ഊർജപ്രതിസന്ധി: ശ്രീലങ്കയ്ക്ക് 38,000 മെട്രിക് ടൺ ഇന്ധനം നൽകി ഇന്ത്യ

കൊളംബോ: പശ്ചിമേഷ്യൻ യുദ്ധംമൂലം കടുത്ത ഊർജപ്രതിസന്ധി നേരിടുന്ന ശ്രീലങ്കക്ക് സഹായമായി ഇന്ത്യ. 'അയൽപക്കത്തിന് മുൻഗണന' എന്ന നയത്തിന്റെ ഭാഗമായി 38,000 മെട്രിക് ടൺ ഇന്ധനമാണ് ഇന്ത്യ കൊളംബോയിലെത്തിച്ചത്. 20,000 മെട്രിക് ടൺ ഡീസലും 18,000 മെട്രിക് ടൺ പെട്രോളുമാണ് കൈമാറിയതെന്ന് ഇന്ത്യൻ ഹൈകമീഷൻ അറിയിച്ചു.

പ്രതിസന്ധി ഘട്ടത്തിലെ ഇന്ത്യയുടെ അടിയന്തര ഇടപെടലിന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ നന്ദി രേഖപ്പെടുത്തി. ശ്രീലങ്കൻ പ്രസിഡന്റ് ദിവസങ്ങൾക്ക് മുമ്പ് നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലങ്ക ഐ.ഒ.സി വഴി ഇന്ത്യ ഇന്ധനം എത്തിച്ചത്.

വിഷയത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നടത്തിയ ഏകോപനങ്ങളെയും ദിസനായകെ പ്രശംസിച്ചു. പശ്ചിമേഷ്യൻ സംഘർഷം കാരണം ശ്രീലങ്ക നേരിടുന്ന ഇന്ധന വിതരണ തടസ്സങ്ങളെക്കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രിയോട് സംസാരിച്ചിരുന്നു. ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പിന്തുണക്ക് നന്ദിയുണ്ടെന്ന് ദിസനായകെ എക്സ് പോസ്റ്റിൽ കുറിച്ചു.

ഹുർമുസ് കടലിടുക്കിലുണ്ടായ ഉപരോധം കാരണം സിംഗപ്പൂരിൽനിന്നും പശ്ചിമേഷ്യയിൽനിന്നുമുള്ള ഇന്ധന നീക്കം തടസ്സപ്പെട്ടതാണ് ശ്രീലങ്കയെ പ്രതിസന്ധിയിലാക്കിയിരുന്നു. കരാറിലേർപ്പെട്ട കമ്പനികൾക്ക് ഇന്ധനം എത്തിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇന്ത്യയോട് ശ്രീലങ്ക 'റെസ്ക്യൂ സപ്ലൈ' ആവശ്യപ്പെട്ടത്.

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഊർജ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കൻ പ്രസിഡന്റും ചർച്ച ചെയ്തു. അയൽരാജ്യങ്ങൾ എന്ന നിലയിൽ പ്രാദേശിക സുരക്ഷ ഉറപ്പാക്കാനും വെല്ലുവിളികളെ ഒന്നിച്ച് നേരിടുമെന്നും ഇരുവരും ആവർത്തിച്ചു. ശ്രീലങ്കയിലെ ഇന്ധനലഭ്യത തടസ്സമില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കാൻ ലങ്ക ഐ.ഒ.സി വഴി തുടർന്നും പിന്തുണ നൽകുമെന്ന് ഇന്ത്യൻ ഹൈകമീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - West Asia War: India provides 38,000 metric tons of fuel to Sri Lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.