച എന്നിവ വിശകലനം ചെയ്യുന്ന പുസ്തകം ഈ വർഷം അവസാനം ഇംഗ്ലീഷ്, അറബിക് ഉൾപ്പെടെയുള്ള മറ്റ് പ്രധാന ഭാഷകളിലും പുറത്തിറങ്ങും. കാമ്പയിനിന്‍റെ ഭാഗായി ഇസ്ലാമോഫോബിയക്കെതിരെ മാനവ ഐക്യദാർഢ്യം എന്ന പേരിൽ ഇറ്റലിയിലും ഗൾഫ് ഉൾപ്പെടെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഇസ്ലാമോഫോബിയയെയും മതസഹിഷ്ണുതയെയും കുറിച്ചുള്ള സമ്മേളനങ്ങൾ സംഘടിപ്പിക്കും.
അന്താരാഷ്ട്രതലത്തിലെ പ്രമുഖ ചിന്തകരും നരവംശശാസ്ത്രജ്ഞരും പത്രപ്രവർത്തകരും നയതന്ത്രജ്ഞരും പങ്കെടുക്കും. സമ്മേളനങ്ങൾ, പൊതുചർച്ചകൾ, മാധ്യമ പ്രചാരണങ്ങൾ എന്നിവയിലൂടെ ഇസ്ലാമോഫോബിയയുടെയും മതവിദ്വേഷ പ്രചാരണങ്ങളുടെയും അപകടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. വിവിധ പാശ്ചാത്യ രാജ്യങ്ങളിൽ ഖുർആൻ പരസ്യമായി കത്തിക്കുകയും പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഇത്തരത്തിലൊരു കാമ്പയിൻ നടത്തുന്നത്.
ഖുർആൻ വിവർത്തനങ്ങൾ, പ്രവാചകന്റെ ജീവചരിത്രങ്ങൾ, ഇസ്ലാമിക ചരിത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ, ഇസ്ലാമിന്റെയും മാനവികതയുടെയും വിവിധ വശങ്ങൾ വിശദീകരിക്കുന്ന വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾ എന്നിവ വിതരണം ചെയ്യും. ഈ വർഷം നവംബറിൽ റോമിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തോടെ കാമ്പയിൻ അവസാനിക്കും. ഇസ്ലാമോഫോബിയക്കും മത അസഹിഷ്ണുതയ്ക്കുമെതിരായ റോം പ്രഖ്യാപന പ്രമേയം സമ്മേളനത്തിൽ അവതരിപ്പിക്കും. സബ്രീന ലീ സ്ഥാപിച്ച, റോമിലെ തവസുൽ ഇന്റർനാഷനൽ സെന്റർ ഫോർ ഡയലോഗ്, വ്യത്യസ്ത മത, ദേശീയ പശ്ചാത്തലമുള്ള ചിന്തകരുടെയും പണ്ഡിതരുടെയും ഒരു കൂട്ടായ്മയാണ്.
ഖുർആൻ വിവർത്തനം, സ്വഹീഹുൽ ബുഖാരി, ഭഗവത് ഗീത, തെരഞ്ഞെടുത്ത ഉപനിഷത്തുകൾ, ഇറ്റാലിയൻ ഭാഷയിലുള്ള ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശ ശതകം എന്നിവ കൂടാതെ സാഹിത്യം, സംസ്കാരം, തത്ത്വചിന്ത, വാസ്തുവിദ്യ തുടങ്ങിയ വിഷയങ്ങളിലായി 75ലധികം പുസ്തകങ്ങളും തവസുൽ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആലുവ സർവമത സമ്മേളനത്തിന്‍റെ ശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ശിവഗിരി മഠം 2024 ഡിസംബറിൽ വത്തിക്കാനിൽ സംഘടിച്ച ലോകമത സമ്മേളനവുമായി തവസുൽ ഇന്റർനാഷനൽ സഹകരിച്ചു പ്രവർത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.