വാഷിങ്ടൺ: പശ്ചിമേഷ്യയിൽ വീണ്ടും സായുധ പോരാട്ടം കനക്കുന്നു. ഇറാന്റെ സാമ്പത്തിക നട്ടെല്ലായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ അമേരിക്ക നീക്കം തുടങ്ങിയതോടെ മേഖല അതിഭീകരമായ യുദ്ധസാഹചര്യത്തിലേക്ക് നീങ്ങുകയാണ്. നിലവിൽ അമേരിക്കൻ നാവികസേനയുടെ വൻ സന്നാഹം ദ്വീപിന് സമീപത്തേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
ഇറാന്റെ ആകെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഖാർഗ് ദ്വീപ് വഴിയാണ്. പ്രതിദിനം 15 ലക്ഷം ബാരലോളം എണ്ണയാണ് ഇവിടെനിന്ന് പ്രധാനമായും ചൈനയിലേക്ക് കയറ്റി അയക്കുന്നത്. ഇറാന്റെ സാമ്പത്തിക സ്രോതസ്സ് അടച്ചുപൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഭരണകൂടം ഈ തന്ത്രപ്രധാന ദ്വീപിനെ ലക്ഷ്യമിടുന്നത്. ഖാർഗ് പിടിച്ചെടുക്കുന്നതോടെ ഇറാനെ ചർച്ചക്ക് നിർബന്ധിതരാക്കാമെന്നും ഹുർമുസ് കടലിടുക്ക് വീണ്ടും തുറപ്പിക്കാമെന്നുമാണ് അമേരിക്കൻ കണക്കുകൂട്ടൽ.
അമേരിക്കൻ നീക്കത്തെ ചെറുക്കാൻ സർവ്വസന്നാഹങ്ങളുമായി ഇറാൻ തയാറെടുക്കുകയാണ്. വിമാനങ്ങളെ വെടിവെച്ചിടാൻ ശേഷിയുള്ള മാൻപാഡുകൾ ഉൾപ്പെടെയുള്ള മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ദ്വീപിലേക്ക് മാറ്റിയിട്ടുണ്ട്. ഇറാന്‍റെ പരമാധികാരത്തിന് മേൽ കൈവെച്ചാൽ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുന്നറിയിപ്പ് നൽകി.
ജപ്പാനിലെ ഒകിനാവയിൽ നിന്നുള്ള 2,200 യു.എസ് മറീനുകൾ യു.എസ്.എസ് ട്രിപ്പോളി എന്ന കപ്പലിന്‍റെ നേതൃത്വത്തിൽ ഖാർഗ് ലക്ഷ്യമാക്കി നീങ്ങുകയാണ്. ഇറാൻ മുട്ടുമടക്കിയെന്നും അവരുടെ നാവിക-ആശയവിനിമയ സംവിധാനങ്ങൾ തകർത്തെന്നുമാണ് ഡോണാൾഡ് ട്രംപ് അവകാശപ്പെടുന്നത്. എന്നാൽ, ഇറാൻ മണ്ണിലിറങ്ങി യുദ്ധം ചെയ്യുന്നത് അമേരിക്കൻ സൈന്യത്തിന് വൻ നാശനഷ്ടങ്ങൾ വരുത്തിവെക്കുമെന്ന് മുൻ നാറ്റോ കമാൻഡർ അഡ്മിറൽ ജെയിംസ് സ്റ്റാവ്രിഡിസ് മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, ഇറാന്റെ മേലുള്ള ഈ സൈനിക നീക്കത്തിന് അമേരിക്കക്കുള്ളിൽ തന്നെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്യൂ റിസർച്ച് സെന്ററിന്റെ പഠനമനുസരിച്ച് 61 ശതമാനം അമേരിക്കക്കാരും ട്രംപിന്റെ യുദ്ധനയത്തോട് വിയോജിപ്പുള്ളവരാണ്. ഗൾഫ് രാജ്യങ്ങളും ഈ നീക്കത്തിൽ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു യുദ്ധമുണ്ടായാൽ അത് ആഗോള ഇന്ധന വിപണിയെ തകർക്കുമെന്നും ക്രൂഡ് ഓയിൽ വില കുതിച്ചുയരുമെന്നും സാമ്പത്തിക വിദഗ്ധർ ഭയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.