ഖാൻ യൂനിസിൽ ഇസ്രായേൽ ആക്രമണത്തെ തുടർന്ന് തകർന്ന ടെന്റിൽ ചിതറിയ ഭക്ഷ്യ വസ്തു ശേഖരിക്കുന്ന ഫലസ്തീൻ ബാലൻ
ജറൂസലം: രണ്ടുമാസമായി ഇസ്രായേൽ തുടരുന്ന ഉപരോധത്തിനിടെ ഗസ്സയിലെ സഹായ വിതരണം യു.എസ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ട്. ഗസ്സയിൽ ഭക്ഷ്യ സഹായം വിതരണം ചെയ്യാൻ പുതിയ ഫൗണ്ടേഷൻ സ്ഥാപിക്കുമെന്ന് ഇസ്രായേലിലെ യു.എസ് നയതന്ത്ര പ്രതിനിധി മൈക് ഹക്കാബി അറിയിച്ചു.
ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. സഹായം വിതരണം ചെയ്യുന്നതിൽ ഇസ്രായേൽ പങ്കാളിയാകില്ല. എന്നാൽ, ഫൗണ്ടേഷൻ പ്രവർത്തനങ്ങൾക്ക് ഇസ്രായേൽ സുരക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാറിതര സന്നദ്ധ ഫൗണ്ടേഷൻ പദ്ധതി വ്യാഴാഴ്ചയാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടമ്മി ബ്രൂസ് പ്രഖ്യാപിച്ചത്. ഐക്യരാഷ്ട്ര സഭക്കും മറ്റ് അന്താരാഷ്ട്ര സഹായ ഏജൻസികൾക്കും പകരമായി ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ സഹായ വിതരണം നടത്തുമെന്ന് നിർദേശം പുറപ്പെടുവിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. പദ്ധതിയെക്കുറിച്ചുള്ള വിശദ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും സഹായ വിതരണത്തിൽനിന്ന് ഹമാസ് അടക്കമുള്ള മറ്റു സംഘടനകളെ തടയാനുള്ള യു.എസ്-ഇസ്രായേലി സംയുക്ത നീക്കമാണെന്നാണ് സൂചന. ഗസ്സയിലെ ജനങ്ങൾ കൊടും പട്ടിണി നേരിടുന്നതിനിടെയാണ് പുതിയ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.