ചൈന, അമേരിക്ക എഐ പോര്: ഈജിപ്ത് പുതിയ പോര്‍ക്കളമാകുമോ?
കെയ്‌റോ: അമേരിക്കയും ചൈനയും തമ്മിലുള്ള എ.ഐ മേൽക്കോയ്മാ പോരാട്ടത്തിൽ ഈജിപ്ത് പുതിയൊരു നിർണായക വേദിയാകുന്നു. ഈജിപ്തിൽ എ.ഐ ഡാറ്റ സെന്ററുകൾ നിർമിക്കാനുള്ള ചൈനീസ് ടെക് ഭീമൻ ഹുവാവേയുടെ നീക്കത്തിന് പിന്നാലെ അമേരിക്കൻ കമ്പനികളെ ഉൾപ്പെടുത്തി ബദൽ നിർദേശം നൽകാൻ യു.എസ് ഒരുങ്ങുന്നതായ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പ്രതിരോധ-തന്ത്ര മേഖലയിൽ അമേരിക്കയുമായും സാമ്പത്തിക രംഗത്ത് ചൈനയുമായും അടുത്ത ബന്ധം പുലർത്തുന്ന ഈജിപ്തിന് ഇരു ശക്തികളുടെയും സമ്മർദങ്ങൾക്കിടയിൽ പുതിയൊരു നയതന്ത്ര സന്തുലനം കൂടി കണ്ടെത്തേണ്ടിവരും.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 70-ാം വാർഷികത്തോടനുബന്ധിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നടത്തിയ ഈജിപ്ത് സന്ദർശനം മൂന്ന് ദിവസമാണ് നീണ്ടുനിന്നത്. ഒരു ദശാബ്ദത്തിന് ശേഷം ഷി ജിൻ പിങ് നടത്തുന്ന ആദ്യ ഈജിപ്ത് സന്ദർശനം കൂടിയാണിത്. ഡാറ്റ സെന്ററുകൾ നിർമിക്കുന്നതിനുള്ള കരാർ ലഭിക്കുന്നവർക്ക് ഈജിപ്തുമായുള്ള രാഷ്ട്രീയ-സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള അവസരവും ലഭിക്കും. അമേരിക്കയിൽ നിന്ന് പ്രതിവർഷം ഏകദേശം 130 കോടി ഡോളറിന്റെ സൈനിക സഹായം ലഭിക്കുന്ന ഈജിപ്ത് അമേരിക്കയുടെ പ്രധാന പ്രതിരോധ പങ്കാളിയായി തുടരുകയാണ്. അതേസമയം കഴിഞ്ഞ ഏതാനും വർഷങ്ങളായി ചൈനയുമായുള്ള സാമ്പത്തിക, സൈനിക ബന്ധങ്ങളും രാജ്യം ശക്തിപ്പെടുത്തിവരുന്നു.
ചൈന അമേരിക്കയെ മറികടക്കാൻ ശ്രമിക്കുകയാണോ?
എ.ഐ മോഡലുകളുടെ പരിശീലനത്തിനായി 1,408 Ascend 950 പ്രോസസറുകളും 600 Ascend 950 അല്ലെങ്കിൽ പഴയ 910B ചിപ്പുകളും നൽകാമെന്നാണ് ഹുവാവേയുടെ വാഗ്ദാനം. രണ്ട് കമ്പ്യൂട്ടിങ് ക്ലസ്റ്ററുകളുടെ നിർമാണത്തിനാണ് ഇവ ഉപയോഗിക്കുന്നത്. 12 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാമെന്നും കമ്പനി നിർദേശിച്ചിട്ടുണ്ട്. പദ്ധതി നടപ്പായാൽ ഹുവാവേയുടെ Ascend എ.ഐ പ്രോസസറുകൾ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന ആദ്യത്തെ കരാറായിരിക്കും ഇതെന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നത്. ഈ എ.ഐ ചിപ്പുകൾ സ്ഥാപിക്കുന്ന അടിസ്ഥാന സൗകര്യം സൈനിക ആവശ്യങ്ങൾക്കും നിരീക്ഷണത്തിനും മറ്റ് പൊതുമേഖലാ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ബ്ലൂംബർഗിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഇതേ സമയം ഹുവാവേയുടെ എ.ഐ ചിപ്പ് ടെൻഡറിന് ബദലായി അമേരിക്ക മറ്റൊരു നിർദേശം തയ്യാറാക്കുന്നുണ്ട്. എൻവിഡിയ (Nvidia), അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ് (AMD), മൈക്രോസോഫ്റ്റ് (Microsoft) തുടങ്ങിയ കമ്പനികൾ വഴിയായിരിക്കും അമേരിക്കയുടെ ബദൽ നിർദേശമെന്നാണ് റിപ്പോർട്ട്. നിലവിൽ എ.ഐ വികസനത്തിലും നിക്ഷേപത്തിലും ആഗോളതലത്തിൽ മുന്നിൽ നിൽക്കുന്നത് ചൈനയും അമേരിക്കയുമാണ്. എന്നാൽ ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള അന്തരം അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നത് മറ്റൊരു യാഥാർഥ്യം. നിക്ഷേപത്തിന്റെ കാര്യത്തിൽ ഇപ്പോഴും അമേരിക്കയാണ് മുന്നിലുള്ളതെങ്കിലും 2025ൽ അമേരിക്കൻ കമ്പനികൾ സ്വകാര്യ എ.ഐ നിക്ഷേപമായി 285.9 ബില്യൺ ഡോളർ ചെലവഴിച്ചപ്പോൾ ചൈനയിൽ ഇതിനായി ചെലവായ തുകയാകട്ടെ 12.4 ബില്യൺ ഡോളറും.
എ.ഐ ഡാറ്റ സെന്റർ ആർക്കാണ് ഗുണം ചെയ്യുക?
ഡാറ്റ സെന്ററുകൾക്ക് വലിയ അളവിൽ വൈദ്യുതിയും വെള്ളവും ആവശ്യമാണ്. ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ സംവിധാനങ്ങൾ തണുപ്പിക്കാൻ വലിയ തോതിൽ വെള്ളവും ഊർജവും വേണ്ടിവരുന്നതാണ് ഇതിന് കാരണം. ജലക്ഷാമവും വായുമലിനീകരണവും നേരിടുന്ന ഈജിപ്തിന് ഈ പദ്ധതി വലിയ വെല്ലുവിളിയായേക്കാം. രാജ്യത്തെ ശരാശരി ജലവിഹിതം പ്രതിവർഷം 500 ക്യുബിക് മീറ്ററിൽ താഴെയാണെന്ന് ഈജിപ്ഷ്യൻ സർക്കാർ കണക്കുകൾ പറയുന്നു. ഐക്യരാഷ്ട്രസഭ കണക്കാക്കുന്ന ജലദാരിദ്ര്യ പരിധിയുടെ പകുതിയിൽ താഴെയാണിത്. ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോ ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളിൽ ഒന്നാണ്. ഈ സാഹചര്യത്തിൽ പുതിയ എ.ഐ ഡാറ്റ സെന്റർ മലിനീകരണത്തിന്റെ തോത് കൂടുതൽ വഷളാക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ജലക്ഷാമം രാജ്യത്തെ പ്രധാന പ്രശ്നമാണെങ്കിലും പദ്ധതിക്ക് ആവശ്യമായ വെള്ളവും ഊർജവും നൽകാൻ സർക്കാർ സാധ്യമായത് ചെയ്തേക്കാമെന്ന് ഈജിപ്ഷ്യൻ രാഷ്ട്രീയ വിശകലന വിദഗ്ധൻ മാഗെദ് മന്ദൂർ അറിയിച്ചു.
എ.ഐ ഡാറ്റ സെന്ററിനായി ചൈന ഈജിപ്തിനെ തിരഞ്ഞെടുത്തത് എന്തുകൊണ്ട്?
പ്രധാന കാരണം ഈജിപ്തിന്റെ ഭൂമിശാസ്ത്രപരമായ ഘടനയാണ്. സൂയസ് കനാൽ നിയന്ത്രിക്കുന്ന ഈജിപ്ത് ആഫ്രിക്ക, മധ്യപൂർവദേശം, യൂറോപ്പ്, ഏഷ്യ എന്നീ മേഖലകളുടെ സംഗമസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ചൈനീസ് കമ്പനികൾക്ക് വലിയൊരു വിപണിയായി മാറാനും ചുറ്റുമുള്ള മേഖലകളിലേക്ക് ഉൽപന്നങ്ങൾ എത്തിക്കുന്നതിനുള്ള പ്രധാന നിർമാണ-വിതരണ കേന്ദ്രമായി പ്രവർത്തിക്കാനും ഈജിപ്തിന് കഴിയും. പ്രദേശത്ത് തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലും ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന ആറ് മാസം നീണ്ട യുദ്ധത്തിനിടയിലും പ്രധാന ജലപാതയായ ഹുർമുസ് കടലിടുക്ക് അടച്ചതോടെ സൂയസ് കനാലിന്റെ പ്രാധാന്യം കൂടുതൽ വർധിച്ചു. ബദൽ ചരക്ക് ഗതാഗത പാത എന്ന നിലയിൽ സൂയസ് കനാൽ ഇന്ന് കൂടുതൽ പ്രാധാന്യമർഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.