അബ്ദുറഹ്മാൻ യൂസഫുൽ ഖറദാവി
അബ്ദുറഹ്മാൻ ഖറദാവിക്ക് മാപ്പ് നൽകി യു.എ.ഇ പ്രസിഡന്റ്
അബൂദബി: ഈജിപ്ഷ്യൻ കവിയും രാഷ്ട്രീയ നിരീക്ഷകനുമായ അബ്ദുറഹ്മാൻ യൂസഫുൽ ഖറദാവിക്ക് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‍യാൻ മാപ്പ് നൽകി. 10 വർഷത്തെ തടവിനും രണ്ടുലക്ഷം ദിർഹം പിഴയ്ക്കും ശിക്ഷിക്കപ്പെട്ട് ദിവസങ്ങൾക്കകമാണ് പ്രസിഡന്റിന്റെ തീരുമാനം പുറത്തുവന്നത്.
അബൂദബി ഫെഡറൽ അപ്പീൽ കോടതിയുടെ സൈബർ ക്രൈം സർക്യൂട്ട് കഴിഞ്ഞ ആഗസ്റ്റ് 27-നാണ് അബ്ദുറഹ്മാൻ ഖറദാവിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 10 വർഷത്തെ തടവിനും രണ്ടുലക്ഷം ദിർഹം പിഴയ്ക്കും വിധിക്കുകയും ചെയ്തത്. ഇസ്‌ലാമിക പണ്ഡിതനായിരുന്ന പരേതനായ യൂസഫുൽ ഖറദാവിയുടെ മകനാണ് അബ്ദുറഹ്മാൻ യൂസഫ്.
പ്രസിഡന്റിന്റെ ഉത്തരവ് നടപ്പാക്കുന്നതിനായുള്ള തുടർ നടപടികൾ ആരംഭിച്ചതായി യുഎഇ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘വാം’ അറിയിച്ചു.
രാജ്യത്തിന്റെ സുരക്ഷയ്ക്കും പൊതുതാൽപര്യങ്ങൾക്കും വിരുദ്ധമായ രീതിയിൽ സൈബർ ഇടങ്ങൾ ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അബൂദബി ഫെഡറൽ അപ്പീൽ കോടതി അബ്ദുറഹ്മാനെതിരെ വിധി പുറപ്പെടുവിച്ചത്. തടവിനും രണ്ടുലക്ഷം ദിർഹം പിഴയ്ക്കും പുറമെ, കുറ്റകൃത്യത്തിന് ഉപയോഗിച്ച വെബ്‌സൈറ്റുകളും സമൂഹമാധ്യമ അക്കൗണ്ടുകളും റദ്ദാക്കാനും ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിരുന്നു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ യുഎഇയിൽ നിന്ന് നാടുകടത്താനും മുൻ ഉത്തരവിൽ നിർദേശിച്ചിരുന്നു.
ശിക്ഷാവിധി വന്ന് ഒരാഴ്ച തികയും മുമ്പേയുള്ള പ്രസിഡന്റിന്റെ മാപ്പുനൽകൽ അന്താരാഷ്ട്ര-നയതന്ത്ര വൃത്തങ്ങൾ ഏറെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. യുഎഇയുടെ ഭരണഘടനാപരമായ സവിശേഷാധികാരങ്ങൾ ഉപയോഗിച്ച് മാനുഷിക പരിഗണനകൾ മുൻനിർത്തിയാണ് പ്രസിഡന്റ് സാധാരണയായി ഇത്തരം ഇളവുകൾ അനുവദിക്കാറുള്ളത്. ഔദ്യോഗിക ഉത്തരവ് നിലവിൽ വന്നതോടെ ശിക്ഷാനടപടികളിൽ നിന്നും പിഴയിൽ നിന്നും ഇളവ് ലഭിച്ച് അദ്ദേഹം ഉടൻ ജയിൽ മോചിതനാകും. കഴിഞ്ഞ വർഷം ജനുവരി 10നാണ് ഇദ്ദേഹം അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.