ഇറാന്‍ മിസൈലാക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് സൈനികരുടെ വിവരങ്ങൾ പുറത്ത് വിട്ട് യു.എസ്

വാഷിങ്ടൺ: അമേരിക്കക്കെതിരായ തിരിച്ചടിയുടെ ഭാഗമായി ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് സൈനികരുടെ വിവരങ്ങൾ യു.എസ്. പ്രതിരോധ വകുപ്പ് പുറത്തുവിട്ടു.

ഹവായിയിലെ ഇവാ ബീച്ചിൽ നിന്നുള്ള ഫസ്റ്റ് ലെഫ്റ്റനന്റ് ടൈലർ ജെയിംസ് ഫീഹാൻ (25), ടെക്സസിലെ കരോൾട്ടണിൽ നിന്നുള്ള പ്രൈവറ്റ് ഇസബെല്ല ഗോൺസാലസ് (19) എന്നിവരാണ് കൊല്ലപ്പെട്ടത്. ജോർഡനിൽ അമേരിക്കയുടെ ഐ.എസ് വിരുദ്ധ ദൗത്യത്തിന്റെ ഭാഗമായി സേവനമനുഷ്ഠിക്കുകയായിരുന്നു ഇവർ. ഇരുവരും എങ്ങനെ കൊല്ലപ്പെട്ടുവെന്നത് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

ഇറാനിന്‍റെ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെയാണ് ജോർഡനിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടതെന്ന് യു.എസ്. സെൻട്രൽ കമാൻഡ് ശനിയാഴ്ച അറിയിച്ചിരുന്നു.

അതേ സമയം ഇറാന്‍റെ പ്രത്യാക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം 17 ആയി ഉയർന്നതായി യു.എസ്. സൈന്യം അറിയിച്ചു. ഇറാൻ ആണവായുധം വികസിപ്പിക്കുന്നത് തടയുന്നതിനായി ഈ യുദ്ധം അനിവാര്യമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.

ഇറാന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ നിർമാണത്തിലിരിക്കുന്ന തന്ത്രപ്രധാന ദർഖോവിൻ ആണവനിലയത്തിന് നേരെ അമേരിക്ക വ്യോമാക്രമണം നടത്തിയതായി ഇറാൻ ആണവോർജ ഏജൻസി സ്ഥിരീകരിച്ചിരുന്നു.

സൈനികരുടെ മരണം അതീവ ദുഃഖകരമെന്ന് പ്രതികരിച്ച യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇറാനെ ഒരു സാഹചര്യത്തിലും ആണവായുധം കൈവരിക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ചു. പിന്നാലെ ഇറാൻ റവല്യൂഷനറി ഗാർഡിനെ ലക്ഷ്യമിട്ട് യു.എസ് സൈന്യം വ്യോമാക്രമണം നടത്തി.

ഹുർമുസ് കടലിടുക്കിനെ ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന യുദ്ധം ഇതോടെ കൂടുതൽ വഷളായിയിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ഒരാഴ്ചയായി നടത്തുന്ന ആക്രമണങ്ങൾക്ക് പിന്നാലെയായിരുന്നു അമേരിക്കയുടെ പ്രതികാരം. ഇറാനിലെ പാലങ്ങളും വൈദ്യുതി നിലയങ്ങളും മറ്റു തന്ത്രപ്രധാന കേന്ദ്രങ്ങളുമാണ് ആക്രമണത്തിൽ യു.എസ് ലക്ഷ്യമിട്ടത്.

ഇറാന്റെ തെക്കൻ പ്രവിശ്യകളെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് ഒറ്റപ്പെടുത്താനാണ് അമേരിക്കൻ വ്യോമസേന ശ്രമിക്കുന്നത്. ദക്ഷിണ ഇറാനിലെ പാലങ്ങൾ, റെയിൽപാതകൾ, തുരങ്കങ്ങൾ, റോഡുകൾ എന്നിവ യു.എസ് തകർത്തതോടെ സാധാരണക്കാരുടെ ജീവിതം സ്തംഭിച്ചു. ആശുപത്രികൾ ഒഴിപ്പിക്കുകയും സ്കൂൾ പരീക്ഷകൾ മാറ്റിവെക്കുകയും ചെയ്തു.

Tags:    
News Summary - US releases details of the two soldiers killed in the Iranian missile attack.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.