‘ഇന്ത്യൻ പ്രവാസികൾക്കിടയിൽ ധ്രുവീകരണത്തിന് ആക്കംകൂട്ടും, ആർ.എസ്.എസ് പരിപാടി ബഹിഷ്കരിക്കണം’; ലണ്ടൻ മേയർക്ക് കത്തെഴുതി യു.കെയിലെ സംഘടനകൾ
ലണ്ടൻ: ന്യൂയോർക്കിനു പിന്നാലെ ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് പങ്കെടുക്കുന്ന ലണ്ടനിലെ പരിപാടിക്കുനേരെയും പ്രതിഷേധം ശക്തമാകുന്നു. ഭാഗവതിന്‍റെ യു.കെ സന്ദർശനവേളയിൽ ആർ.എസ്.എസ് സംഘടിപ്പിക്കുന്ന പരിപാടികൾ ഗ്രേറ്റർ ലണ്ടൻ അതോറിറ്റി ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുപത് സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ ലണ്ടൻ മേയർ സാദിഖ് ഖാന് കത്തയച്ചു.
കഴിഞ്ഞയാഴ്ച ന്യൂയോർക്ക് സിറ്റിയിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ നടന്ന ആർ.എസ്.എസ് പരിപാടിക്കെതിരെയും വിവിധ സംഘടനകൾ രംഗത്തുവന്നിരുന്നു. നിലവിൽ യു.കെയിലുള്ള ഭാഗവത്, ഞായറാഴ്ച ഇന്ത്യൻ പ്രവാസികളുമായും വിവിധ സമുദായിക നേതാക്കളുമായും വേദി പങ്കിടുന്നുണ്ട്. ആർ.എസ്.എസ് സംഘടിപ്പിക്കുന്ന പരിപാടിക്ക് വേദി നൽകരുതെന്ന് വിവിധ സംഘടനകൾ ലണ്ടൻ മേയറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആർ.എസി.എസിന്‍റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള അന്താരാഷ്ട്ര പൊതുസമ്പർക്ക പരിപാടികളുടെ ഭാഗമായാണ് യു.എസ് കാനഡ, യു.കെ എന്നിവിടങ്ങൾ സന്ദർശിക്കുന്നത്.
യൂറോപ്യൻ ഫാഷിസത്തിൽനിന്ന് വ്യക്തമായ പ്രേരണ ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന ഏകാധിപത്യ, സായുധ സ്വഭാവമുള്ള സംഘടനയാണ് ആർ.എസ്.എസ് എന്നും ബ്രിട്ടന്റെ വൈവിധ്യ സംസ്കാരം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധികൃതർ തയാറാകണമെന്നും ലണ്ടൻ മേയർക്കും യു.കെ വിദേശകാര്യ ഓഫിസിനും അയച്ച കത്തിൽ പറയുന്നു. യു.കെയിലെ സഖ്യകക്ഷികളുടെ പിന്തുണയോടെയുള്ള പൊതുസമ്പർക്ക തന്ത്രത്തിന്റെ ഭാഗമാണ് ഭാഗവതിന്റെ സന്ദർശനമെന്ന് സംഘടനകൾ കുറ്റപ്പെടുത്തി.
ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്സ്, യു.കെ-ഇന്ത്യൻ മുസ്ലിം കൗൺസിൽ, ഇന്ത്യ ലേബർ സോളിഡാരിറ്റി, സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ് തുടങ്ങിയ സംഘടനകളാണ് കപ്പിൽ ഒപ്പുവെച്ചിട്ടുള്ളത്. സമുദായങ്ങളെ സംരക്ഷിക്കാൻ മെട്രോപൊളിറ്റൻ പൊലീസ് സ്വീകരിക്കുന്ന നടപടികളെക്കുറിച്ചുള്ള വിവരങ്ങളും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
ബ്രിട്ടനിൽ ആർ.എസ്.എസ് ഉയർത്തുന്ന ഭീഷണികൾ സജീവമാണ്. ഭാഗവതിന്റെ സന്ദർശനം യു.കെയിലെ ആർ.എസ്.എസ് അനുകൂലികൾക്ക് വിദ്വേഷ പ്രസംഗങ്ങൾ നടത്താനും ഇന്ത്യൻ പ്രവാസികൾക്കിടയിൽ കൂടുതൽ ധ്രുവീകരണത്തിനും രാജ്യത്തുടനീളമുള്ള ദുർബലരായ സമൂഹങ്ങളിൽ ഭയവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാനും ആക്കംകൂട്ടുമെന്നും കത്തിൽ പറയുന്നു.
തീവ്രവലതുപക്ഷ അതിക്രമങ്ങളുടെ ചരിത്രമുള്ള ഒരു വിദ്വേഷ സംഘടനയുടെ നേതാവിന് യു.കെ ആതിഥേയത്വം വഹിക്കരുതെന്ന് ലേബർ പാർട്ടി മുൻ നേതാവ് ജെറമി കോർബിൻ പറഞ്ഞു. മതസ്വാതന്ത്ര്യത്തെ അടിച്ചമർത്തുകയും ന്യുനപക്ഷങ്ങൾക്കെതിരെയുള്ള ക്രൂരമായ ആക്രമണങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്ത കടുത്ത ഏകാധിപത്യപരവും വിവേചനപരവുമായ സംഘടനയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, ആർ.എസ്.എസ് മേധാവിയുടെ ലണ്ടൻ സന്ദർശനത്തെ പ്രതിരോധിച്ച് കൺസർവേറ്റീവ് ബ്രിട്ടീഷ് എം.പി ബോബ് ബ്ലാക്ക്‌മാൻ രംഗത്തുവന്നു. ആർ.എസ്.എസിന്‍റെ ഭാവിയെക്കുറിച്ചുള്ള വീക്ഷണങ്ങൾ മേധാവി പങ്കുവെച്ചത് കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.